News in its shortest

തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തെ മാതൃകാ സമൂഹമാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍


തൊഴിലാളികളോടും തൊഴിലെടുത്ത് അവശരായവരോടും മറ്റ് അവശവിഭാഗങ്ങളോടും സംസ്ഥാനം പുലര്‍ത്തിയിട്ടുള്ള പരിഗണനയാണ് കേരളത്തെ ലോകത്തിനുമുന്നില്‍ അഭിമാനകരമായ ഒരു മാതൃകാസമൂഹമായി തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ള് വ്യവസായ തൊഴിലാളികള്‍ക്കുള്ള വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ശ്രീനാരായണാ സെന്റിനറി ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളി ക്ഷേമ കാര്യത്തില്‍ എന്തു ചെയ്യുന്നു എന്നതാണ് ഏതു സംവിധാനത്തെയും പുരോഗമനസ്വഭാവമുളളതാണോ അല്ലാത്തതാണോ എന്നു കണ്ടെത്താനുള്ള മുഴക്കോല്‍. ആ മുഴക്കോല്‍ കൊണ്ട് അളന്നാല്‍ ആരും മോശം പറയാത്ത ഏറെ നടപടികള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ നിരയില്‍ സ്ഥാനമുള്ള ഒരു പദ്ധതിയാണ് കള്ള് വ്യവസായ തൊഴിലാളികള്‍ക്ക് വേണ്ടി കേരളം നപ്പാക്കുന്നത്. സംസ്ഥാനത്തെ കള്ളുവ്യവസായ ത്തൊഴിലാളികളുടെ പെന്‍ഷനും ക്ഷേമാനുകൂല്യങ്ങളും സര്‍ക്കാര്‍ ഗണ്യമായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചു കഴിഞ്ഞു. കള്ളുവ്യവസായത്തൊഴിലാളികള്‍ക്ക് ആദ്യം അനുവദിച്ച പെന്‍ഷന്‍ നൂറു രൂപമാത്രമായിരുന്നു. പിന്നീട് ഇടതുമന്ത്രിസഭ അത് 500 രൂപ ആക്കി ഉയര്‍ത്തി. എല്ലാ ക്ഷേമപ്പെന്‍ഷനും കുറഞ്ഞത് 1000 രൂപ ആക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതു നടപ്പാക്കിയ സര്‍ക്കാര്‍ അടുത്ത പടിയായി ക്ഷേമപെന്‍ഷന്‍ 1100 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. നിലവില്‍ കള്ളുവ്യവസായ ക്ഷേമനിധിബോര്‍ഡും പെന്‍ഷനായി നല്‍കിയിരുന്നത് 1100 രൂപയാണ്. ഇപ്പോള്‍ അത് ഒറ്റയടിക്ക് സേവനകാലത്തിനനുസരിച്ച് ആറുസ്ലാബുകളായി തിരിച്ച് 2000 മുതല്‍ 5000 വരെ രൂപയാക്കി ഉയര്‍ത്തുകയാണ്. ഫാമിലി പെന്‍ഷന്‍ ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുകയാണ്. തൊഴിലാളി ക്ഷേമം ലാക്കാക്കി തെന്നയാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശമ്പളവും പെന്‍ഷനും നല്‍കുന്നതിനെപ്പറ്റിയാണ് കേരളത്തില്‍ ഇപ്പോള്‍ ചിലര്‍ പരാതി പറയുന്നത്. അതൊക്കെ ഉല്പാദനകരമല്ലാത്ത ചെലവാണെന്നാണ് അവരുടെ നിലപാട്. അത്തരക്കാര്‍ മുതലാളിത്തത്തിന്റെയും അതിന്റെ മൂലധനത്തിന്റെയും ഭാഷ സംസാരിക്കുകയും അവയുടെ വികസന കാഴ്ചപ്പാടു വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണ്. മുതലാളിത്തത്തിന്റെ പറുദീസകളായ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇത്തരക്കാര്‍ സന്ദര്‍ശിക്കണം. അവിടങ്ങളില്‍ പോലും മിക്കയിടത്തും വളരെ ശക്തമായ സാമൂഹിക സുരക്ഷാശൃംഖലയാണുള്ളത്. നിശ്ചിത പ്രായം കഴിഞ്ഞവര്‍ക്കായി അവിടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. അവിടങ്ങളില്‍ ചികിത്സയും യാത്രയുമടക്കം മിക്ക സേവനങ്ങളും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാണ്. ഇത്തരം നപടികള്‍ ഏതു പരിഷ്‌കൃതസമൂഹത്തിന്റയും ഉത്തരവാദിത്തമാണ്. നല്ലപ്രായം മുഴുവന്‍ മണ്ണില്‍ പണിതും റോഡു വെട്ടിയും കനാല്‍ കുഴിച്ചും ട്രക്കോടിച്ചുമൊക്കെ നാടിനു വേണ്ടതെല്ലാം ഉല്പാദിപ്പിച്ചും എത്തിച്ചും തന്നവര്‍ക്ക് ആശ്വാസ നടപടികള്‍ കൈകൊള്ളുമ്പോള്‍ ഉല്പാദനകരമല്ലാത്ത ചെലവ് എന്ന് ആക്ഷേപിക്കുന്നതു മനുഷ്യത്വത്തിനു നിരക്കുന്നല്ല. കര്‍ഷകത്തൊഴിലാളി പെന്‍ഷനടക്കമുള്ളവയെ പ്രത്യുല്‍പ്പാദനകരമല്ലാത്ത ചെലവ് എന്ന് ആക്ഷേപിക്കുന്നവര്‍ 85,000 കോടി ഒറ്റയടിക്ക് കിട്ടാക്കടമായി എഴുതിത്തള്ളി കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെക്കുറിച്ച് മിണ്ടുന്നില്ല എന്നതാണ് കാണേണ്ടത്. പാവപ്പെട്ടവര്‍ക്ക് പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാന്‍ സ്വീകരിക്കുന്ന ആശ്വാസനടപടിയെ വിമര്‍ശിക്കുന്ന മനോഭാവം മാറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യശുശ്രൂഷയുടെയും വിദ്യാഭ്യാസത്തിന്റെയും റോഡിന്റെയും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും വാഹനഗതാഗതത്തിന്റെയും വികസനപ്രവര്‍ത്തനങ്ങളുടെയുമൊക്കെ ഗുണഫലങ്ങള്‍ എത്തിച്ചുതരാന്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാജീവനക്കാര്‍ക്കും സേവനാനന്തരകാലം പെന്‍ഷന്‍ കൊടുക്കുന്നതുപോലെ തന്നെ മെച്ചപ്പെട്ട പെന്‍ഷന്‍ നല്‍കി സമൂഹം സംരക്ഷിക്കേണ്ടവരാണ് ഓരോ തൊഴില്‍മേഖലയിലും പണിയെടുത്ത് അവശരായി വിരമിക്കുന്നവരും. അവരെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞെന്നും ഇനി അവര്‍ തുലഞ്ഞുപോകട്ടെയെന്നുമുള്ള നിലപാടല്ല കേരള സര്‍ക്കാരിന്റേത്. അവര്‍ക്ക് കഴിവിന്റെ പരമാവധി സഹായം ലഭ്യമാക്കണം എന്നുതന്നെയാണ് ഈ സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അര്‍ഹമായ സാമൂഹികക്ഷേമപ്പെന്‍ഷന്‍ നല്‍കാനുള്ള വിഭവം ഇന്ന് കേരളത്തിനില്ല. അതുകൊണ്ടുമാത്രമാണ് അവര്‍ക്കുള്ള പെന്‍ഷന്‍ പരിമിതമായ തുകകളില്‍ ഒതുങ്ങി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭൂപരിഷ്‌ക്കരണത്തിലൂടെ എല്ലാവര്‍ക്കും ഭൂമിയും ഒരു വീടും കൈവന്നപ്പോള്‍ അവര്‍ക്കുണ്ടായ ആത്മാഭിമാനം മാത്രമല്ല, അത് അവരുടെ ജീവിതത്തിലും കുട്ടികളുടെ വിദ്യാഭ്യാസത്തിലുമൊക്കെ വരുത്തിയ ഗുണപരമായ മാറ്റവും ഈ മാതൃകാസമൂഹത്തിന്റെ അടിത്തറയാണ്. വിപുലമായ പൊതുജനാരോഗ്യ, പൊതുവിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കുകവഴി ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്കുവരെ ആരോഗ്യവും വിദ്യാഭ്യാസവും കേരളം ഉറപ്പാക്കി. ശക്തമായ പൊതുവിതരണശൃംഖലയാണ് ഈ വിപ്ലവമാറ്റത്തിന്റെ മറ്റൊരു ആധാരശില.

