News in its shortest

അറുപത് വര്‍ഷം ഇന്ത്യ വികസിച്ചില്ലേ? മോദി പറയുന്ന നുണകള്‍

അറുപത് വര്‍ഷങ്ങള്‍ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് രാജ്യത്ത് വികസനം ഒന്നും കൊണ്ടു വന്നില്ലെന്നും അറുപത് മാസങ്ങള്‍ തരൂ ഇന്ത്യയെ മാറ്റിമറിക്കുന്ന വികസനം കൊണ്ടുവരുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞിരുന്നത്. സ്വയം വികാസ് പുരുഷായി അവതരിപ്പിച്ച മോദിയും ബിജെപിയും  ഇന്ത്യയെ കുറിച്ച് പ്രചരിപ്പിച്ച കാര്യങ്ങള്‍ തെറ്റായിരുന്നുവെന്ന് ഇപ്പറയുന്ന കണക്കുകള്‍ തെളിയിക്കും.

1947-ല്‍ ഇന്ത്യാക്കാരുടെ ജീവിത ദൈര്‍ഘ്യം 32 വയസ്സായിരുന്നു. 2011-ലെ സെന്‍സസ് അനുസരിച്ച് അത് 65 വയസ്സായി. അതായത് 1947-ല്‍ ഒരു ഇന്ത്യാക്കാരന്‍ ജീവിച്ചിരുന്നതിനേക്കാള്‍ 33 വര്‍ഷം അധികം ഇന്നൊരാള്‍ ജീവിക്കുന്നു. സാക്ഷരതയാകട്ടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ 16 ശതമാനം മാത്രം. 2013-ല്‍ അത് 74 ശതമാനമായി വര്‍ദ്ധിച്ചു. ശിശമരണനിരക്ക് എടുത്താല്‍ 1947-ല്‍ ആയിരത്തില്‍ 146 ശിശുക്കള്‍ മരിച്ചിരുന്നയിടത്ത് 2011-ല്‍ അത് 42 ആയി കുറഞ്ഞു. ഇന്ത്യയുടെ ജനസംഖ്യ 1947-ല്‍ 360 മില്ല്യണ്‍ ആയിരുന്നത് 2011-ല്‍ 1.22 ബില്ല്യണ്‍ ആയി ഉയര്‍ന്നു. ഇന്ത്യയുടെ ശക്തി ജനസംഖ്യയാണെന്ന് ലോകം വാഴ്ത്തുന്നു. നഗരങ്ങളിലെ ജനസംഖ്യ 1947-ല്‍ 62.5 മില്ല്യണ്‍ ആയിരുന്നത് 2011-ല്‍ 380.6 മില്ല്യണ്‍ ആയി വര്‍ദ്ധിച്ചു. അന്ന് ജനസംഖ്യയുടെ 17 ശതമാനം മാത്രമായിരുന്നു നഗരങ്ങളില്‍ ജീവിച്ചിരുന്നത്. ഇന്നത് 31 ശതമാനമാണ്. 1947-ല്‍ 17 സര്‍വകലാശാലകള്‍ മാത്രം ഉണ്ടായിരുന്നടിത്ത് 2011-ല്‍ 573 ആയി. കൂടുതല്‍ പേര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനായി. ആളോഹരി വരുമാനം 1947-ല്‍ 13,260 രൂപയായിരുന്നതില്‍ നിന്നും 2011-ല്‍ 74,380 രൂപയായി കുത്തനെ ഉയര്‍ന്നു.

ജിഡിപിയാകട്ടെ 2,79,618 കോടി ആയിരുന്നു 1950-51 സാമ്പത്തിക വര്‍ഷം. 2011-12-ല്‍ ഇന്ത്യയുടെ ജിഡിപി 52,47,530 കോടി രൂപയായി വളര്‍ന്നു. വിദേശ നാണ്യശേഖരം 1950-51 വര്‍ഷത്തില്‍ 2.1 ബില്ല്യണ്‍ ഡോളറായിരുന്നു. 2013-14-ല്‍ 300 ബില്ല്യണ്‍ ഡോളറായി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. 1951-ല്‍ 55 ശതമാനം പേരും ദാരിദ്യത്തില്‍ കഴിഞ്ഞിരുന്നു. 2011-ല്‍ ഇന്ത്യയുടെ 22 ശതമാനം പേര്‍ മാത്രമാണ് ദരിദ്രര്‍. ഇന്ത്യയുടെ ഭക്ഷ്യോത്പാദനത്തിലുമുണ്ടായി കുതിച്ചുകയറ്റം. 1947-ല്‍ 52 മില്ല്യണ്‍ ടണ്ണായിരുന്നത് 2011-ല്‍ 264.4 മില്ല്യണ്‍ ടണ്ണായി വര്‍ദ്ധിച്ചു. ഇത് ഇന്ത്യയെ ലോകശക്തിയായി വളരാന്‍ സഹായിച്ച വസ്തുതകളാണ്. പക്ഷേ, കേവലം വോട്ടിനും അധികാരത്തിനും വേണ്ടി മോദിയും ബിജെപിയും നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.