News in its shortest

ദളിത് ജനവിഭാഗത്തോട് കേന്ദ്രസര്‍ക്കാരന് ശത്രുതാപരമായ സമീപനം: മുഖമന്ത്രി

ആദിവാസി-ദളിത് വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നടത്തിയ മുഖാമുഖത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം.

ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യപുരോഗതിയില്‍ നിന്ന് വളരെ പിന്നിലേക്ക് എടുത്തെറിയപ്പെട്ടവരാണ് എസ് സി, എസ് ടി വിഭാഗങ്ങളിലുള്ളത്. ചരിത്രപരമായ കാരണങ്ങള്‍ എന്നു പറയുന്നത് സ്വയം ഉണ്ടായി വന്നതല്ല, മറിച്ച് ചാതുര്‍വര്‍ണ്യ – പൗരോഹിത്യ വ്യവസ്ഥ നമ്മുടെ സമൂഹത്തിനു മേല്‍ നിക്ഷിപ്ത താല്‍പര്യങ്ങളോടെ അടിച്ചേല്‍പ്പിച്ചവയാണ്. അതിന്റെ നുകം വലിച്ചെറിയുക എന്നതായിരുന്നിട്ടുണ്ട് ആധുനിക സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം. അത് വലിയ ഒരളവില്‍ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടുള്ള സമൂഹമാണ് കേരളത്തിലേത്. 

ചാതുര്‍വര്‍ണ്യ വ്യവസ്ഥ പ്രകാരമുള്ള നാല് വര്‍ണ്ണങ്ങളിലും പെടാതിരുന്നവരാണ് എസ് സി, എസ് ടി വിഭാഗങ്ങളിലുള്ളത്. അതുകൊണ്ടുതന്നെ ആയിരത്താണ്ടുകളായി മനുഷ്യരായിപ്പോലും കണക്കാക്കപ്പെടാതിരുന്നവരാണ്. അങ്ങനെയുള്ളവര്‍ക്കാകെ ഇതര മനുഷ്യര്‍ക്ക് കിട്ടുന്ന എല്ലാ പരിഗണനകളും അവകാശങ്ങളും കിട്ടണമെന്ന ആവശ്യവുമായി ഇന്ത്യന്‍ സമൂഹം സഞ്ചരിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. അയ്യങ്കാളി മുതല്‍ അംബേദ്കര്‍ വരെയുള്ളവരുടെ പേരുകള്‍ ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതാണ്. 

മഹാരാഷ്ട്രയില്‍ ജ്യോതിഭാ ഫൂലെ, സാവിത്രിബായ് ഫൂലെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നതടക്കമുള്ള നവോത്ഥാന പോരാട്ടങ്ങളെക്കുറിച്ച് നമുക്കറിയാം. തമിഴ്‌നാട്ടില്‍ ഇ വി രാമസ്വാമി നായ്ക്കരുടെയും മറ്റും നേതൃത്വത്തില്‍ നടന്ന ജാതിവിരുദ്ധ പ്രസ്ഥാനങ്ങളെക്കുറിച്ചും നമുക്കറിയാം. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന മറ്റു പല സമരങ്ങളെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ ഫലങ്ങളും കേരളത്തില്‍ ഉണ്ടാക്കിയ ഫലങ്ങളും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്.

വടക്കന്‍ സംസ്ഥാനങ്ങളിലെ, എന്തിന്, മഹാരാഷ്ട്രയിലെ പോലും നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്തൊക്കെ നേട്ടങ്ങളുണ്ടാക്കിയോ അതൊക്കെ പിന്നീടുവന്ന ഒരു ഘട്ടത്തില്‍ ഏതാണ്ട് എല്ലാം  മാഞ്ഞുപോകുന്നതും ആ സംസ്ഥാനങ്ങള്‍ പലതും പഴയ അന്ധകാര അവസ്ഥയിലേക്കു തിരികെ പോകുന്നതുമാണ് ആധുനിക കാലത്ത് നാം കാണുന്നത്.  പക്ഷെ  കേരളത്തില്‍ ഈ ദുരന്തമുണ്ടായില്ല. നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്തൊക്കെ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തോ ആ അവകാശങ്ങളെല്ലാം സംരക്ഷിച്ചുകൊണ്ട് സമൂഹം മുന്നേറുന്നതാണ് കേരളത്തില്‍ കണ്ടത്.

