News in its shortest

ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയാല്‍ സംഘപരിവാര്‍ വോട്ട് കോണ്‍ഗ്രസിന്

തിരുവനന്തപുരം: രമേശ് ചെന്നിത്തല യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയാല്‍ ആര്‍ എസ് എസ്, ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി മറിക്കുമെന്ന് സര്‍വേ കണ്ടെത്തല്‍.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിറം മങ്ങിയ ചെന്നിത്തലയുടെ മുഖം മിനുക്കാനായുള്ള പിആര്‍ ഏജന്‍സിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പങ്കെടുക്കുന്നതിനുവേണ്ടി എറണാകുളത്ത് ഓഫീസുള്ള ഒരു മറുനാടന്‍ സ്വകാര്യ പിആര്‍ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ചെന്നിത്തലയെ പിന്തുണയ്ക്കുന്ന പ്രവാസി ബിസിനസുകാരാണ് പിആര്‍ ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം നടത്തിയത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പിആര്‍ ഏജന്‍സിയെ തെരഞ്ഞെടുത്തത്.

എറണാകുളത്തെ ഏജന്‍സിയുടെ ജീവനക്കാര്‍ കേരളത്തിലുടനീളം താഴെത്തട്ടില്‍ ജനങ്ങള്‍ക്കിടയില്‍ ചെന്നിത്തലയുടെ പ്രതിച്ഛായയെ കുറിച്ച് പഠനം നടത്തിയിരുന്നു. ചെന്നിത്തല ഒരു പരാജയമാണെന്ന അഭിപ്രായമാണ് എല്ലാ വിഭാഗം ജനങ്ങള്‍ക്ക് ഇടയില്‍ നിന്നും ഏജന്‍സിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതേ അഭിപ്രായമാണ് നല്‍കിയത്. അതേസമയം, ഉമ്മന്‍ചാണ്ടി തിരിച്ചു വന്നാല്‍ പ്രതീക്ഷയുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇതേ അഭിപ്രായം ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകരും പങ്കുവച്ചെങ്കിലും ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ചാല്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും എന്നും അവരെല്ലാം കൂട്ടിച്ചേര്‍ത്തു. മതമാണ് ഇവിടെ ഒരു ഘടകമായി മാറിയത്. ബിജെപിക്ക് കേരളത്തില്‍ ഏതെങ്കിലും സീറ്റുകളില്‍ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും അതിനാലാണ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ വോട്ട് മറിക്കുമെന്നും ഏജന്‍സിയോട് പ്രവര്‍ത്തകര്‍ പറഞ്ഞത്. നേമത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഹായിച്ചതു കൊണ്ടാണ് ഒ രാജഗോപാല്‍ ജയിച്ചതെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചെന്നിത്തല തൊട്ടതിനും പിടിച്ചതിനുമെല്ലാം നിലവാരമില്ലാത്ത പ്രസ്താവനകളുമായി എത്തുന്നതും അദ്ദേഹം ഉയര്‍ത്തുന്ന വിഷയങ്ങള്‍ പൊളിഞ്ഞു പോകുന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശരാക്കുന്നു.

80%
Awesome
  • Design

Comments are closed.