News in its shortest

കോവിഡ്-19; മറ്റുരോഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കാതെ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കാസര്‍കോട് 12 പേര്‍ക്കും എറണാകുളം 3 പേര്‍ക്കും തിരുവനന്തപുരം പേര്‍ക്കും തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ രണ്ടുവീതം, പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുടെ രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 265 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇന്നത്തെ കേസുകളില്‍ എട്ടു പേര്‍ ദുബായിനും ഒരാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ പകര്‍ന്നു.

1,64,130 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്നു മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 7256 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കി.

ഇതുവരെ രോഗബാധയുണ്ടായ 191 പേര്‍ വിദേശത്തുനിന്നു വന്ന മലയാളികളാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കംമൂലം വൈറസ് ബാധിച്ചവര്‍ 67 പേര്‍ പേരാണ്. ഇതുവരെ നെഗറ്റീവ് ആയവര്‍ 26. അതില്‍ നാല് വിദേശികളുണ്ട്.

ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ ഇടപെടലിന്റെ ഒരു ഗുണഫലം ജര്‍മനിയില്‍നിന്ന് വന്നിട്ടുണ്ട്. ഇവിടെ ലോക്ക്ഡൗണില്‍പ്പെട്ട 232 യൂറോപ്യന്‍ പൗരന്മാര്‍ തിരിച്ച് സ്വന്തം നാട്ടില്‍ സുരക്ഷിതരായി എത്തിയ വിവരമാണ് അത്. 13 ജില്ലകളിലായി കുടുങ്ങിപ്പോയവരെയാണ് തിരുവനന്തപുരത്ത് എത്തിച്ച് യാത്രയയച്ചത്. തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാനുള്ള ജര്‍മന്‍ എംബസിയുടെ താല്‍പര്യത്തിന് സര്‍ക്കാര്‍ പൂര്‍ണമായ പിന്തുണയും സഹായവും നല്‍കി. ഇക്കാര്യത്തില്‍ വിനോദസഞ്ചാരവകുപ്പ് മികച്ച ഇടപെടലാണ് നടത്തിയത്. അവിടെയെത്തിയ ആളുകളെല്ലാം സന്തുഷ്ടരാണ് എന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ടെസ്റ്റിങ് വളരെ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോള്‍ നടക്കുന്നത്. പുതുതായി 100-150 പേരാണ് ഓരോ ദിവസവും ചുമയും പനിയും മറ്റുമായി ആശുപത്രികളില്‍ എത്തുന്നത്. അവരുടെ സാമ്പിളുകള്‍ അപ്പോള്‍ തന്നെ എടുക്കാന്‍ കഴിയുന്നുണ്ട്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കോവിഡ് ആശുപത്രിയായി പൂര്‍ണതോതില്‍ മാറ്റാന്‍ കഴിയും.

കോവിഡ് പ്രതിരോധത്തിന്റെ സാഹചര്യത്തില്‍ മറ്റ് പ്രധാനപ്പെട്ട ചികിത്സകള്‍ മുടങ്ങിപ്പോകുന്നസ്ഥിതിയുണ്ട്. ആര്‍സിസിയില്‍ സാധാരണ പരിശോധനകള്‍ നടക്കുന്നില്ല എന്ന വിവരമുണ്ട്. അക്കാര്യത്തില്‍ എല്ലാ തലത്തിലും പരിശോധന നടത്താനും ശ്രദ്ധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികിത്സ കിട്ടാത്തതിന്റെ പേരില്‍ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.