കേരളത്തില്‍ ഈ വ്യത്യാസം എങ്ങനെയുണ്ടായി? അതിന് ഒരു ഉത്തരമേയുള്ളു. നവോത്ഥാന പ്രസ്ഥാനങ്ങളുണ്ടാക്കിയ മാറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍, അവയെ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാന്‍ ഒക്കെ ഇവിടുത്തെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിഷ്‌ക്കര്‍ഷ കാട്ടി. അതായത് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ തുടര്‍ച്ചയുണ്ടാകുന്ന സ്ഥിതിയുണ്ടായി. അതുകൊണ്ടുതന്നെ അയ്യങ്കാളിയെപ്പോലെയുള്ളവര്‍ നിന്നിടത്തു നിന്ന് തിരികെപ്പോവുകയല്ല, പകരം മുന്നോട്ടുപോവുകയാണ് നമ്മള്‍ ചെയ്തത്.

അത് ഉറപ്പുവരുത്തിയത് ഇവിടുത്തെ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. കാര്‍ഷിക – ഭൂ – ബന്ധങ്ങള്‍ അഴിച്ചുപണിതതും ആത്മാഭിമാനമുള്ള ജനത എന്ന നിലയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ശാക്തീകരിച്ചതും നവോത്ഥാനത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ടു കടന്നുവന്ന സവിശേഷ രാഷ്ട്രീയമാണ്. രാഷ്ട്രീയ രംഗത്തെ ഈ സവിശേഷത ഇല്ലായിരുന്നുവെങ്കില്‍ കേരളവും നേരത്തെ പറഞ്ഞ  സംസ്ഥാനങ്ങളുടെ വഴിക്കാവുമായിരുന്നു. രാഷ്ട്രീയ ഇടപെടലിന്റെ ഫലമായാണ് ദുര്‍ബല വിഭാഗങ്ങള്‍ കുടികിടപ്പ് ഭൂമിയില്‍ നിന്ന് കുടുംബത്തോടൊപ്പം പറിച്ചെറിയപ്പെടില്ല എന്ന സ്ഥിതിയുണ്ടായത്. അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാവും എന്ന സ്ഥിതിയുണ്ടായത്.

ആധുനിക ജനാധിപത്യ സമൂഹത്തിലെ ഈ രാഷ്ട്രീയ സംവിധാനമാണ് ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീ കൊടുക്കാതെ പഠിക്കാമെന്നും വാടക കൊടുക്കാതെ ഹോസ്റ്റലുകളില്‍ താമസിക്കാമെന്നും ഉള്ള അവസ്ഥയുണ്ടാക്കിയത്. അതിന്റെ ഫലമായാണ് കുട്ടികള്‍ പഠിച്ച് ഉയര്‍ന്നുവന്നത്. നവോത്ഥാനത്തിന് ഈ വിധത്തിലുള്ള രാഷ്ട്രീയ തുടര്‍ച്ച ഉണ്ടാകാതെ പോയ സംസ്ഥാനങ്ങളാകട്ടെ, നവോത്ഥാന പ്രസ്ഥാനം പകര്‍ന്ന വെളിച്ചം പോലും ഇല്ലാതാക്കുന്ന വിധത്തില്‍ പഴയ ഇരുട്ടിലേക്ക് വഴുതി വീണു.

കേരളത്തില്‍ ഉണ്ടായ ഈ മാറ്റം കൂടുതല്‍ ദൃഢീകരിച്ച് പുതിയ കാലത്തിന് അനുസൃതമാക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. ഒരു പുതിയ വിജ്ഞാന സമൂഹം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് നവകേരള സദസ്സിന്റെ ഭാഗമായി നേരത്തെ പറഞ്ഞിരുന്നല്ലൊ.  ഈ മുഖാമുഖം പരിപാടി ഈ വഴിക്കുള്ള നിങ്ങളുടെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ശേഖരിക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്.

