News in its shortest

രാഷ്ട്രീയ റിപ്പോർട്ടിംഗ് എത്രമാത്രം അധഃപതിക്കാമെന്നതിന് ഇതിനപ്പുറം ഒരുദാഹരണം വേണോ?

ടി സി രാജേഷ്‌

വെള്ളപൂശാം, പക്ഷേ, ആ വെള്ളപൂശലിൽ പാണ്ടുവീഴാതെ നോക്കണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എറ്റവും മോശമായ പ്രതികരണങ്ങളും സമീപനവുമുണ്ടായത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നാണ്. പക്ഷേ, അതൊക്കെ എത്രമനോഹരമായാണ് വെളുപ്പിച്ചിരിക്കുന്നതെന്നു നോക്കൂ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരെ ‘വാക്കുകൾ കൊണ്ട് വേട്ടയാടി’ എന്ന അഭിനന്ദനത്തിലെ മധുരം മാറ്റിവയ്ക്കാം. തുടർന്നുള്ള ഭാഗങ്ങൾനോക്കൂ. “ഇടതുസ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടപ്പോൾ സതീശൻ ചെറുത്തുനിന്നത്” ഗംഭീരം!”ആദ്യം പിടിയിലായ പ്രതി കോൺഗ്രസുകാരനാണെന്ന പ്രചാരണം അദ്ദേഹം പൊളിച്ചു!””ഒടുവിൽ അദ്ദേഹം എൽഡിഎഫിന്റെ മർമത്തുതന്നെ ഒരടി അടിച്ചു….!” ആ വാചകം അതേപടി ക്വോട്ടുചെയ്ത റിപ്പോർട്ടർ വാക്യം ചുരുക്കുന്നത് ‘ മുനവച്ച ഓർമപ്പെടുത്തൽ സിപിഎം അണികൾക്കും അസുഖകരമായിരുന്നു’ എന്ന സ്വന്തം പ്രസ്താവനയിലാണ്.

രാഷ്ട്രീയ റിപ്പോർട്ടിംഗ് എത്രമാത്രം അധഃപതിക്കാമെന്നതിന് ഇതിനപ്പുറം ഒരുദാഹരണം വേണോ? തൃക്കാക്കര തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഏറെ കരുതലോടെയാണ് ഇത്തവണ മുന്നോട്ടുപോയത്. ഒരു നേതാവിൽ നിന്നും മോശപ്പെട്ട വാക്കോ പ്രവൃത്തിയോ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നിട്ടും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ വന്ന സൗഭാഗ്യം എന്ന വാക്കിനെ വിവാദമാക്കാൻ ഇവർ മടിച്ചില്ല. അതുമാത്രമേ അവർക്കു കിട്ടിയതുമുള്ളു.

പാർട്ടിയുടെ സൈബർവിഭാഗവും അതേ കരുതൽ തുടർന്നു. ഉമ തോമസിനെതിരെ യാതൊരു വ്യക്തിധിക്ഷേപവും ഒരിടത്തും ഉണ്ടായില്ലെന്നു മാത്രമല്ല, അതിനുള്ള സാഹചര്യങ്ങളെപ്പോലും അവർ മറികടന്നു. ട്രോളിലൂടെപോലും ഉമ തോമസിനെ പരാമർശിക്കാതിരിക്കാൻ ശ്രമിച്ചത് അത്തരത്തിലെന്തെങ്കിലുമുണ്ടായാൽ അതൊരു തെരഞ്ഞെടുപ്പ് ആയുധമാക്കി മാധ്യമങ്ങൾ മാറ്റുമെന്ന് അറിയാമായിരുന്നതിലാണ്. തെരഞ്ഞെടുപ്പിനുശേഷം, അഴിച്ചുവിട്ട അണക്കെട്ടുപോലെ ഇടതുഹാൻഡിലുകളിൽ നിന്ന് ഉമയ്‌ക്കെതിരെ ട്രോളുകളുണ്ടായപ്പോൾ ‘സൈബർ ആക്രമണം’ എന്നു വിശേഷിപ്പിച്ചതൊക്കെ മുൻകൂട്ടി കരുതിവച്ചിട്ട് ചീറ്റിപ്പോയ നനഞ്ഞ പടക്കങ്ങളായിരുന്നു.

അതേസമയം മറുഭാഗത്തോ? ഇടതുസ്ഥാനാർഥിക്കെതിരെ ഏറ്റവും നീചമായ തരത്തിൽ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ചപ്പോൾ, ‘അത്തരം വീഡിയോ കണ്ടാൽ ആരായാലും പ്രചരിപ്പിക്കു’മെന്ന് യാതൊരു ഉളുപ്പുമില്ലാതെ തട്ടിവിട്ടയാളാണ് സതീശൻ. അയാളുടെ അത്തരത്തിലുള്ള എത്രയോ പ്രതികരണങ്ങൾ ഇപ്പോഴും ലഭ്യമാണ്. ഇതൊക്കെ ഒരിടതുനേതാവിൽ നിന്നാണ് ഉണ്ടായിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? എന്നിട്ടും അതൊന്നുംകാണാതെ സതീശനെ വിശുദ്ധനേതാവായി പ്രഖ്യാപിക്കുകയാണ് ഈ റിപ്പോർട്ടിൽ.

ഇതിനെയൊന്നും പ്രിവിലേജായിപ്പോലുമല്ല കാണേണ്ടത്. അതിനുമപ്പുറം മറ്റെന്തൊക്കെയോ ആണ്. അവസാനമായി പറയട്ടെ, തൃക്കാക്കരയിലെ ജയപരാജയത്തെപ്പറ്റിയോ അതിന്റെ കാരണങ്ങളെപ്പറ്റിയോ ഒന്നുമല്ല ഈ കുറിപ്പ്. പത്രപ്രവർത്തനത്തിൽ തുടർന്നുവരുന്ന നൈതികത ഇല്ലായ്മയുടെ ഏറ്റവും പുതിയ ഉദാഹരണം ചൂണ്ടിക്കാട്ടാൻ മാത്രമാണ്. ഇനിയെങ്കിലും പറയൂ, നിങ്ങൾ ‘ആ മോതിരം’ പണയപ്പെടുത്തിയോ?

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode

രാഷ്ട്രീയ റിപ്പോർട്ടിംഗ് എത്രമാത്രം അധഃപതിക്കാമെന്നതിന് ഇതിനപ്പുറം ഒരുദാഹരണം വേണോ?

Comments are closed.