News in its shortest

മാധ്യമങ്ങളേ നിങ്ങള്‍ അള്ളു വച്ചാല്‍ പഞ്ചറാകുന്ന പൊളിറ്റിക്കല്‍ ട്യൂബുകള്‍ കേരളത്തിലില്ല

എം ജെ ശ്രീചിത്രന്‍

ഇലക്ഷനും ഫലവും കഴിഞ്ഞു. ഏതാണ്ട് ആർപ്പും നിലവിളിയുമൊടുങ്ങുന്നു. ഇനി മാദ്ധ്യമങ്ങൾ തിരിച്ചറിയേണ്ട മൂന്നേ മൂന്ന് കാര്യങ്ങൾ. സാദ്ധ്യത വളരെ വളരെ കുറവാണെന്നറിയാം. എന്നാലും പറയാതെ വയ്യ.

1) നിങ്ങളാരെ ഊതിവീർപ്പിച്ചാലും ആ കാറ്റിൽ നിറയുന്ന പൊളിറ്റിക്കൽ ബ്ലാഡർ കേരളത്തിലില്ല. നിങ്ങളാർക്ക് അള്ളുവെച്ചാലും അതിൽ പഞ്ചറാവുന്ന പൊളിറ്റിക്കൽ ട്യൂബും കേരളത്തിലില്ല. ഒറ്റ ഉദാഹരണം ഓർത്തുവെക്കുക – രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച അഭ്യസ്തവിദ്യ വിദഗ്ധസാങ്കേതികവിജ്ഞാനിയായ ഇ ശ്രീധരൻ ചാണകക്കുഴിയിൽ വീണതോടെ തോൽപ്പിക്കുകയും ഒരു ഡിഗ്രിയുമില്ലാതെ സകല വംശീയ വർണ്ണ അധിക്ഷേപങ്ങളുമേറ്റ മണിയാശാനെ മുപ്പതിനായിരത്തിലധികം വോട്ടിന് വിജയിപ്പിക്കുകയും ചെയ്യുന്ന ജനതയാണിത്.

2) കേന്ദ്രത്തിൽ ബിജെപി അധികാരം തന്നെ ഇല്ലാതിരുന്ന കാലത്ത്, കേരളത്തിലിന്നത്തെ പോലെത്തന്നെ ഒറ്റ നിയമസഭാംഗമില്ലാതിരുന്ന കാലത്ത് ഇടത്-വലത് പ്രതിനിധികൾക്കൊപ്പം തുല്യസമയം കിട്ടുന്നൊരു കസേരയിൽ ബിജെപിയെ ക്ഷണിച്ചിരുത്തിയത് നിങ്ങളാണ്. സകല രാഷ്ട്രീയ ചർച്ചകളെയും മലീമസമാക്കുന്ന ആ മണിയനീച്ചകളുടെ മൂളക്കം നിങ്ങൾക്ക് സംഗീതമായിരിക്കാം, മലയാളിക്ക് അതല്ല. അതുകൊണ്ടാണ് ഒറ്റ സീറ്റിൽ നിലം തൊടാതെ അവർ തോറ്റമ്പിയത്. ശാഖയും വടി ചുഴറ്റലും കൊട്ടേഷനും ഭീഷണിയുമായി നടക്കുന്നവനെ പത്തുപൈസയുടെ വില കേരളം പണ്ടും ഇന്നും കൽപ്പിക്കുന്നില്ല. നിങ്ങൾ കൊടുത്ത അധികവില അവസാനിപ്പിച്ചാൽ നിങ്ങൾക്ക് നല്ലത്.

3) നിങ്ങൾ രാഷ്ട്രീയ നിരീക്ഷകപ്പട്ടം കെട്ടി ചാനലുകളിൽ എഴുന്നള്ളിക്കുന്ന കുറേ ഇൻപുട്ടും ഔട്ട്പുട്ടും മാറിപ്പോയ ജീവികളെ ഒരു കൗതുകക്കാഴ്ച്ച എന്നല്ലാതെ മലയാളിക്ക് പുല്ലുവിലയില്ല. രാഷ്ട്രീയത്തിൽ ഇടപെടുകയല്ലാതെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ആ പരിപാടിയേ അശ്ശീലമാണ്. വാ പോയ കോടാലികൾക്ക് വൈകുന്നേര വിടുവായത്തവേദി എന്ന ചർച്ചാ പരിപാടി ഒന്നുകിൽ രാഷ്ട്രീയഭരിതവും സർഗ്ഗാത്മകവുമാക്കുക. അല്ലെങ്കിലാ സമയത്ത് പാട്ടുവെക്കുക.

(എം ജെ ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)

മാധ്യമങ്ങളേ നിങ്ങള്‍ അള്ളു വച്ചാല്‍ പഞ്ചറാകുന്ന പൊളിറ്റിക്കല്‍ ട്യൂബുകള്‍ കേരളത്തിലില്ല

Comments are closed.