ഇത് ആദ്യമായല്ല നമ്മള്‍ ഇത്തരത്തില്‍ കണ്ടുമുട്ടുന്നത്. 2016 ല്‍ നവകേരള യാത്രയുടെ ഭാഗമായി വിവിധ ജില്ലകളില്‍ എത്തിയപ്പോള്‍ അതാത് ജില്ലകളിലെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതില്‍ നിങ്ങളില്‍ ചിലർ പങ്കാളികളായിരുന്നു. അതേത്തുടര്‍ന്നുള്ള ഘട്ടത്തില്‍ നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗങ്ങളില്‍ നിങ്ങളില്‍ പലരുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. പിന്നീട് 2021 ലും വിവിധ ജില്ലകളില്‍ വെച്ച് നാം കണ്ടുമുട്ടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ നവകേരള സദസ്സുകളുടെ ഭാഗമായി നിയമസഭാ മണ്ഡലങ്ങളില്‍ എത്തിയപ്പോഴും അതാത് മണ്ഡലങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളുമായി സംവദിച്ചിട്ടുണ്ട്. അവയിലും നിങ്ങളില്‍ പലരും സംബന്ധിച്ചിട്ടുണ്ട്. ഇത്തവണ ഓരോ ജനവിഭാഗവുമായും പ്രത്യേകമായി സംവദിച്ചുകൊണ്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സവിശേഷമായി ആരായാനാണ് ശ്രമിക്കുന്നത്.

ഇതൊരു തുടര്‍പ്രക്രിയയാണ് എന്നു നാം കാണണം. ഓരോ തവണ കണ്ടുമുട്ടിയപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ള വിഷയങ്ങളെ എല്ലാം ഗൗരവതരമായി തന്നെ സമീപിച്ചിട്ടുണ്ട്. ഇത്തവണയും അതുണ്ടാകും. തുടര്‍ന്നും അതുണ്ടാകും എന്നുറപ്പു തരട്ടെ.

ആത്യന്തികമായി നമ്മുടെ ലക്ഷ്യമെന്താണ്? കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും എല്ലാ കുടുംബങ്ങളുടെയും ഓരോ വ്യക്തിയുടെയും ജീവിതാവസ്ഥ മെച്ചപ്പെടണം. കേരളസമൂഹം ഒന്നടങ്കം അഭിവൃദ്ധിപ്പെടണം. ആ അഭിവൃദ്ധി നമ്മുടെ വരും തലമുറകള്‍ക്കുകൂടി പ്രയോജനപ്പെടുന്നു എന്നുറപ്പുവരുത്തുന്ന വിധത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണ്.

അവയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടാണ് മുന്നോട്ടുപോകാൻ ശ്രദ്ധിക്കുന്നത്. നവകേരള നിര്‍മ്മിതിയെ ഒരു ജനകീയ കര്‍മ്മപദ്ധതിയാക്കി മാറ്റുകയാണ്. തനിക്ക് പങ്കില്ല എന്ന് കേരളത്തിലെ ഒരൊറ്റ വ്യക്തിക്കുപോലും പറയാന്‍ കഴിയാത്ത വിധത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ഓരോ കേരളീയന്റെയും ഉത്തരവാദിത്തവും അഭിമാനബോധവും ആക്കി മാറ്റുകയാണ്. ആ നിലയ്ക്കാണ് ഈ മുഖാമുഖം പരിപാടിയിലെ നിങ്ങള്‍ ഓരോരുത്തരുടെയും പങ്കാളിത്തം പ്രസക്തമാകുന്നത്. ഒരു വ്യക്തിയോ ഒരു സര്‍ക്കാരോ അല്ല, നമ്മള്‍ എല്ലാവരും കൂടിച്ചേര്‍ന്നാണ് കേരളത്തെ നവകേരളമാക്കി പുനര്‍നിര്‍മ്മിക്കുക.

നവകേരള സൃഷ്ടിയിലേക്കു കടക്കുന്നതിനു മുമ്പുതന്നെ ഇത്തരം ഉള്‍ച്ചേര്‍ക്കല്‍ ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ചരിത്രഗതിയില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പിന്നോക്കമായിപ്പോയ വിഭാഗങ്ങളിലെ കുട്ടികളെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഒരു കുട്ടിക്ക് 28 ലക്ഷം രൂപ എന്ന ക്രമത്തില്‍ ചിലവ് ചെയ്തുകൊണ്ട് പൈലറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഈ വിഭാഗത്തിലെ കുട്ടികളെ പ്രാപ്തരാക്കുന്നതടക്കമുള്ള പദ്ധതികള്‍ നമ്മുടെ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധത്തില്‍ നമ്മള്‍ ഇവിടെ നടപ്പാക്കിത്തുടങ്ങിയിരുന്നു. അതിന്റെ ഫലപ്രാപ്തി സ്ഥിരീകരിക്കുംവിധം ഈ വിഭാഗത്തില്‍ നിന്ന് പൈലറ്റുമാര്‍ പഠിച്ച് ഇറങ്ങിത്തുടങ്ങി.

