News in its shortest

പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാന്‍ പൊലീസ് മുസ്ലിം യുവാവിനെ വെടിവച്ചു കൊന്നു

പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാന്‍ പൊലീസ് മുസ്ലിം യുവാവിനെ വെടിവച്ചു കൊന്നു. പശുവിന്റെ പേരില്‍ മുസ്ലിങ്ങളേയും ദളിതരേയും ആക്രമിക്കുന്ന ജനക്കൂട്ട മനോഭാവം പൊലീസിലേക്കും പകര്‍ന്നിരിക്കുന്നുവെന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.

മേവാത്ത് ജില്ലയിലെ സലഹേരി ഗ്രാമത്തിലാണ് ട്രക്ക് ഡ്രൈവറായ തലീം ഹുസൈന്‍ എന്ന 22 വയസ്സുകാരനെ പൊലീസ് വെടിവച്ചു കൊന്നത്. പശുവിനെ കടത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ ട്രക്കില്‍ നിന്നും വെടിയുതിര്‍ത്തുവെന്നും ഇതേതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തലീം കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മുമ്പ് ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം മോദിക്ക് തീവ്രവാദ ഭീഷണിയുണ്ട് എന്ന ഇന്റലിജന്‍സ് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ മോദിയെ വധിക്കാനെത്തിയ ഭീകരരെ വധിച്ചുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാലിത് വ്യാജഏറ്റുമുട്ടലുകള്‍ ആയിരുന്നുവെന്നും പൊലീസ് നടത്തിയ കൊലപാതകങ്ങള്‍ ആയിരുന്നുവെന്നും ആരോപണങ്ങള്‍ ഉയരുകയും സംഭവങ്ങള്‍ കോടതിയില്‍ എത്തുകയും ചെയ്തു. സമാനമായ സംഭവങ്ങള്‍ പശുവിന്റെ പേരിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നുവെന്ന് തെളിയിക്കുന്നതാണിത്.

ഇപ്പോള്‍ വടക്കേയിന്ത്യയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിങ്ങളേയും ദളിതരേയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. പൊലീസ് തന്നെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം ആദ്യമായിട്ടാണ് പുറത്തുവരുന്നത്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍

Comments are closed.