അതിന്റെ അടുത്ത പടിയായിരുന്നു ചില തൊഴിലാളിവിഭാഗങ്ങള്‍ക്കു നല്‍കിയ പെന്‍ഷനുകള്‍. വാര്‍ദ്ധക്യപ്പെന്‍ഷനും വിധവാപ്പെന്‍ഷനും തൊഴിലില്ലായ്മാ വേതനവും ഒക്കെയായി ആ ക്ഷേമശൃംഖല വളര്‍ന്നു. 60 കഴിഞ്ഞ മുഴുവന്‍ കേരളീയരെയും സമഗ്രമായ സാമൂഹിക സുരക്ഷാശൃംഖലയ്ക്കു കീഴില്‍ കൊണ്ടു വരിക എതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യം.അതിന്റെ ഭാഗമായി പെന്‍ഷന് അര്‍ഹതയുള്ള വരുടെ മുഴുവന്‍ കൃത്യമായ കണക്കുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇനി പടിപടിയായി തുക ഉയര്‍ത്തും.

പെന്‍ഷനുകള്‍ നല്‍കുന്നതിലൂടെ മാത്രമല്ല സാമൂഹികക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വീടും തൊഴിലും ഇല്ലാത്ത എല്ലാവര്‍ക്കും മോശമല്ലാത്ത വീടും ജീവനോപാധിയും ഉറപ്പാക്കാനുള്ള ലൈഫ് മിഷന്റെ പ്രവര്‍ത്തനം മുന്നേറുകയാണ്. കുറഞ്ഞ ചെലവില്‍ അടിസ്ഥാനസേവനങ്ങള്‍ മികച്ച ഗുണമേന്മയോടെ ലഭ്യമാക്കുക എന്നതാണ് ഇതിനു സര്‍ക്കാര്‍ കാണുന്ന മാര്‍ഗ്ഗം.

അതിനാണ് ആര്‍ദ്രം എന്ന പേരില്‍ രോഗീസൗഹൃദ ആരോഗ്യ സംവിധാനങ്ങള്‍ വികസിപ്പിക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പദ്ധതി നടപ്പാക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാന്‍ സ്‌കൂളുകളില്‍ ഹൈടെക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.അതിനിണങ്ങുന്ന പഠനബോധനരീതികളും സാമഗ്രികളും ആവിഷ്‌ക്കരിക്കും. ഇതിനൊക്കെയായുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അടിസ്ഥാന ജനവിഭാഗങ്ങളെയും സാധാരണക്കാരെയും സഹായി ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. വിപണി ഇടപെടലുകള്‍ നടത്തുന്നതും ഈയൊരു സമീപനത്തിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമപ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചു കൊണ്ടുവരുമ്പോള്‍ അവയെ അട്ടിമറിക്കുന്ന ചില നടപടികള്‍ ആകസ്മികമായി ഉണ്ടാകുന്നത് പലപ്പോഴും തിരിച്ചടിയാകുന്നു. കള്ളുവ്യവസായത്തൊഴിലാളികള്‍ അടക്കമുള്ള മദ്യവ്യവസായ ത്തൊഴിലാളികളുടെ കാര്യത്തില്‍ ഇത്തരത്തില്‍ ഏറ്റ ഇരുട്ടടിയായിരുന്നു ഇടക്കാലത്തു നടപ്പാക്കിയ മദ്യശാലകള്‍ അടച്ചുപൂട്ടല്‍. വീണ്ടുവിചാരമില്ലാത്ത ആ നടപടി നാട്ടില്‍ വ്യാജമദ്യവും അനധികൃത മദ്യവില്പനയും പൊതുസ്ഥലത്തെ മദ്യപാനവും മയക്കുമരുന്നുപയോഗവും എല്ലാം വ്യാപകമാക്കിയതല്ലാതെ ലഹരി ഉപയോഗം കുറച്ചില്ല. മദ്യവ്യവസായരംഗത്തു പ്രവര്‍ത്തിച്ച് ഉപജീവനം നടത്തിപ്പോന്ന വലിയൊരുവിഭാഗം കുടംബങ്ങളെ ആ നടപടി അന്ന് അനുബന്ധമായി പട്ടിണിയിലേക്ക് എടുത്തെറിയുകയും ചെയ്തു. അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഈ രംഗത്തെ പ്രതിസന്ധികള്‍ ശാസ്ത്രീയമായി പഠിച്ച് പരിഹാരം കണ്ടെത്തും. മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കാനുള്ള വ്യാപകമായ പ്രചരണബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചുവരികയാണ്.