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് നേഴ്‌സിങിന്റെ രംഗത്ത് വിദേശ ജോലികള്‍ ലഭ്യമാകണമെങ്കില്‍ ട്രെയിനിങ് പശ്ചാത്തലം വേണം. അതാകട്ടെ, ഇവര്‍ക്ക് പലയിടത്തും ലഭ്യമാകാതെ പോകുന്നുതാനും. ഇതു മനസ്സിലാക്കിയാണ് താലൂക്ക് ആശുപത്രികളില്‍ ഇവര്‍ക്കായുള്ള നേഴ്‌സിങ് ട്രെയിനിങ് പദ്ധതി നടപ്പാക്കുന്നത്. എഞ്ചിനീയറിങ്, മെഡിസിന്‍ രംഗങ്ങളിലും ഈ രംഗത്തെ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കും എന്നുറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിവരികയാണ്.

പരമ്പരാഗത വിദ്യാഭ്യാസം മാത്രം മതിയാവില്ല ഈ കുട്ടികളെ പുതിയ കാലത്തെ നേരിടാന്‍ പ്രാപ്തമാക്കുന്നതില്‍. അതിന് വൈജ്ഞാനികവും സാങ്കേതികവുമായ വിഷയങ്ങളിലുള്ള വൈദഗ്ദ്ധ്യം ഉറപ്പാക്കാന്‍ വേണ്ട പരിപാടികളുമായി മുന്നോട്ടുപോവുകയാണ്.  വിദേശ സര്‍വ്വകലാശാലകളില്‍ അടക്കം അയച്ചു പഠിപ്പിച്ച് സ്വദേശത്തും വിദേശത്തും ഒരുപോലെ മികച്ച തൊഴിലുകളിലെത്തിക്കാനും അങ്ങനെ വിജ്ഞാന സമൂഹസൃഷ്ടിയില്‍ ഇവരെ സജീവ പങ്കാളികളാക്കാനും ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടുകയാണ്.

ഈ വഴിക്ക് ഇനി ഏതൊക്കെ വിധത്തില്‍ മുന്നോട്ടുപോകണം, എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ അറിയൽ പ്രധാനമാണ്. വിലപ്പെട്ട ആ അഭിപ്രായങ്ങളുടെ കൂടി വെളിച്ചത്തിലാകും സര്‍ക്കാര്‍ നയനിലപാടുകള്‍ എടുക്കുക എന്ന് ഉറപ്പു നല്‍കുന്നു.

ഇന്ത്യാ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 25 ശതമാനത്തോളം എസ് സി, എസ് ടി വിഭാഗങ്ങളില്‍പ്പെടുന്നവരാണ്. എന്നാല്‍ അവര്‍ക്കുള്ള പദ്ധതി വിഹിതം കേവലം 6 ശതമാനം മാത്രമാണ്. എന്നാല്‍ എത്ര വ്യത്യസ്തമാണു കേരളത്തിലെ ചിത്രം? എസ് സി പി, ടി എസ് പി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയപ്പോഴും അവ നിലനിര്‍ത്തി ജനസംഖ്യാ നിരക്കിനെക്കാള്‍ കൂടുതല്‍ തുക അനുവദിക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ തയ്യാറായി. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. തൊഴിലും വരുമാനവും വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ആധുനിക വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ പട്ടികവിഭാഗത്തിന് സ്വായത്തമാക്കാനുള്ള ഇടപെടലുകള്‍ നടത്തി. ഭൂമിയും വീടും ഉറപ്പാക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരുന്നു.

ഇത്തരത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു പുറമെ മനുഷ്യത്വവിരുദ്ധമായ ജാതിവ്യവസ്ഥയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നു. കേരളത്തിന് പുറത്ത് ദളിതര്‍ക്കോ പിന്നോക്കക്കാര്‍ക്കോ ക്ഷേത്ര പരിസരങ്ങളില്‍പ്പോലും പ്രവേശിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ പൂജാരിമാരായും ക്ഷേത്ര ജീവനക്കാരായും ദളിതരും പിന്നോക്കക്കാരും നിയമിക്കപ്പെടുന്ന നാടാക്കി കേരളത്തെ മാറ്റി. എന്താണ് കേരള ബദല്‍ എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിതൊക്കെ.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണ് കേരളത്തിലെ പട്ടിക-പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം. അത് കുറേക്കൂടി മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. നാം ആര്‍ജ്ജിച്ച ഈ നേട്ടങ്ങളെ അട്ടിമറിക്കാനുള്ള ചില  പ്രവണതകള്‍ പലയിടങ്ങളിലും തലപൊക്കുന്നത് ഗൗരവമായി നാം കണക്കിലെടുക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അയിത്തവുമെല്ലാം നമ്മുടെ പൊതുബോധത്തിലേക്ക് കുത്തിവയ്ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നു. ഇതിനെതിരെ കടുത്ത ജാഗ്രത നാം പാലിക്കണം.

