News in its shortest

ബാർ ലൈസൻസ് നൽകുന്നത് പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാറളം പഞ്ചായത്തിലെ കോടന്നൂർ വില്ലേജിൽ ബാർഹോട്ടലിന് ലൈസൻസ് നൽകാനുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജനതാൽപര്യം കണക്കിലെടുത്ത് ബാർ ഹോട്ടലിനുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.

സമീപവാസികളെയും ഹോട്ടലിന് അപേക്ഷ നൽകിയ അപേക്ഷകനെയും കേൾക്കണമെന്നും കമ്മീഷൻ എക്‌സൈസ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജി.ഒ നമ്പർ 31/13 എന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ ലൈസൻസിനുള്ള അപേക്ഷയിൽ ജനതാൽപര്യത്തിന് ഊന്നൽകൊടുത്ത് നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ എക്‌സൈസ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കോടന്നൂരിൽ ബാർ ലൈസൻസ് അനുവദിക്കുന്നതിനെതിരെ 2008 മുതൽ സമരത്തിലാണെന്ന് ബാർ വിരുദ്ധപൗരസമിതി കൺവീനർ എ.ടി. പോൾസൺ പരാതിയിൽ വ്യക്തമാക്കി.

തുടർന്ന് 2013 ൽ ബാറിനുള്ള അപേക്ഷ നിരസിച്ച് സർക്കാർ ഉത്തരവിട്ടുവെന്നു എന്നാൽ ഫോറിൻ ലിക്വർ റൂൾസ് 39-ാം ചട്ടപ്രകാരം വീണ്ടും ഇതേ കെട്ടിടത്തിൽ ബാർലൈസൻസിനു അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 2013 ൽ സർക്കാർ ഉത്തരവ് നൽകിയ സാഹചര്യത്തിൽ പരാതിവിഷയം സർക്കാർ പഠനവിധേയമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Comments are closed.