News in its shortest

കോവിഡ് 19: കാസര്‍കോഡ് ജില്ലയ്ക്ക്‌ പ്രത്യേക ആക്ഷന്‍ പ്ലാന്‍

കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി ഉണ്ടായി. കോവിഡ് 19 ബാധിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്. ഇതോടെ കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ള രണ്ടുപേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.

1,63,129 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6381 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ലാബുകള്‍ കൂടുതല്‍ സാമ്പിള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് വാങ്ങാന്‍ നമുക്കു കഴിയുന്നുണ്ട്. കാസര്‍കോട്ടെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്- 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

കൂടുതല്‍ രോഗവ്യാപന ഭീഷണിയുയര്‍ന്ന കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍പ്ലാന്‍ നടപ്പാക്കും. പഞ്ചായത്ത്തല ഡാറ്റാ എടുത്ത് പെട്ടെന്നു തന്നെ ടെസ്റ്റിന് അയക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയ്യാറാക്കും.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ടെസ്റ്റിങ്ങിന് ഐസിഎംആര്‍ അനുമതി കിട്ടി.

മാസ്‌കുകളുടെ കാര്യത്തില്‍ ദൗര്‍ലഭ്യമില്ല. എന്‍ 95 മാസ്‌ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്കു മാത്രം മതി എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ വന്നിട്ടുള്ള ഒരു വിഷയം നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്കുണ്ടായ രോഗബാധയുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. പങ്കെടുത്തവരുടെ ലിസ്റ്റ് ജില്ലാ കലക്ടര്‍മാര്‍ മുഖേന നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലകള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുന്നുമുണ്ട്.

Comments are closed.