News in its shortest

ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലക്ഷ്വറി ബസുകളിൽ ജീവനക്കാരാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

ക്രിമിനൽ പശ്ചാത്തലമുള്ള ജീവനക്കാരെ അന്തർ സംസ്ഥാന ലക്ഷ്വറി ബസ് സർവീസുകളിൽ ജീവനക്കാരായി നിയമിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം ജീവനക്കാരെ മാറ്റി നിർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോയ കല്ലട വോൾവോ ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ ഉപദ്രവിച്ചതിനെതിരെ മരട് പോലീസ് രജിസ്റ്റർ ചെയ്ത 698/2019 കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാപോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്.

അന്തർ സംസ്ഥാന സർവീസുകൾ പല പോയിന്റുകളിൽ നിന്നും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പെർമിറ്റിന്റെ ലംഘനമായി കണ്ട് നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ലക്ഷ്വറി ബസുകളിലെ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് നികുതി വെട്ടിച്ച് ചരക്കു കടത്തുന്നതിനെതിരെ അന്തർ സംസ്ഥാന ബസുകളിൽ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകി. പി.ആർ ശ്രീജിത്ത് പെരുമനയും ഡോ. നൗഷാദ് തെക്കയിലും സമർപ്പിച്ച പരാതികളിലാണ് നടപടി.

കമ്മീഷൻ കൊച്ചി ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. കരുവാറ്റയിൽ ബസ് കേടായപ്പോൾ യാത്രക്കാർ പോലീസിനെ വിളിച്ച് മറ്റൊരു ബസ് എത്തിച്ചതാണ് ബസ് അധികൃതരെ പ്രകോപിപ്പിച്ചതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. 2019 ഏപ്രിൽ 21 ന് വൈറ്റിലയിലാണ് ആക്രമണമുണ്ടായത്. യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ ബസ് ജീവനക്കാർ മോഷ്ടിച്ചു.

ബസ് ഉടമക്കെതിരെ പെർമിറ്റ് റദ്ദ് ചെയ്യാനുളള നടപടികൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു. അന്തർ സംസ്ഥാന ലക്ഷ്വറി സർവീസിൽ നിരവധി പെർമിറ്റ് ലംഘനങ്ങൾ കണ്ടെത്തിയിട്ടുളളതായി റിപ്പോർട്ടിൽ പറയുന്നു. വൈറ്റില സംഭവത്തിന്റെ പേരിൽ ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കിയിട്ടുണ്ടെന്ന് ഗതാഗത കമ്മീഷണർ കമ്മീഷനെ അറിയിച്ചു. തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് കല്ലട ഉടമ സുരേഷ് കമ്മീഷനെ അറിയിച്ചു.

Comments are closed.