News in its shortest

വളപട്ടണം പൊലീസ് സ്റ്റേഷന്‍ രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു

രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുത്തത്. ദില്ലിയില്‍ കേന്ദ്രആഭ്യന്തരമന്ത്രിയാണ് വളപട്ടണത്തെ മികച്ചസ്റ്റേഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്.

കുറ്റാന്വേഷണമികവ്, ക്രമസമാധാനപരിപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈകാര്യം ചെയ്ത രീതി, ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളപട്ടണത്തിന് ഈ അംഗീകാരം. കഴിഞ്ഞ ആറുമാസമായി വളപട്ടണത്തെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംഘം നിരീക്ഷിക്കുന്നുണ്ട്. സ്റ്റേഷന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസംഘം വളപട്ടണത്ത് എത്തിയിരുന്നു.

വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണ് കേന്ദ്രസംഘം പൊലീസ് സ്റ്റേഷന് മാര്‍ക്കിട്ടത്. മികച്ച നേട്ടം കൊയ്ത കേരളാപൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരളത്തിലെ പൊലീസ് സേനക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് വളപട്ടണത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.