2025 നകം ഭൂരഹിതരായ, ഭവനരഹിതരായ എല്ലാ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ആദിവാസി വിഭാഗക്കാര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നുള്ളതാണ് നമ്മുടെ  പ്രഖ്യാപിത നയം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി വിഭാഗക്കാര്‍ക്കായി 98,317 വീടുകളും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി 41,804  വീടുകളും ഉള്‍പ്പെടെ ആകെ 1,40,121 വീടുകള്‍ പൂര്‍ത്തീകരിച്ചു. ലാന്‍ഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വന ഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം 8,278 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി 4,138 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. സങ്കേതങ്ങള്‍ക്ക് പുറത്തുള്ള പട്ടികവര്‍ഗ്ഗക്കാരുടെ ഭവന നിര്‍മ്മാണ സഹായം 6 ലക്ഷമാക്കി ഉയര്‍ത്തി.

സാങ്കേതികമായി പൂര്‍ത്തീകരിക്കപ്പെട്ടുവെങ്കിലും പൂര്‍ണ്ണതയിലെത്താത്തതും 2010 നു ശേഷം നിര്‍മ്മിച്ചതുമായ വീടുകളുടെ അറ്റകുറ്റപ്പണി, പൂര്‍ത്തീകരണം, നവീകരണം എന്നിവയ്ക്കായി സേഫ് പദ്ധതി ആവിഷ്‌കരിച്ചു. ഇതുപ്രകാരം പട്ടികജാതിക്കാര്‍ക്ക് 2 ലക്ഷം രൂപവരേയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 2.5 ലക്ഷം രൂപവരേയും അനുവദിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8,000 കുടുംബങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

സംസ്ഥാന ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ഏടാണ് മുത്തങ്ങ വെടിവെയ്പ്പ്. നവോത്ഥാനത്തിനും പുരോഗമന മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഈ നാട്ടില്‍ ഭൂമിക്ക് വേണ്ടി സമരത്തിനിറങ്ങിയ ആദിവാസികളെ വെടിവെച്ചു കൊന്ന ഒരു സംഭവം ഉണ്ടായി എന്നത് നാടിനു തന്നെ അപമാനകരമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മുത്തങ്ങയിലെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രത്യേക നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോവുകയാണ് ചെയ്തത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതും ഭൂമി അനുവദിക്കേണ്ടതുമായ 37 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം അനുവദിച്ചു.

തിരുവനന്തപുരം ചെറ്റച്ചലില്‍ 20 വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന ഭൂസമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയാവുന്ന നേട്ടമാണ്. മാത്രമല്ല, പത്തനംതിട്ടയിലെ ചെങ്ങറ, ഇടുക്കിയിലെ ചിന്നക്കനാല്‍, പാലക്കാട്ടെ മുതലമട, വയനാട്ടിലെ മരിയനാട്, മല്ലികപ്പാറ എന്നിവിടങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും ഭൂമിയുള്ള ജില്ലയാക്കി തിരുവനന്തപുരത്തെ മാറ്റിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഇതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി മുന്നോട്ടു പോവുകയാണ്.

ഭൂരഹിത പുനരധിവാസ പദ്ധതിക്ക് അപേക്ഷ നല്‍കുന്നതിനുള്ള പ്രായപരിധി 55 ല്‍ നിന്നും 70 ആയും, വരുമാനപരിധി 50,000 രൂപയില്‍ നിന്നും 1 ലക്ഷം രൂപയായും ഉയര്‍ത്തി. പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ധനസഹായത്തോടെ ഭൂമി വാങ്ങുന്നതിന് ഗുണഭോക്താക്കള്‍ നല്‍കേണ്ടിയിരുന്ന രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി. ഭവനനിര്‍മ്മാണം, കുടുംബാംഗങ്ങളുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് പട്ടികജാതിക്കാര്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ലഭ്യമായ ഭൂമി പണയപ്പെടുത്താന്‍ അനുമതിയും നല്‍കി.

കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. നൈപുണ്യ വികസനം ഉറപ്പുവരുത്തിയും, തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ ഒരേസമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കുന്നതിനായി രൂപീകരിച്ച ‘കേരള എംപവര്‍മെന്റ് സൊസൈറ്റി’ എന്ന പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ പരിശീലനവും നൈപുണ്യ വികസനവും പ്രവൃത്തിപരിചയവും നല്‍കാനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ 2 വര്‍ഷ കാലയളവിലേയ്ക്ക് ഓണറേറിയം നല്‍കി അവരെ നിയമിക്കുന്ന ട്രേസ് – ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലന്‍സ് – എന്ന പദ്ധതിയും കാര്യക്ഷമമായി നടന്നുവരികയാണ്.

500 പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഒരുമിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കി ചരിത്രം സൃഷ്ടിക്കാൻ നമുക്കായി. പ്രത്യേക റിക്രൂട്ട്‌മെന്റ് നടപടിയിലൂടെ പി എസ് സി വഴിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയത്. ഇതേ മാതൃകയില്‍ തന്നെ എക്‌സൈസ് ഗാര്‍ഡായി 100 പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ലോകത്തിന്റെ ഏതു കോണിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കു പ്രാപ്യമാക്കാനായി വിദേശ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയാണ്. ഇതിലൂടെ ഇതുവരെ 425 വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠനത്തിന് അവസരം ലഭിച്ചിട്ടുണ്ട്. 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസിലേക്ക് എത്തിക്കുന്നതിനുവേണ്ട പ്രത്യേക പദ്ധതിയും നടപ്പാക്കുകയാണ്. പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പഠനം നടത്താന്‍ വേണ്ട സ്‌കോളര്‍ഷിപ്പ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്ന പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും അഭിമുഖത്തിനുമുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. ഈ പദ്ധതിക്കു കീഴില്‍ നിലവില്‍ 30 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും 30 പട്ടികജാതി വിദ്യാര്‍ത്ഥികളും പഠനം നടത്തിവരുന്നുണ്ട്.

ഐ ഐ എം, ഐ ഐ ടി, എന്‍ ഐ എഫ് ടി ഉള്‍പ്പെടെയുള്ള സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സി എ, ഐ സി ഡബ്ല്യൂ എ, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്‌സുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാലകളിലും വൊക്കേഷണല്‍ ട്രെയിനിങ്ങ് സ്ഥാപനങ്ങളിലും മെറിറ്റ്-റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്കുകൂടി ഈ ആനുകൂല്യം ലഭ്യമാകുന്ന വിധത്തില്‍ സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള പഠനത്തിനും ഇപ്രകാരം സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കും. ഇതിന്റെ ഫലമായി നമ്മുടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്താന്‍ കഴിയും.

കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സിന് ചേരുന്ന ഒരു പട്ടികജാതി വിദ്യാര്‍ത്ഥിക്ക് മാത്രം നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ്, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ‘വിംഗ്‌സ്’ എന്ന പദ്ധതിയാവിഷ്‌കരിച്ച് എസ് ടി, ഒ ഇ സി വിദ്യാര്‍ത്ഥികള്‍ക്കു കൂടി ലഭ്യമാകുംവിധം പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിന് പുറമേ 150 പട്ടികവര്‍ഗ്ഗ വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ പരിശീലനം നല്‍കി ജോലി ലഭ്യമാക്കി. അതായത്, പട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കരയിലും കടലിലും ആകാശത്തും തൊഴില്‍ ലഭിക്കുന്നതിനുള്ള സ്വപ്നതുല്യമായ അവസരമാണ് ഒരുക്കുന്നത്. 

