News in its shortest

കൊറോണ: നിരീക്ഷണത്തിലുള്ളവർ കൂട്ടായ്മകളിൽനിന്ന് മാറിനിൽക്കണം: ആരോഗ്യ മന്ത്രി

ചൈനയിൽനിന്നും മറ്റും വന്നവരും കുടുംബാംഗങ്ങളും ഹോം ക്വാറൻൈറൻ തീർച്ചയായും അനുസരിക്കണമെന്നും കൂട്ടായ്മകളിൽനിന്ന് മാറി നിൽക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തൃശൂർ കലക്ടറേറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വീടിനകത്ത് ഏകാന്തവാസം അനുഷ്ഠിക്കുന്നതിനുള്ള ഹോം ക്വാറൻൈറൻ എന്ന പെരുമാറ്റച്ചട്ടം ആരോഗ്യ വകുപ്പ് നിർദേശിക്കുന്നത് രോഗം ഉണ്ടായിട്ടല്ല. അവരെല്ലാം രോഗലക്ഷണം ഇല്ലാത്തവരാണ്. പക്ഷേ, മുൻകരുതൽ സ്വീകരിച്ചേ മതിയാവൂ. കൊറോണ വൈറസിന് 14 ദിവസത്തെ ഇൻക്യുബേഷൻ കാലയളവുണ്ട്. നാളെയെങ്ങാനും രോഗലക്ഷണം ഉണ്ടായാൽ, നമുക്ക് ചികിത്സിക്കാൻ അവസരം ഇല്ലായിരുന്നു എന്ന് ഖേദിക്കേണ്ടിവരും.

നിരീക്ഷണത്തിൽ ഉള്ളവരുടെ വീടുകളിൽ ചിലയിടത്ത് കല്യാണം നടക്കുന്നതായി അറിയുന്നു. ഇത്തിരി ബുദ്ധിമുട്ടായാലും പ്രോട്ടോക്കോൾ അനുസരിച്ച് തൽക്കാലം കല്യാണം മാറ്റിവെച്ചേ മതിയാവൂ. കൂട്ടത്തോടെ അസുഖം വന്നാൽ നമുക്ക് താങ്ങാനാവാത്തതായി മാറും. 28 ദിവസത്തെ നിരീക്ഷണം പാലിക്കണം. ജോലിക്ക് പോവുന്നവർ അവധിയെടുത്ത് നിരീക്ഷണത്തിൽ നിൽക്കണം. ഹോം ക്വാറൻൈറനിൽ നിൽക്കുന്നവരുടെ ജീവിതപ്രയാസം പരിഹരിക്കാൻ വളണ്ടിയർമാരുണ്ട്. ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിക്കും.

കൊറോണ വൈറസിനെ നേരിടുന്നതിൽ തൃശൂർ ജില്ലയിൽ എല്ലാ മുൻകരുതലുകളും എടുത്തുകഴിഞ്ഞു. ജനങ്ങൾ അസ്വസ്ഥരാവരുത്. ചൈനയിലെ വുഹാൻ പ്രദേശത്തുനിന്നും മറ്റും വരുന്നവർ ആരോഗ്യവകുപ്പിന് വിവരം നൽകി തന്നെ വരണം. പലപ്പോഴും അത് സംഭവിക്കുന്നില്ല. വലിയൊരു ശതമാനം സഹകരിക്കുന്നതുകൊണ്ടാണ് ഇത്രയും പേരെ തിരിച്ചറിയാൻ കഴിഞ്ഞത്. എന്നാൽ, അപൂർവം ചിലർ ഇതിന്റെ ഗൗരവം മനസ്സിലാക്കാത്തതായിട്ടുണ്ട്. അവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

Comments are closed.