News in its shortest

കൊറോണ: 50 പേര്‍ ആശുപത്രിയിലും, 1421 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്ത് നിലവിൽ 1471 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 50 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിലും 1421 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ.

ഇതുവരെ 39 സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 15 സാമ്പിളുകൾ വെളളിയാഴ്ചയാണ് അയച്ചത്. നേരേത്ത അയച്ച 24 ൽ 18 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഇതിൽ 17 ഉം നെഗറ്റീവാണ്. തൃശൂരിലെ ഒന്ന് മാത്രമാണ് പോസിറ്റീവ് ആയുളളത്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

തൃശൂർ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 15 പേർ ആശുപത്രിയിലും 110 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 10 പേർക്കാണ് രോഗലക്ഷണങ്ങൾ ഉളളത്. അഞ്ച് പേരെ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. പോസിറ്റീവ് ആയ കുട്ടിയോടൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്.

സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉപയോഗിച്ച് തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് സംബന്ധിച്ച ബോധവൽക്കരണം നൽകും. വിമാനത്താവളങ്ങളിൽ ആഭ്യന്തര ടെർമിനുകളിൽ അടക്കം ഹെൽപ്പ് ഡസ്‌ക് സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു.
തൃശൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ 64 ഐസൊലേഷൻ മുറികൾ സജ്ജമായിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിൽ 85 ഐസൊലേഷൻ വാർഡുകളും 15 തീവ്രപരിചരണ യൂണിറ്റും സജ്ജമാണ്. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുമായി ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെട്ട് വരുന്നു. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ആശുപത്രികളിൽ എത്തിക്കാനായി 10 ആംബുലൻസുകൾ തൃശൂർ ജില്ലയിൽ സജ്ജമാണ്. ഈ ആംബുലൻസുകൾ ഉപയോഗിച്ച് മാത്രമേ കൊറോണ ലക്ഷണങ്ങൾ ഉളളവരെ ആശുപത്രിയിൽ എത്തിക്കാവൂ. ഇതിനായി പൊതുവാഹനങ്ങളോ സ്വന്തം വാഹനങ്ങളോ ഉപയോഗിക്കരുതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മാസ്‌ക്കുകൾ ധരിക്കണം.

തൃശൂരിലെ വിവിധ കൺട്രോൾ റൂമിലേക്ക് 216 പേർ വിളിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാർക്കുളള പരിശീലനം വ്യാപകമായി നടത്തുന്നു. 2706 പേർക്ക് ഇതു വരെ പരിശീലനം നൽകി. 110 പേർക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരിശീലനം നൽകിയത്. ശനിയാഴ്ച മുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

ആരോഗ്യ മന്ത്രിയോടൊപ്പം ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനിൽകുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ പങ്കെടുത്തു.

Comments are closed.