News in its shortest

ബംഗളുരുവില്‍ ജോലി തേടി പോകുന്നവര്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍

തൃശൂരില്‍ നിന്നുള്ള അഫ്‌നാസ് ബംഗളുരുവില്‍ ജോലി തേടി പോകുന്നുണ്ട്. അഫ്‌നാസിനൊപ്പം രണ്ട് കൂട്ടുകാരുമുണ്ട്. ബംഗളുരുവിലേക്ക് തിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അഫ്‌നാസ് ബാംഗ്ലൂര്‍ മലയാളീ കൂട്ടുകാര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൊരു പോസ്റ്റിട്ടു. ‘ഞങ്ങള്‍ മൂന്ന് ഫ്രണ്ട്‌സ് കൂടി ബാംഗ്ലൂര്‍ ജോലി തേടി വരുന്നുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ്. ജോലി തിരഞ്ഞു വന്നാല്‍ കിട്ടാന്‍ ചാന്‍സ് ഉണ്ടോ. അറിയുന്നവര്‍ സഹായിക്കണം.’

അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയില്‍ ഐടി മേഖലയില്‍ ജോലി ലഭിച്ച് നിവിന്‍ പോളിയുടെ കഥാപാത്രമായ കുട്ടന്‍ ബംഗളുരുവില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ കാണുന്നത് ബംഗളുരു പട്ടണത്തിന്റെ വിഗഹ വീക്ഷണമാണ്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഡ്രോണ്‍ ഷോട്ട് ആണ്. കൂടെ, പാര്‍വതിയുടെ ആര്‍ ജെ സൈറയെന്ന കഥാപാത്രത്തിന്റെ വോയിസോവറും. ഇതൊക്കെ സിനിമയില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ ബാംഗ്ലൂരുവിലെത്തുന്നവരെ കാത്തിരിക്കുന്നത് എന്തൊക്കെയാണ് എന്ന് ബാംഗ്ലൂര്‍ മലയാളീ കൂട്ടുകാരുടെ ഗ്രൂപ്പിലുള്ള കൂട്ടുകാര്‍ അഫ്‌നാസിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളായി രേഖപ്പെടുത്തി. അവയൊക്കെ ജോലി തേടിപ്പോകുന്നവരെ മാത്രമല്ല, ഏതൊരു നഗരത്തിലും പുതുതായി എത്തുന്നവര്‍ക്കെല്ലാം ഉള്ള മുന്നറിയിപ്പ് കൂടിയാണ്.

1) ഭാഷ അറിയാവുന്ന ഒരാള്‍ താങ്കള്‍ക്ക് ഇവിടയെുണ്ടേല്‍ വളരെ ഉപകാരമായിരിക്കും. അല്ലെല്‍ വഞ്ചിക്കപ്പെടാമെന്ന മുന്നറിയിപ്പ് വിഷ്ണു ബാബു കമന്റി. പിന്നാലെ ധാരാളം ഉപദേശങ്ങള്‍ ഒന്നൊന്നായി വന്നു. ഇംഗ്ലീഷ്, കന്നഡ, ഹിന്ദി എന്നിവയില്‍ ഏതെങ്കിലുമൊന്ന് അറിയില്ലെങ്കില്‍ സീന്‍ ആണെന്ന് വിഷ്ണു അക്ഷയ.

2) അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജോലി വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ പറ്റിക്കുന്ന ഏജന്‍സികളെ കുറിച്ചുള്ള മുന്നറിയിപ്പ്. ഒരു മാസത്തെ ശമ്പളം കൊടുക്കണം എന്നൊക്കെ പറയുന്ന ഏജന്‍സികളെ ശ്രദ്ധിക്കണമെന്ന് അഭിജിത്ത് എം ബി പറയുന്നു. ജോലി ലഭിക്കാന്‍ അഡ്വാന്‍സ് ആയി പണം നല്‍കരുതെന്നും ആരേയും വിശ്വസിക്കരുതെന്നും മധു നായര്‍ പറയുന്നു. രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമുഖം അറ്റന്‍ഡ് ചെയ്യണമെങ്കില്‍ ആദ്യം ഫീസടയ്ക്കണം എന്ന് പറയുന്ന ഒരുപാട് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഴുവന്‍ ഉഡായിപ്പ് ആണെന്നും അവയില്‍ കന്നഡക്കാരായി അഭിനയിക്കുന്ന മലയാളികള്‍ ഉണ്ടെന്നും സുഹൈബ് മറ്റത്തൂര്‍ പറയുന്നു. അവരുടെ വഞ്ചനയ്ക്ക് ഇരയാകുന്നതില്‍ കൂടുതലും മലയാളികള്‍ ആണെന്നും അദ്ദേഹം പറയുന്നു. അതിനാല്‍, ഏജന്റുമാരുമായി ബന്ധപ്പെടാതെ ജോലിക്ക് ശ്രമിക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്. ഏജന്‍സികള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തെ കുറിച്ച് പറഞ്ഞാല്‍ അവയെക്കുറിച്ച് ഗൂഗിള്‍ ചെയ്ത് അല്ലെങ്കില്‍ ഇതുപോലെയുള്ള ഗ്രൂപ്പുകളില്‍ അന്വേഷിച്ചശേഷം ജോലിക്ക് ജോയിന്‍ ചെയ്യണമെന്ന് പപ്പന്‍ മങ്ങാട് പറയുന്നു. റെപ്യൂട്ടഡ് ആയ ഒരു കമ്പനിയും കാശ് ചോദിക്കില്ലെന്ന് അജീഷ് വല്ലിയോട്ട് പറയുന്നു.

പൈസ ആദ്യം തരണം എന്ന് പറയുന്ന ഏജന്‍സിയോട് ഇത് ബാംഗ്ലൂര്‍ അല്ലേ ഞാന്‍ വേറെ നല്ല റിക്രൂട്ടേഴ്‌സിനെ നോക്കിക്കോളാം എന്ന് പറഞ്ഞ് ഒഴിയണം എന്ന് സരൂപ് സുധാകരന്‍ പറയുന്നു.

3) ലോക്കല്‍ ഓട്ടോച്ചേട്ടന്‍മാരെ വിളിക്കരുത്. പകരം, ഊബര്‍, ഓല, റാപിഡോ ഓട്ടോ ബുക്ക് ചെയ്ത് മാത്രം യാത്ര ചെയ്യുകയെന്ന് ഷിജു എസ് പറയുന്നു. ഓട്ടോക്കാര്‍ ബസ്, ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്ത് തരാം എന്ന് പറഞ്ഞാലും വിശ്വസിക്കരുത്. പൈസ പോകുമെന്നും അദ്ദേഹം കമന്റുന്നു.

4) പിന്നെ, ബംഗളുരുവില്‍ ബസ് മിസ്സായി, ട്രെയിന്‍ മിസ്സായി. കൈയില്‍ കാശില്ല. നാട്ടിലെത്താന്‍ സഹായിക്കണമെന്ന അപേക്ഷയുമായി എത്തുന്നവരെ കുറിച്ചുള്ള മുന്നറിയിപ്പുണ്ട്. മലയാളി സെന്റിമെന്റ്‌സ് കാണിച്ചു അടുത്ത് കൂടുന്നവരെ സംശയത്തോടെ മാത്രം കാണുകയെന്ന് അരുണ്‍ സ്വാമി പറയുന്നു.

5) തിരക്കുള്ള ഏരിയയിലും ബസ്സിലുമൊക്കെ പോകുമ്പോള്‍ പേഴ്‌സ്, ഫോണ്‍ സേഫ് ആയി സൂക്ഷിക്കണമെന്ന് നാസ് നാസര്‍ പറയുന്നു.

6) പിന്നെ ബാംഗ്ലൂര്‍ വന്നാല്‍ ഏത് സമയത്തും എന്ത് പണിയും എടുത്ത് ജീവിക്കാന്‍ റെഡി ആണെങ്കില്‍ എപ്പോഴും വരാം. ജോലി കിട്ടുമെന്ന് നാസ് നാസര്‍ പറയുന്നു.

ബംഗളുരുവില്‍ ജോലി തേടി പോകുന്നവര്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode