News in its shortest

ആരോഗ്യ ജാഗ്രത: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം: മന്ത്രി എം.എം മണി

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആരോഗ്യ ജാഗ്രത പദ്ധതി ഇടുക്കി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന്‌ വൈദ്യുതി മന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു.  ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണ യോഗം കലക്‌ട്രേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി വ്യാപനം പൊതുവെ കുറവായിരുന്നെങ്കിലും, സംസ്ഥാനത്താകെ വിഷമകരമായ സാഹചര്യമായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണം.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ജനപങ്കാളിത്തവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കണം.  ഈ വര്‍ഷം കുറിഞ്ഞി പൂക്കുന്ന സാഹചര്യത്തില്‍ വലിയ തോതില്‍ സഞ്ചാരികള്‍ ജില്ലയിലെത്തും.  വിനോദസഞ്ചാരികള്‍ ജില്ലയുടെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ സന്ദര്‍ശിച്ച ശേഷമാകും മടങ്ങുകയെന്നതിനാല്‍ ജില്ലയില്‍ പ്രത്യേക ജാഗ്രതയും ഉണ്ടാകണം.

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍  ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍  നടപടികള്‍ ഉണ്ടാകണം.  പഞ്ചായത്ത്തല വാര്‍ഡ്തല ആരോഗ്യ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാകണം.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിക്കും.

യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയായിരുന്നു.  ജില്ലയില്‍ ആരോഗ്യ ജാഗ്രത പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഈ മാസം 21ന് ആരംഭിക്കും.  വാര്‍ഡ്തലത്തില്‍ 50 വീടുകള്‍ക്ക് രണ്ട് വോളണ്ടിയര്‍മാര്‍ എന്ന രീതിയില്‍ നിയോഗിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ  നേതൃത്വത്തില്‍ വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ജില്ലാപഞ്ചായത്തംഗം നിര്‍മ്മല നന്ദകുമാര്‍, ഡി.എം.ഒ (ഇന്‍ചാര്‍ജ്ജ്) ഡോ.പി.കെ. സുഷമ, ഡോ. സുജിത് സുകുമാരന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.