News in its shortest

ഇത്തവണ അവർ ഇടതുപക്ഷത്തിന് വോട്ടുചെയ്തതിനൊരു കാരണമേയുള്ളൂ – പ്രാണഭയം

എം ജെ ശ്രീചിത്രന്‍

വലതുപക്ഷ ക്യാമ്പുകൾ, വർഗീയ സംഘാലയങ്ങൾ, സ്വത്വവാദ – പോമോ ഗ്രൂപ്പുകൾ എല്ലാം കനത്ത നിശ്ശബ്ദതയിലാണെന്ന് കേൾക്കുന്നു. ഈ പരാജയത്തെ മുൻനിർത്തി ഇതുവരെയുള്ള വഴി മാറ്റിപ്പിടിച്ചാലോ എന്നൊക്കെ ആലോചന കാണുന്നുണ്ട്. അതിൻ്റെ യാതൊരാവശ്യവുമില്ല. മലയാളിയെ നിങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടാണ്.

ഒരനുഭവം പറയാം.പ്രളയസമയത്ത് പാലക്കാട് വെള്ളം കയറിയപ്പോൾ ഒരു പ്രായമായ തമിഴ് ബ്രാഹ്മണസ്ത്രീ തൻ്റെ വീട്ടിൽ കുടുങ്ങിയിരുന്നു. ആദ്യമൊന്നും അവർ അവരുടെ വീടുവിട്ടിറങ്ങാൻ തയ്യാറായില്ല. ഒരു നിലക്ക് മീതെ വെള്ളം പൊങ്ങിയപ്പോഴാണ് നിലവിളി തുടങ്ങിയത്. സന്നദ്ധപ്രവർത്തകർ ഒരു രക്ഷാചങ്ങാടത്തിൽ കയറി അവരെ എടുത്ത് തുഴഞ്ഞ് കരക്കടുപ്പിച്ചു.

അവിടുന്ന് ചങ്ങാടം തുഴഞ്ഞ് കരക്കെത്തും വരെ രക്ഷാപ്രവർത്തകരെ ചുറ്റിപ്പിടിച്ചാണ് അവർ ഇരുന്നിരുന്നത്. കരക്കെത്തിയപ്പോൾ കൈ നീട്ടി ഇറങ്ങിയ ശേഷം അവരെ പിടിച്ചപ്പോൾ കൈ തട്ടിമാറ്റി അവർ പറഞ്ഞു: “തൊടാതെ”ആ നിമിഷം അവർക്ക് തന്നെ തൊടുന്നത് അന്യജാതിക്കാരാണെന്ന് ഓർമ്മ വന്നു. അശുദ്ധി ഓർമ്മ വന്നു.മലയാളിയിലൊരു കൂട്ടം ഇങ്ങനെയാണ്.

ഇത്തവണ അവർ ഇടതുപക്ഷത്തിന് വോട്ടുചെയ്തതിനൊരു കാരണമേയുള്ളൂ – പ്രാണഭയം. നിങ്ങളൊക്കെ പറയുന്നതു കേട്ടാൽ ഉയിരുണ്ടാവില്ല എന്ന തിരിച്ചറിവ്. കൊറോണ പോയിട്ട് കൊതുകിനെ നേരിടാനുള്ള ബുദ്ധി നിങ്ങൾക്കില്ല എന്നതൊരു പ്രത്യക്ഷ സത്യമാണ്. അതെല്ലാവർക്കുമറിയാം.

പിണറായി വിജയൻ്റെ സ്ഥൈര്യവും ഷൈലജ ടീച്ചറുടെ മികവും ഇടതുപക്ഷം ഇത്തരമൊരു പ്രതിസന്ധിയെ നേരിടുന്ന ശാസ്ത്രീയമാർഗങ്ങളും പൊതുജനത്തിന് വിശ്വാസയോഗ്യമായി. നിങ്ങളാണെങ്കിൽ മൽസരിച്ച് മണ്ടത്തരം പറഞ്ഞുകൊണ്ടിരുന്നു. ചാവാൻ പോകുമ്പോൾ മരപ്പൊട്ടത്തരം സഹിക്കാൻ ആർക്കും സാധിക്കില്ല.

അതാണ് ഈ വിജയത്തിൻ്റെ അടിസ്ഥാനം.നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്, നിങ്ങളുടെ പതിവു വിഡ്ഢിത്തങ്ങൾ തുടരുക. നിങ്ങൾ ബുദ്ധിപരമായി ആലോചിച്ചു ചെയ്താലും മതി, മണ്ടത്തരമായിക്കോളും. അഞ്ചു കൊല്ലമുണ്ട് ഇനി. അതിനിടയിൽ കൊറോണയൊക്കെ മറികടക്കും. ഒരുവിധം കേരളജനതയെ കരക്കെത്തിക്കാനുള്ള ജനക്ഷേമപദ്ധതികൾ ഇടതുപക്ഷം ആവിഷ്കരിച്ചു നടപ്പാക്കിക്കോളും.

ഒരു വിധം കരക്കടുത്താൽ അവർക്ക് പിണറായി വിജയൻ്റെ പെരുമാറ്റമൊക്കെ അസ്വസ്ഥതയാവും. അപ്പോൾ എല്ലാ ചാനലിലും ചെന്ന് ആഞ്ഞടിക്കുക. ‘മുണ്ടുടുത്ത മോഡി’ ‘ബിൽക്രീമിട്ട് ബലം വെച്ച തലമുടി’ ‘പൊന്നാപുരം കോട്ട’ തുടങ്ങിയ പ്രയോഗങ്ങളൊക്കെ എടുത്തു വീശണം. കൂടെ ചെന്നിത്തലയുടെ ‘പാവമേ പഞ്ഞിക്കട്ടേ ‘ അഭിനയവും വേണം. അപ്പോൾ കരക്കെത്തിയ മലയാളിക്കൂട്ടത്തിൽ ഒരു ഗ്രൂപ്പ് ധാർഷ്ട്യഭാവമുള്ള പിണറായിയോട് ആ തമിഴ് ബ്രാഹ്മണസ്ത്രീയെപ്പോലെ ‘തൊടാതെ’ എന്നു പറയും.

അവർ മിക്കവാറും മണ്ഡലങ്ങളിൽ ഏതാണ്ടൊരു ഇരുപതിനായിരം വോട്ട് ഉണ്ടാവും. സീറ്റ് നില മറിയാൻ അതുമതി. ക്ഷമിക്കൂ, തന്ത്രങ്ങളൊന്നും മാറ്റണ്ട. ഇതേ മരത്തലയുമായി കാത്തിരിക്കൂ. നിങ്ങളുടെ കാലം വരും.

(എം ജെ ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്‌)

ഇത്തവണ അവർ ഇടതുപക്ഷത്തിന് വോട്ടുചെയ്തതിനൊരു കാരണമേയുള്ളൂ – പ്രാണഭയം

Comments are closed.