News in its shortest

കെ ആര്‍ നാരായണന്‍ ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതിയല്ല, ആദ്യ ക്രിസ്ത്യന്‍ രാഷ്ട്രപതിയെന്ന നുണ പ്രചാരണവുമായി സംഘപരിവാര്‍

കഴിഞ്ഞ ദിവസം ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ എസ് എസിനെ കുറിച്ച് പറഞ്ഞത് നുണകള്‍ പ്രചരിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച സംഘടനയാണ് ആര്‍ എസ് എസ് എന്നാണ്. അദ്ദേഹത്തിന്റെ വാദം ശരിയാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇന്ത്യയിലെമ്പാടുനിന്നും ബിജെപിയുടെ മാതൃസംഘടനയായ ആര്‍ എസ് എസിനെ കുറിച്ച് കേട്ടു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പുതിയ രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹത്തിന്റെ ദളിത് സ്വത്വത്തെ ഉപയോഗിച്ച് നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് അവര്‍. ഒരുഭാഗത്ത് ദളിതരെ ആക്രമിക്കുന്ന സംഘടനയാണ് സംഘപരിവാര്‍. സംഘപരിവാറിന്റെ ഏറ്റവും പുതിയ നുണ റാം നാഥ് കോവിന്ദിനെ ഇന്ത്യയുടെ ആദ്യത്തെ ദളിത് രാഷ്ട്രപതിയെന്ന് വരുത്തിതീര്‍ക്കാനുള്ളതാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതി മലയാളിയായ കെ ആര്‍ നാരായണന്‍ ആണ്. എന്നാല്‍ അദ്ദേഹം ഇന്ത്യയുടെ ആദ്യ ദളിത് രാഷ്ട്രപതിയല്ല ക്രിസ്ത്യന്‍ രാഷ്ട്രപതിയെന്ന നുണ പ്രചാരണവുമായിട്ടാണ് സംഘപരിവാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു എന്ന ആരോപണം നേരിടുന്ന പോസ്റ്റ്കാര്‍ഡ്.ന്യൂസ് എന്ന വെബ്‌സൈറ്റിലാണ് നാരായണനെ ആദ്യ ക്രിസ്ത്യന്‍ രാഷ്ട്രപതിയായി ചിത്രീകരിച്ചിരിക്കുന്നത്. കോവിന്ദ് സ്ഥാനാരോഹണം നടത്തിയപ്പോള്‍ കെ ആര്‍ നാരായണനെ കുറിച്ച് പരാമര്‍ശിക്കാത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. കെ ആര്‍ നാരായണനെ ആദ്യ ക്രിസ്ത്യന്‍ രാഷ്ട്രപതിയാക്കി കൊണ്ടുള്ള നുണ പ്രചാരണം വായിക്കാന്‍ സന്ദര്‍ശിക്കുക: പോസ്റ്റ്കാര്‍ഡ്.ന്യൂസ്‌

Comments are closed.