സര്‍ക്കാരുത്തരവു വഴി ആരുടെയും മദ്യപാനം നിര്‍ത്താനാവില്ല. ആവശ്യക്കാര്‍ അനധികൃതമദ്യം തേടിപ്പോകുന്ന സ്ഥിതി ഉണ്ടാവുന്നത് അനധികൃത മദ്യം നിര്‍മ്മിക്കുകയും കള്ളക്കടത്തുനടത്തുകയും രഹസ്യവില്പന നടത്തുകയുമൊക്കെ ചെയ്യുന്നവരുടെ ശൃംഖല വളര്‍ത്തും. അതു മാഫിയയായി വികസിക്കുകയും അതു വലിയ സാമൂഹികവിപത്തായി മാറുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. അത് തടയണമെങ്കില്‍ ആവശ്യക്കാര്‍ക്കു നിയമവിധേയമായി ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കേണ്ടതുണ്ട്. യഥാര്‍ഥ കള്ളിനെ പ്രോത്സാഹിപ്പിക്കുന്ന നപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക. വ്യാജന്‍മാരെയും വ്യാജതൊഴിലാളികളെയും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യോപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ നടപടിയും ആവശ്യമാണ്. വീര്യം കൂടിയ മദ്യം കഴിക്കുവരെ കള്ളും ബിയറും വൈനും പോലെയുള്ള വീര്യം കുറഞ്ഞ മദ്യങ്ങളിലേക്കു മാറ്റിക്കൊണ്ടുവരിക എന്നതും മദ്യവര്‍ജ്ജനത്തിനുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങളില്‍ ഒന്നായി ഈ രംഗത്തുള്ളവര്‍ നിര്‍ദ്ദേശിക്കുന്നു. ഇതെല്ലാം പരിഗണിച്ചുള്ള ശാസ്ത്രീയമായ മദ്യനയം സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുകയാണ്. വൈകാതെ അതു പ്രഖ്യാപിക്കാനാകും. അതോടൊപ്പം മദ്യവ്യവസായരംഗത്തു തൊഴിലെടുക്കുന്നവരുടെ ക്ഷേമം ഉറപ്പുവരുത്താനും നടപടിയുണ്ടാകും. ആ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പാണ് ഇപ്പോള്‍ ക്ഷേമനിധിബോര്‍ഡ് കൈക്കൊണ്ടിട്ടുള്ളത്. വികസനവും ക്ഷേമവും ഒരുപോലെ പ്രധാനമാണെന്നു മനസിലാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന തൊഴില്‍, എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സമാന സ്വഭാവമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ അംഗത്വത്തിന്റെയും സാമ്പത്തിക സ്ഥിതിയുടേയും അിസ്ഥാനത്തില്‍ സംയോജിപ്പിച്ച് ശാക്തീകരിക്കും. അംശദായം കാലികമായി വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ക്ഷേമനിധി പദ്ധതികളിലെ അംശദായം അടയ്ക്കുന്നതിനും ആനൂകൂല്യവിതരണത്തിനും ഏകജാലക സംവിധാനം കൊണ്ടുവരും. കള്ള് ചെത്ത് മേഖലയില്‍ ജോലിക്കനുസരിച്ചുള്ള വേതനവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

കള്ള് ചെത്ത് തൊഴിലാളികളുടെ സേവന കാലമനുസരിച്ച് ആറു സ്‌ളാബുകളായി ഉയര്‍ത്തിയ പെന്‍ഷന്‍ അനുസരിച്ച് 15 വര്‍ഷം വരെ ജോലി നോക്കിയവര്‍ക്ക് ഇനി മുതല്‍ 2000 രൂപ പെന്‍ഷന്‍ ലഭിക്കും. 15 മുതല്‍ 20 വര്‍ഷം വരെയുള്ളവര്‍ക്ക് 2500 രൂപയും 20 മുതല്‍ 25 വര്‍ഷക്കാര്‍ക്ക് 3000 രൂപയും 25 മുതല്‍ 30 വരെ സര്‍വ്വീസുള്ളവര്‍ക്ക് 3500 രൂപയും 30 മുതല്‍ 35 വരെയുള്ളവര്‍ക്ക് 4500 രൂപയും 35 ന് മേല്‍ സര്‍വ്വീസുള്ളവര്‍ക്ക് 5000 രൂപയും പെന്‍ഷനായി ലഭിക്കും. തൊഴിലാളി മരിച്ചാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കള്ള് അളക്കു തൊഴിലാളികള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. പ്രായാധിക്യം മൂലം സര്‍വ്വീസില്‍ നിന്നും പിരിയുന്ന ഏറ്റവുമധികം സര്‍വ്വീസുള്ള ഒരു തൊഴിലാളിക്ക് 50,000 രൂപയും സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് രണ്ട് ലക്ഷം രൂപ ധനസഹായമുള്‍പ്പെടെ നിരവധി ആനൂകൂല്യങ്ങള്‍ ബോര്‍ഡ് നടപ്പാക്കി വരുന്നുണ്ടെും മന്ത്രി പറഞ്ഞു.

