News in its shortest

മുസിരിസ് പൈതൃക വാരം നവംബര്‍ 19 മുതല്‍ 25 വരെ

യുനെസ്കോ സംഘടിപ്പിക്കുന്ന ലോക പൈതൃക വാരത്തോടനുബന്ധിച്ച് നവംബര്‍ 19 മുതല്‍ 25 വരെ മുസിരിസ് പൈതൃക വാരം സംഘടിപ്പിക്കുന്നു. കൊടുങ്ങല്ലൂരിലെ മുസിരിസിന്‍റെ പൈതൃക പ്രദേശത്താണ് പരിപാടി നടക്കുന്നത്.

പാലിയം കൊട്ടാരം, പാലിയം കോവിലകം, പറവൂര്‍-ചേന്ദമംഗലം ജൂതപ്പള്ളികള്‍, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം മാര്‍ക്കറ്റ് എന്നീ സ്ഥലങ്ങളില്‍ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രദര്‍ശനങ്ങള്‍, ക്ലാസുകള്‍ എന്നിവ പൈതൃക വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന മുസിരിസ് പൈതൃക പദ്ധതി എംഡി ശ്രീ നൗഷാദ് പി എം പറഞ്ഞു.

പൈതൃക സംരക്ഷണത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് പൈതൃകവാരത്തിലൂടെ ഉദ്ദേശിക്കുന്നത്. 
കോട്ടപ്പുറം കിഡ്സിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവനാരുകള്‍ ഉപയോഗിച്ചിട്ടുള്ള കരകൗശല നിത്യോപയോഗ വസ്തുക്കളുടെ നിര്‍മ്മാണവും പ്രദര്‍ശനവും ചേന്ദമംഗലം കൈത്തറിയുടെ നേതൃത്വത്തിലുള്ള കൈത്തറി ഉത്പന്നങ്ങളുടെ പ്രദര്‍ശനം, മുസിരിസിലെ സ്മാരകങ്ങളുടെ ചിത്രപ്രദര്‍ശനം, ജൂത പാരമ്പര്യത്തെക്കുറിച്ചുള്ള പ്രദര്‍ശനം, പുരാവസ്തു പ്രദര്‍ശനം എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടാകും.

2500 വര്‍ഷത്തെ ചരിത്രസമ്പത്തുകള്‍ അവശേഷിപ്പിച്ച മുസിരിസിന്‍റെ പൈതൃകം ലോകത്തെ അറിയിക്കുന്നതിനു വേണ്ടിയാണ് കേരള സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചത്. പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനവും പ്രാദേശിക തൊഴിലവസരങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍, കരകൗശല വിദ്യകള്‍ എന്നിവയുടെ പ്രോത്സാഹനവും മുസിരിസ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്.

പദ്ധതി പ്രദേശത്തെ പുരാതന ക്ഷേത്രങ്ങള്‍, യൂറോപ്യന്‍ കോട്ടകള്‍, കൊട്ടാരങ്ങള്‍, ക്രിസ്തീയ ദേവാലയങ്ങള്‍, സെമിനാരികള്‍, ജൂത സ്മാരകങ്ങള്‍, മുസ്ലീം ആരാധനാലയങ്ങള്‍ എന്നിവയുടെ പൈതൃക തനിമ ചോരാതെ കാത്തു സൂക്ഷിക്കുന്നതില്‍ മുസിരിസ് പദ്ധതി പ്രധാന പങ്ക് വഹിക്കുന്നു. 

Comments are closed.