News in its shortest

കീഴാറ്റൂരില്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ വിത്തുപാകലെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍

കീഴാറ്റൂരില്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ വിത്തുപാകലെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഫേസ് ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പ്

ഞാറ്റടി എന്നാല്‍ എന്തെന്ന് പുതിയ കുട്ടികള്‍ക്ക് നിശ്ചയമുണ്ടോ എന്നറിഞ്ഞുകൂടാ. വിത്തു മുളപ്പിക്കാനുള്ള സ്ഥലം. എവിടെന്നൊക്കെയോ കൊണ്ടുവന്ന കമ്യൂണിസ്റ്റ് വിരുദ്ധതയുടെ വിത്തുകള്‍ പാകി മുളപ്പിക്കാനുള്ള ശ്രമമാണ് കീഴാറ്റൂരില്‍ നടക്കുന്നത്. മുളച്ച് ഞാറായാല്‍ പറിച്ചെടുത്ത് ആവശ്യമുള്ളേsത്തേക്ക് കൊണ്ടുപോയി നടാം. ‘ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം ഞാറ്റുവേലക്കാലമെത്തുമ്പോള്‍’ എന്നു കവി.

കേരളത്തില്‍ കമ്യൂണിസം പോലെത്തന്നെ പ്രബലമാണ് കമ്യൂണിസ്റ്റ് വിരുദ്ധതയും. അതിനു കാരണങ്ങളുണ്ട്. നവോത്ഥാന പ്രസ്ഥാനം, കര്‍ഷക മുന്നേറ്റങ്ങള്‍, ഭൂപരിഷ്‌ക്കരണം എന്നിവയിലൂടെ അധികാരവും പ്രിവിലേജും ഭൂപ്രഭുത്വവും പൗരോഹിത്യഗര്‍വ്വും നഷ്ടപ്പെട്ടതില്‍ പ്രതികാരം പൂണ്ടു നില്‍ക്കുന്ന ഫ്യൂഡല്‍ അവശിഷ്ടങ്ങള്‍ ഇവിടെ ഒരുപാടുണ്ട്. അവരുടെ നഷ്ടപ്രതാപങ്ങള്‍ക്ക് കാരണക്കാര്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല. നവോത്ഥാനപ്രസ്ഥാനം പാര്‍ടി വരുന്നതിന് മുമ്പേ ഉണ്ടായതാണ്. പക്ഷേ ഫ്യൂഡല്‍ ഗൃഹാതുരതയും അതിന്റെ പ്രതികാരമോഹവും എപ്പോഴും ലക്ഷ്യം വെക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ്. ഇപ്പോള്‍ സി.പി.ഐ.എമ്മിനെയാണ്.

കേരളത്തില്‍ ആര്‍.എസ്.എസ്. ശാഖകള്‍ തടങ്ങിയപ്പോള്‍ വിരുദ്ധര്‍ വളരെ ആഹ്‌ളാദിച്ചു. കമ്യൂണിസ്റ്റുകാരെ നേരിടാന്‍ കോണ്‍ഗ്രസ്സിനേക്കാള്‍ മികച്ച ആയുധം! ഹിന്ദു തീവ്രവാദം ക്രമേണ മുസ്ലീം തീവ്രവാദത്തെ സൃഷ്ടിച്ചു. പിന്നീട് ഈ രണ്ടു കൂട്ടരുമായി ആത്മാവില്‍ സഹകരിച്ചും രാഷ്ട്രീയ നേട്ടം കൊയ്തുമാണ് കോണ്‍ഗ്രസ്സ് പാര്‍ടി മുന്നോട്ടു പോയത്.

എന്നാല്‍ സമീപകാലത്ത് ഹിന്ദുത്വ ഭീകരതക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന ജനാധിപത്യ ജാഗ്രത ഈ കമ്യൂണിസ്റ്റു വിരുദ്ധ ആത്മീയബന്ധത്തെ ശിഥിലമാക്കി. ഇതിന്‍മേലുളള കടുത്ത നിരാശയിലാണ് കേരളത്തിലെ വിരുദ്ധര്‍. ഏതു മാര്‍ഗ്ഗേണയെങ്കിലും, പരോക്ഷമായെങ്കിലും ഒരു ഐക്യം സ്ഥാപിച്ചെടുക്കാനുള്ള തീവ്ര ആലോചനയാണ് ഇപ്പോള്‍ കീഴാറ്റൂരില്‍ ചെന്നു മുട്ടിയത്.

അവിടത്തെ വയലും റോഡുമൊന്നുമല്ല അവരുടെ താല്‍പ്പര്യം. കീഴാറ്റൂര്‍ കണ്ണൂരിലാണ് എന്നതാണ്. ‘അടിക്കുകയാണെങ്കില്‍ ആദ്യം കണ്ണൂരിനെയാണ് അടിക്കേണ്ടത് എന്ന് അവര്‍ക്കറിയാം’ എന്ന് നമ്മുടെ എം.എന്‍.വിജയന്‍ മാഷ് പണ്ടേ നിരീക്ഷിച്ചിട്ടുണ്ട്.

Comments are closed.