കേരളത്തിലെ കള്ള് ചെത്ത് വ്യവസായ മേഖലയില്‍ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള കള്ള് മാത്രമേ വില്‍ക്കാന്‍ പാടുള്ളുവെന്നാണ് സര്‍ക്കാര്‍ നയം. ഇത് ഉറപ്പാക്കാന്‍ തൊഴിലാളികളും ഉടമകളും ശ്രദ്ധിക്കണം. കഴിയുന്ന മേഖലകളിലെല്ലാം കള്ളിന്റെ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത ആരായണം.

ലൈസന്‍സ് ചെയ്യാത്ത ഷാപ്പുകള്‍ തൊഴിലാളികളെ ഏല്‍പ്പിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കള്ള് വ്യവസായ മേഖലയില്‍ ലോബിയിംഗ് അനുവദിക്കില്ല. തൊഴിലാളി-തൊഴില്‍ പരിരക്ഷ എന്ന നയത്തില്‍ ഊന്നിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും തൊഴില്‍ മന്ത്രി പറഞ്ഞു. തൊഴില്‍ എന്ന നിലയില്‍ കള്ള് ഉദ്പാദിപ്പിക്കുന്ന ചെറുകിട ഉടമകളെ കൂടി തൊഴിലാളികള്‍ എന്ന ഗണത്തില്‍ കൊണ്ടു വരാനാകുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഏപ്രിലില്‍ ഷാപ്പ് ലൈസര്‍സ് പുതുക്കുന്നതിനുള്ള സമയമാണ്. ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനും തൊഴിലാളികള്‍ക്ക് ജോലിയുറപ്പാക്കുന്നതിനുമുള്ള സാഹചര്യമുണ്ടാകണം. സുപ്രീം കോടതിയില്‍ നടക്കുന്ന കേസുകളില്‍ ഷാപ്പുകള്‍ തുറന്നന്നു പ്രവര്‍ത്തിക്കണമെ നിലപാടാണ് കേരള സര്‍ക്കാരിന്റേതെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഷാപ്പുകളിലെ തൊഴിലാളികളെ ഉടമകളുടെ സഹകരണത്തോടെ ഇപ്പോള്‍ മറ്റ് ഷാപ്പുകളിലേക്ക് മാറ്റിയാണ് തൊഴില്‍ ഉറപ്പാക്കിയിരിക്കുന്നത്‌.

ടോഡിബോര്‍ഡ് നിയമ നിര്‍മാണ പ്രക്രിയയിലാണ് കേരള സര്‍ക്കാര്‍. വിദേശ മദ്യ മേഖല കൂടി ചേരുന്നതാണ് മദ്യനയമെന്നതിനാല്‍ പരമാവധി തൊഴിലാളികള്‍ക്ക് പരിരക്ഷ കിട്ടുന്ന തൊഴില്‍ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും കൂടിയാലോചനകളും നടത്തി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 4504 പേര്‍ ചടങ്ങില്‍ പെന്‍ഷന്‍ തുക ഏറ്റുവാങ്ങി. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി തുക വിതരണം ചെയ്യും.

ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ.പ്രദീപ്കുമാര്‍ എംഎല്‍എ, ബോര്‍ഡ് ഡയറക്ടര്‍മാരായ എന്‍.അഴകേശന്‍, ടി.കൃഷ്ണന്‍, ടി.എന്‍.രമേശന്‍, ബേബി കുമാരന്‍, പി.എ.ചന്ദ്രശേഖരന്‍, കൗസിലര്‍ ജയശ്രീ കീര്‍ത്തി, ഐആര്‍സി അംഗം വി.പി.ഭാസ്‌ക്കരന്‍, യൂണിയന്‍ ഭാരവാഹികളായ ടി.ദാസന്‍(സിഐടിയു), കെ.എന്‍.രമേശന്‍(ഐഎന്‍ടിയുസി), ഇ.സി.സതീശന്‍(എഐടിയുസി), ലൈസന്‍സി പ്രതിനിധി വി.കെ.അജിത്ബാബു എിവര്‍ ആശംസയര്‍പ്പിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ കെ.എം.സുധാകരന്‍ സ്വാഗതവും അഡീ.ലേബര്‍ കമ്മീഷണറും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുമായ എ.അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു.

Comments are closed.