News in its shortest

പണലഭ്യത കുറയ്ക്കാന്‍ ആര്‍ബിഐ ഈ മാര്‍ഗം സ്വീകരിക്കാത്തത് എന്തുകൊണ്ട്‌? തോമസ് ഐസക്‌

തോമസ് ഐസക്‌, മുന്‍ധനകാര്യമന്ത്രി

റിപ്പോ നിരക്ക് 0.5 ശതമാനം വർദ്ധിപ്പിച്ചത് ആരെയും അത്ഭുതപ്പെടുത്തിയിട്ടില്ല. കോവിഡിനു മുമ്പ് റിപ്പോ നിരക്ക് 5.15 ആയിരുന്നു. അതാണു 4 ശതമാനമായി താഴ്ത്തിയത്. നവംബർ മാസത്തെ 0.4 ശതമാനം വർദ്ധനവുകൂടി കൂട്ടിയാലും ഇപ്പോഴത്തെ റിപ്പോ നിരക്ക് 4.9 ശതമാനമേ എത്തൂ. 2018-ൽ റിപ്പോ നിരക്ക് 6.25 ശതമാനം ആയിരുന്നു.

കാര്യത്തിലേക്കു കടക്കുംമുമ്പ് മാധ്യമ ഭാഷയിലെ വലിയൊരു നൂനതയെക്കുറിച്ച് പറയാതെ വയ്യ. ഇൻഫ്ലേഷന്റെ (inflation) തർജ്ജിമയായി എല്ലാവർക്കും മനസിലാകുന്ന “വിലക്കയറ്റം” എന്ന പദത്തിനു പകരം മാധ്യമങ്ങൾ ഉപയോഗിക്കുന്ന പദം “പണപ്പെരുപ്പം” എന്നാണ്. ഇതു വലിയ തെറ്റാണ്. ചിലർ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് “ഭക്ഷ്യപണപ്പെരുപ്പം” തർജ്ജിമ ചെയ്തു കാണുമ്പോൾ തമാശ തോന്നും. ഭക്ഷ്യസാധനങ്ങൾക്കു വേണ്ടി മാത്രം പണം പെരുകുമോ?

പണപ്പെരുപ്പം വിലക്കയറ്റത്തിന് ഒരു കാരണം മാത്രമാണ്. പണത്തിന്റെ ലഭ്യത കുറയുമ്പോഴും ഡിമാന്റ് വർദ്ധിച്ചാൽ വില കൂടാം. ഉൽപ്പാദന ചെലവ് ഉയർന്നാൽ വില കൂടാം. ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ മുഖ്യകാരണം ഉൽപ്പാദനച്ചെലവ് വർദ്ധനവാണ്.

ഈ സാഹചര്യത്തിലാണ് പലിശ നിരക്ക് ഉയർത്തുന്നതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയമുണ്ടാകുന്നത്. പലിശ ഉയരുന്നത് ഉൽപ്പാദനച്ചെലവ് വീണ്ടും ഉയർത്തുകയല്ലേയുള്ളൂ? ആവശ്യസാധന കമ്പോളത്തിലുള്ള ഇടപെടലും ഇന്ധനങ്ങളുടെ നികുതി കുറയ്ക്കലും കൽക്കരി ഉൽപ്പാദനം യുദ്ധകാലാടിസ്ഥാനത്തിൽ ഉയർത്തലും കൂടുതൽ കസ്റ്റംസ് തീരുവകൾ കുറയ്ക്കുന്നതുമൊക്കെയല്ലേ ഫലപ്രദമായ നടപടി? ഈ ചോദ്യം പ്രസക്തമാണ്. വിലക്കയറ്റത്തിനുള്ള പണനയ മരുന്ന് സാമ്പത്തിക വളർച്ചയ്ക്കു വിഷമായിത്തീരും.

പലിശ നിരക്ക് ഉയർത്തുന്നത് കടം എടുക്കുന്നവരുടെ പലിശ ഭാരം വർദ്ധിപ്പിക്കും. പക്ഷെ വിലക്കയറ്റം ഉണ്ടാകുമ്പോൾ പലിശ നിരക്ക് ഉയർത്തിയില്ലെങ്കിൽ ആളുകൾ സമ്പാദിക്കാൻ മടിക്കും. പലിശ നിരക്കിനേക്കാൾ ഉയർന്നതാണു വിലക്കയറ്റമെങ്കിൽ ആളുകൾ പണമായിട്ടു സമ്പാദിക്കുമോ? ഡെപ്പോസിറ്റുകാരുടെ പലിശ നിരക്ക് ഉയർത്തുക, വായ്പ എടുക്കുന്നവരുടെ പലിശ നിരക്ക് താഴ്ത്തുക എന്നതു പ്രായോഗികമല്ലല്ലോ. അതുകൊണ്ട് പല പത്രങ്ങളും എഴുതിയതുപോലെ ബാങ്കുകളുടെ കൊള്ളലാഭമെന്നും മറ്റുമുള്ള നിഗമനങ്ങളിൽ എത്തുന്നതിൽ അർത്ഥമില്ല. റിപ്പോ നിരക്ക് എന്നാൽ ബാങ്കുകൾ റിസർവ്വ് ബാങ്കിൽ നിന്നു വായ്പയെടുക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന പലിശയാണെന്ന് മറക്കരുത്. റീട്ടെയിൽ വായ്പാ പലിശ നിരക്ക് എത്രകണ്ട് ഉയരുമെന്ന് കാത്തിരുന്നു കാണണം.

പണലഭ്യത കുറയ്ക്കലാണല്ലോ റിസർവ്വ് ബാങ്ക് ലക്ഷ്യമിടുന്നത്. അതിന് നേരിട്ടു മാർഗ്ഗം ക്യാഷ് റിസർവ്വ് റേഷ്യോ ഉയർത്തലാണ്. ഇത്തവണ റിസർവ്വ് ബാങ്ക് അതിനെ തൊടാത്തത് എന്തുകൊണ്ടെന്നുള്ള ചോദ്യമുണ്ട്.

ഏതായാലും ഒരു കാര്യം ഉറപ്പായി. 2022-23-ൽ വിലക്കയറ്റം 6.7 ശതമാനം വരും. റിസർവ്വ് ബാങ്ക് ഇതു സമ്മതിച്ചുകഴിഞ്ഞു. അടുത്ത വർഷം ഇത് കുറയുമോ? സാധാരണഗതിയിൽ അടുത്തവർഷത്തെ ആദ്യ പാദത്തിന്റെ പ്രതീക്ഷിത വിലക്കയറ്റം ഇപ്പോൾ പ്രവചിക്കേണ്ടതാണ്. അതിനെക്കുറിച്ച് റിസർവ്വ് ബാങ്ക് നിശബ്ദവുമാണ്.

പണലഭ്യത കുറയ്ക്കാന്‍ ആര്‍ബിഐ ഈ മാര്‍ഗം സ്വീകരിക്കാത്തത് എന്തുകൊണ്ട്‌? തോമസ് ഐസക്‌

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode

Comments are closed.