ദളിത് ജനവിഭാഗത്തോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക നിര്‍ത്തലാക്കിയത്. എന്നാല്‍, അതു ചൂണ്ടിക്കാട്ടി ആ പദ്ധതി നിര്‍ത്തലാക്കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. രണ്ടര ലക്ഷത്തിനുമേല്‍ വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനും ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലെ പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനും ആവശ്യമായ തുക പൂര്‍ണ്ണമായും സംസ്ഥനം നല്‍കുമെന്ന് തീരുമാനിക്കുകയായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയാണിത്.  പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന കരുതലിന്റെ തെളുവകളാണിതെല്ലാം.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പഠനമുറി പദ്ധതിയും രാജ്യത്തിനാകെ മാതൃകാപരമാണ്. 8 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നല്‍കിവന്നിരുന്ന പഠനമുറി പദ്ധതി വിപുലീകരിച്ചു. 5 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെയും കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാര്‍ത്ഥികളെക്കൂടി ഇപ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 5,000 കുട്ടികള്‍ക്കാണ് പഠനമുറി അനുവദിച്ചത്.

പട്ടികജാതി – പട്ടികവര്‍ഗ്ഗ – ആദിവാസി വിഭാഗങ്ങളുടെ ഡിജിറ്റല്‍ പഠനം ഉറപ്പാക്കുന്നതിനായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതിരുന്ന 1,284 ഊരുകളില്‍ 1,083 ലും ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചു. ഇടമലക്കുടിയില്‍ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്താനായി 4.31 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. 9.48 കോടി രൂപ ചിലവില്‍ സി-ഡാക്കുമായി ചേര്‍ന്ന് ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിക്ക് വയനാട്ടില്‍ തുടക്കം കുറിച്ചു. ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കീഴിലെ എല്ലാ വായനശാലകളിലും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ അംഗത്വം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 54 സാമൂഹ്യ പഠനമുറികളിലും ഇതിന്റെ ഭാഗമായി പുസ്തക ശേഖരം ഉറപ്പാക്കും.

വൈദ്യുതി എത്താത്ത 19 പട്ടികവര്‍ഗ്ഗ കോളനികളില്‍ വൈദ്യുതി എത്തിച്ചു. വെട്ടിവിട്ടക്കാട്ടില്‍ 92.45 ലക്ഷം രൂപ ചിലവിലാണ് 13 കുടുംബങ്ങള്‍ക്കായി വൈദ്യുതി എത്തിച്ചത്. 18.45 കോടി രൂപ ചിലവില്‍ ഇടമലക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തികളും ആരംഭിച്ചു.

സംസ്ഥാനത്തെ എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും, അവ സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമായി ആവിഷ്‌കരിച്ച എ ബി സി ഡി പദ്ധതി മികച്ച നിലയില്‍ മുന്നോട്ടു പോവുകയാണ്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. വയനാട്, പാലക്കാട് ജില്ലകളില്‍ പൂര്‍ത്തീകരിച്ച ഈ പദ്ധതി മറ്റെല്ലാ ജില്ലകളിലും പൂര്‍ത്തീകരണത്തോടടുക്കുകയാണ്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിയമപരിരക്ഷയും പുനരധിവാസവും ഉറപ്പാക്കാനായി ജ്വാല – ജസ്റ്റിസ്, വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ അസിസ്റ്റന്‍സ് – എന്ന പദ്ധതി ആരംഭിച്ചു. നിയമ ബിരുദം നേടിയ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ യുവതീ-യുവാക്കള്‍ക്ക് അഡ്വക്കറ്റ് ജനറല്‍, ഗവ. പ്ലീഡര്‍, സീനിയര്‍ അഭിഭാഷകര്‍ എന്നിവരുടെ ഓഫീസുകളിലും സ്‌പെഷ്യല്‍ കോടതികളിലും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിലും പരിശീലനം നല്‍കി തൊഴില്‍ വൈദഗ്ദ്ധ്യം നേടുവാന്‍ അവരെ പ്രാപ്തരാക്കാനും ഈ പദ്ധതി ഉപകരിക്കും.

ഇത്തരത്തിൽ സാമൂഹ്യനീതി ഉറപ്പുവരുത്താനുതകുന്ന നിരവധി പദ്ധതികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ഇതുകൊണ്ട് എല്ലാമായി എന്ന് ഇതിനര്‍ത്ഥമില്ല. ദളിത് ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യ – സാംസ്‌കാരിക – സാമ്പത്തിക ഉന്നമനം സാധ്യമാക്കാനും സാമൂഹികനീതി ഉറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് ഉറപ്പു നല്‍കട്ടെ.

ദളിത് ജനവിഭാഗത്തോട് കേന്ദ്രസര്‍ക്കാരിന് ശത്രുതാപരമായ സമീപനം: മുഖമന്ത്രി

Comments are closed.