News in its shortest

കൊറോണ: സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ

കൊറോണ വൈറസിനെ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗത്തിൽ തീരുമാനം.

ഇതിന്റെ വിവരം ജില്ലാ ഭരണകൂടത്തിന് ലഭ്യമാക്കും.
ചൈനയിൽനിന്നും മറ്റും എത്തുന്നവരുടെ വിവരങ്ങൾ ജില്ലാ കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു. ചൈനയിൽനിന്ന് വരുന്നവരെ കണ്ടുപിടിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രോഗലക്ഷണം ഉണ്ടെങ്കിൽ അവരെ ആശുപത്രിയിൽ ഐസോലേറ്റ് ചെയ്ത് സ്രവസാമ്പിൾ പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് മന്ത്രി നിർദേശം നൽകി. സ്വകാര്യ ലാബുകളിലെ പരിശോധന കൊറോണ രോഗനിർണ്ണയത്തിൽ ആധികാരികമായി എടുക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ചികിത്സാ പെരുമാറ്റച്ചട്ടം, റഫർ ചെയ്യൽ, ഐസോലേഷൻ എന്നിവ സ്വകാര്യ ആശുപത്രികൾ ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ബോർഡുമായി ആലോചിച്ച് ചെയ്യണമെന്ന് യോഗത്തിൽ അധികൃതർ വ്യക്തമാക്കി. ഗുരുതരമായ കേസുകൾ മാത്രം, മെഡിക്കൽ കോളജിൽ മുൻകൂർ അറിയിപ്പ് നൽകി മാത്രമേ റെഫർ ചെയ്യാവൂ എന്നാണ് സ്വകാര്യ ആശുപത്രികൾക്കുള്ള നിർദേശം.

സ്വകാര്യ മേഖലയിലുള്ള ആശുപത്രി ജീവനക്കാർക്ക് ജില്ലയെ നാല് മേഖലകളാക്കി തിരിച്ച് പരിശീലനം നൽകാൻ യോഗം തീരുമാനിച്ചു. ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്ക് പുറമെ അറ്റൻഡർമാർ, സെക്യൂരിറ്റി, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്ക് ഉൾപ്പെടെ ശനിയാഴ്ചയോടെ പരിശീലനം നൽകും. രോഗികളെ സ്വകാര്യ ആശുപത്രികളിൽനിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിൽ കർശനമായ ശുചിത്വ പെരുമാറ്റച്ചട്ടം പാലിക്കണം.

രോഗിയെ കൊണ്ടുവരുന്ന ആംബുലൻസ് അണുവിമുക്തമാക്കി മാത്രമേ തിരിച്ചുവിടൂ. സ്വകാര്യ ആശുപത്രികൾ അവർക്ക് ലഭ്യമാവുന്ന വിവരങ്ങൾ, രോഗിയുടെ യാത്രയുടെ ചരിത്രമടക്കം ആരോഗ്യവകുപ്പിന് കൈമാറണമെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ അറിയിച്ചു.

ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ യോഗവും പ്രത്യേകമായി ചേർന്നു. ഓരോ വകുപ്പുകളും ചെയ്യേണ്ട ചുമതലകൾ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വിഭജിച്ചു നൽകി. 14 മേഖലകളിലായി നേതൃത്വം നൽകുന്നതിന് ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകി. വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ തുടങ്ങിയവർക്ക് സുരക്ഷാ പരിശീലനം നൽകും.

ഹോം ക്വാറൻൈറനിൽ കഴിയുന്ന കുടുംബങ്ങളുടെ സഹായത്തിന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തും. സർക്കാർ ഓഫീസുകൾ പോലുള്ള പൊതുഇടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡം ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ തീരുമാനിക്കും. സ്‌കൂളുകൾ, അങ്കണവാടികൾ, കോളജുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ നിരീക്ഷണത്തിലുള്ള കുടുംബത്തിലാണെങ്കിൽ അവർക്ക് 28 ദിവസത്തെ ഹോം ക്വാറൻൈറൻ ബാധകമാക്കാൻ നിർദേശം നൽകി. ഇതുമൂലമുള്ള ഹാജർ നഷ്ടത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

യോഗത്തിൽ ജില്ലയിലെ മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, അഡ്വ. വി.എസ്. സുനിൽകുമാർ, എം.എൽ.എമാരായ കെ.വി. അബ്ദുൽഖാദർ, അനിൽ അക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി പോലീസ് കമീഷണർ ആർ. ആദിത്യ, റൂറൽ എസ്.പി കെ.പി. വിജയകുമാരൻ, സബ് കളക്ടർ അഫ്സാന പർവീൺ, ഡി.എം.ഒ ഡോ. കെ.ജെ. റീന, സ്വകാര്യ ആശുപത്രി ഉടമകൾ, ഐ.എം.എ, കെ.ജി.എം.ഒ.എ ഭാരവാഹികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.