News in its shortest

കോഹ്ലിയുടെ പടയോട്ടത്തില്‍ തകര്‍ന്ന റെക്കോര്‍ഡുകള്‍


വിരാട് കോഹ്ലിയൊരു റണ്‍ മെഷീന്‍ ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവുമില്ല. അതിനാലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആറാം ഏകദിനത്തില്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കി കൊണ്ട് വീണ്ടുമൊരു സെഞ്ച്വറി തികച്ചപ്പോള്‍ ആരും അത്ഭുതപ്പെടാതിരുന്നത്. ആതിഥേയരെ 5-1-ന് തകര്‍ത്ത് പരമ്പര സ്വന്തമാക്കിയപ്പോള്‍ കോഹ്ലി തകര്‍ത്തെറിഞ്ഞത് ഒരു കൂട്ടം റെക്കോര്‍ഡുകള്‍ കൂടിയാണ്. അവസാനത്തെ ഏകദിനത്തില്‍ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ കോഹ്ലി നേടിയത് കരിയറിലെ 35-ാം സെഞ്ച്വറിയാണ്. 82 പന്തില്‍ നിന്നും 17 ബൗണ്ടറികളോടെയാണ് കോഹ്ലി നൂറ് തികച്ചത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 309 മത്സരങ്ങളില്‍ നിന്നാണ് 35 സെഞ്ച്വറി തികച്ചത്. കോഹ്ലിയാകട്ടെ 200 ഇന്നിങ്‌സുകള്‍ മാത്രമേയെടുത്തിട്ടുള്ളൂ.

ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി കോഹ്ലി ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ. സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെങ്കിലും അത് ദ്വിരാഷ്ട്ര പരമ്പരയായിരുന്നില്ല. ഗാംഗുലി ദക്ഷിണാഫ്രിക്കയില്‍ 2003-ല്‍ നടന്ന ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ലക്ഷ്മണാകട്ടെ ഓസ്‌ത്രേലിയയില്‍ 2004-ല്‍ നടന്ന വിബി സീരീസില്‍ മൂന്ന് സെഞ്ച്വറികള്‍ അടിച്ചിട്ടുണ്ട്.

ഇതൊന്നും കൂടാതെ ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയില്‍ 500-ല്‍ അധികം റണ്‍സ് നേടുന്ന താരമായി കോഹ്ലി. ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് നേരത്തെ ഇന്ത്യന്‍ താരമായ രോഹിത് ശര്‍മ്മയ്ക്കായിരുന്നു. ഓസ്‌ത്രേലിയക്ക് എതിരെ 491 റണ്‍സ് ശര്‍മ്മ നേടിയിട്ടുണ്ട്.

ഒരു ക്യാപ്റ്റന്‍ ദ്വിരാഷ്ട്ര പരമ്പരയില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡും ഇപ്പോള്‍ കോഹ്ലിക്ക് സ്വന്തം. 2013-14-ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ ഓസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്‌ലിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഇപ്പോള്‍ കോഹ്ലിയാണ്. 2005-ല്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സ്ണ്‍ നേടിയ 454 റണ്‍സായിരുന്നു പഴങ്കഥയായ റെക്കോര്‍ഡ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.