News in its shortest

സിദ്ധാര്‍ത്ഥിന്റെ മരണം: മുന്‍എംഎല്‍എ സികെ ശശീന്ദ്രന്‍ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല

കോഴിക്കോട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണം നിഷ്പക്ഷമായി അന്വേഷിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പിയെ മുന്‍ എംഎല്‍എ സി.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഡിസിസിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂക്കോട് എസ്എച്ച്ഒ ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ച കേസാണ് ഡിവൈഎസ്പി അന്വേഷിച്ചപ്പോള്‍ പുരോഗമനമുണ്ടായത്. ഇതിനെ തുടര്‍ന്നാണ് ശശീന്ദ്രനും സിപിഎം നേതാക്കളും അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയത്. കേസിലെ പ്രതികളെ തുടക്കം മുതല്‍ സിപിഎം സംരക്ഷിക്കുകയായിരുന്നു. പ്രതികളെ മുഴുവന്‍ കല്‍പ്പറ്റയിലെ സിപിഎം ഓഫിസിലാണ് ഒളിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

സര്‍വകലാശാലയിലെ ഡീന്‍ നാരായണനെ മന്ത്രി ചിഞ്ചുറാണി സംരക്ഷിക്കുകയാണ്. സിപിഐ അനുഭാവമുള്ള സംഘടനയില്‍പ്പെട്ട ആളാണ് ഡീന്‍ നാരായണന്‍. ഡീന്‍ നാരായണന് കേസിലുള്ള പങ്കു കൂടി തെളിയേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്എഫ്‌ഐയുടെ മേല്‍വിലാസത്തില്‍ ക്യാംപസില്‍ തേര്‍വാഴ്ച നടത്തുകയാണ്. അതിന് സിപിഎം അനുകൂല അധ്യാപകരുടെ പരസ്യപിന്തുണയുമുണ്ട്. കോളജില്‍ എസ്എഫ്‌ഐയുടെ ഇടിമുറിയുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് റാഗിംങിന് ഇരകളാവുന്നത്. സിദ്ധാര്‍ഥിന് എസ്എഫ്‌ഐയില്‍ ചേരാന്‍ സമ്മര്‍ദ്ധമുണ്ടായിരുന്നതായാണ് മാതാപിതാക്കള്‍ പറഞ്ഞത്.

കൊലപ്പെടുത്തിയതിന് ശേഷം വിദ്യാര്‍ഥിയെ മുറിയില്‍ കെട്ടിതൂക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ സ്പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ രൂപീകരിച്ച് നിഷ്പക്ഷമായും നീതിപൂര്‍വമായും അന്വേഷിക്കണം. പ്രതികളെ സംരക്ഷിക്കുന്ന പക്ഷം കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ഇതേ കോളജില്‍ മുന്‍പ് ഒരു വിദ്യാര്‍ഥി അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ അമ്മയും ആത്മഹത്യ ചെയ്തു. ഈ സംഭവവും അന്വേഷിക്കണം. ടി.പി.ചന്ദ്രശേഖരന്റെ കേസില്‍ എടുത്ത അതേ നിലപാട് തന്നെ ഇവിടെയും സിപിഎം സ്വീകരിക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ കൊല്ലുകയും കൊന്നവരെ തള്ളിപ്പറയുകയും പിന്നീട് അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. സിദ്ധാര്‍ഥിന്റെ കുടുംബത്തിന് പിന്തുണ നല്‍കുമെന്നും ഇന്ന് പൂക്കോട് സന്ദര്‍ശിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല.

കേരളത്തിലെ ഏതെങ്കിലും ഒരു സീറ്റില്‍ നിന്ന് ജയിക്കാന്‍ നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്‍, പി.എം അബ്ദു റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

സിദ്ധാര്‍ത്ഥിന്റെ മരണം: മുന്‍എംഎല്‍എ സികെ ശശീന്ദ്രന്‍ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല

Comments are closed.