News in its shortest

ദേശീയപാത വികസനം: ഭൂമിയേറ്റെടുക്കാന്‍ 349.7 കോടി കിഫ്ബി കൈമാറി

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം കിഫ്ബി നല്‍കുന്നു. ആദ്യഗഡുവായി 349.7 കോടി രൂപ കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്.

ദേശീയപാതാ വികസനത്തില്‍ സ്ഥലമേറ്റെടുക്കല്‍ നടപടിയിലെ കാലതാമസവും വലിയ ചെലവും കാരണം കേരളത്തിന് കാര്യമായി മുന്നോട്ടു പോകാനായിരുന്നില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നേരിട്ട് നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ദേശീയപാതാ വികസനത്തില്‍ തീരുമാനമുണ്ടായത്. കേരളത്തില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിലപാട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എടുത്തു. ദേശീയപാതാ വികസനം അത്യന്താപേക്ഷിതമായതുകൊണ്ട് 25 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാനം സമ്മതിച്ചു.

5,374 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത. ഇതിലേക്കാണ് 349.7 കോടി കൈമാറിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ ഒരു ത്രികക്ഷി കരാര്‍ ഇതിന്റെ ഭാഗമായി ഒപ്പിട്ടിട്ടുണ്ട്.

Comments are closed.