News in its shortest

ഒരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പേരാണ് സഫ

പി സക്കീര്‍ ഹുസൈന്‍

80 കളുടെ തുടക്കത്തിൽ ഞങ്ങളുടെ മലയോര ഗ്രാമമായ കരുവാരകുണ്ടിൽ പത്താം ക്ലാസിനപ്പുറം കടന്നവർ വളരെ കുറവായിരുന്നു. ഏഴിലോ എട്ടിലോ അവസാനിക്കുന്ന വിദ്യാഭ്യാസം. പിന്നെ എന്തെങ്കിലും കൈ തൊഴിൽ പഠിക്കും. അല്ലെങ്കിൽ കൂലിപ്പണിക്ക് പോകും. അതുമല്ലങ്കിൽ നാട് വിടും.

അതിനപ്പുറം ഒരു സ്വപ്നം ഞങ്ങൾടെ നാട്ടിലെ ചെറുപ്പക്കാർ കണ്ടിരുന്നില്ല. മുസ്ലിം പെൺകുട്ടികളെ ഏഴാം ക്ലാസ് മുതലേ കെട്ടിച്ചയക്കാൻ തുടങ്ങും. പത്താം ക്ലാസ് പ്രായമാകുമ്പോഴേക്കും കൈയിലൊരു കുഞ്ഞുണ്ടാകും. കൂലിപ്പണിക്കാരും കർഷകരുമായിരുന്നു മിക്ക ആളുകളൂം. ആകെ ഒരേയൊരു ഹൈസ്കൂൾ – ഗവ. ഹൈസ്കൂൾ കരുവാരകുണ്ട് – മാത്രം.

പ്രി ഡിഗ്രിക്ക് പഠിക്കണമെന്നാൽ 30 കിലോമീറ്റർ ദൂരെ മഞ്ചേരി Nടട ലോ മണ്ണാർക്കാട് എം.ഇ.എസിലോ മമ്പാട് എംഇഎസിലോ പോകണം. അതിന് പണവും സൗകര്യവും ഉള്ളവർ വളരെ കുറവായിരുന്നു. ഹൈസ്കൂളിലെ വിജയ ശതമാനം വളരെ വളരെ കുറവ്. ആദ്യകാലത്ത് എസ്.എസ്.എൽ സി യുടെ ഒരു ബാച്ച് ഒന്നാകെ തോറ്റ കഥയും കേട്ടിട്ടുണ്ട്.

ഇതൊക്കെ ഇന്ന് ഓർക്കാൻ കാരണം രാഹുൽ ഗാന്ധിയും ഞങ്ങളുടെ കരുവാരക്കുണ്ട് സ്കൂളിലെ സഫ എന്ന പ്ലസ് വൺ വിദ്യാർഥിയുമാണ്. ഒരു ദേശം വിദ്യാഭ്യാസപരമായി നേടിയെടുത്ത മികവിന്റെ പേരാണ് ഇന്ന് സഫ. ഈ നേട്ടത്തിലേക്ക് ഒരു നാട് എത്തിച്ചേർന്നതിന് പിന്നിൽ ഒരു പാട് പേരുടെ വിയർപ്പും കഠിനാധ്വാനവും ഇഛാശക്തിയുമുണ്ട്.

ജാതിയും മതവും രാഷ്ടീയവും നോക്കാതെ ഒന്നിക്കുന്ന കുറെ നല്ല മനുഷ്യർ നേടിയെടുത്തതാണ് വിദ്യാഭ്യാസ രംഗത്തെ ഈ മുന്നേറ്റം. സഫ ഒരു മദ്രസാധ്യാപകന്റെ മകളാണെന്ന് കൂടി അറിയുക.

മാധ്യമ പ്രവര്‍ത്തകനായ പി സക്കീര്‍ ഹുസൈന്‍ ഫേസ് ബുക്കില്‍ എഴുതിയത്‌

Comments are closed.