News in its shortest

ഡിസി ബുക്‌സ് വായനക്കാരനെ പറ്റിച്ചോ? വിശദീകരണവുമായി ബെന്യാമിന്‍

ലോകത്തില്‍ ആദ്യമായി ഏത് ഭാഗത്തുനിന്നും വായിച്ച് തുടങ്ങാവുന്ന നോവല്‍ എന്ന വാദവുമായി പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ എഴുതി പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തരകന്‍സ് ഗ്രന്ഥവരി വിവാദത്തില്‍. പുസ്തകം പ്രി-ബുക്കിങ്ങായി 3100 പേര്‍ക്ക് നല്‍കിയതിന് പിന്നാലെ പുസ്തകപെട്ടി രൂപത്തില്‍ നിന്നും സാധാരണ പുസ്തക രൂപത്തില്‍ വിലക്കുറവില്‍ പുസ്തകം വിപണിയിലെത്തിക്കാനുള്ള നീക്കമാണ് വിവാദത്തിലായത്. ഇതേതുടര്‍ന്ന് ബെന്യാമിന്‍ ഫേസ് ബുക്കില്‍ വിശദീകരണവുമായി എത്തി. പ്രി-ബുക്കിങ്ങില്‍ നല്‍കിയ പുസ്തകം തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു.

ബെന്യാമിനിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരേ,

തരകൻസ് ഗ്രന്ഥവരിയുടെ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന പ്രി-ബുക്കിങിനെ സംബന്ധിച്ച് ചിലർക്കെങ്കിലും ഉണ്ടായിട്ടുള്ള സംശയം ദൂരീകരിക്കുന്നതിനാണ് ഈ കുറിപ്പ്.

തരകൻസ് ഗ്രന്ഥവരി എന്ന നോവൽ തുടക്കം മുതൽ തന്നെ പ്ലാൻ ചെയ്‌തത് പൂർണ്ണമായും shuffle ചെയ്തു വായിക്കാവുന്ന, വായനക്കാരനു ക്രമം നിശ്ചയിക്കാവുന്ന, ഒരു നോവലിനു പല പാരായണങ്ങൾ സാധ്യമാകുന്ന കാർഡ് രൂപത്തിൽ തന്നെയാണ്. അങ്ങനെയാണ് അത് 120 ഒറ്റക്കാർഡുകളിൽ അച്ചടിച്ച് പ്രത്യേക പെട്ടിയിൽ തയ്യാർ ചെയ്‌തത്. എന്നാൽ അതിന്റെ ഭീമമായ നിർമ്മാണച്ചിലവും അത് വായനക്കാരിൽ എത്തിക്കാനുള്ള മനുഷ്യാധ്വാനവും വളരെ വലുതായതുകൊണ്ടാണ് അത് ഒരു കളക്‌ടേഴ്സ് എഡീഷനായി പ്രീ പബ്ലിക്കേഷൻ രീതിയിൽ പ്രസിദ്ധികരിക്കാൻ തീരുമാനിക്കുന്നത്.

ആ രീതിയിൽ ഇനി ആ ബുക്ക് (എങ്ങനെ വായിക്കപ്പെടണം എന്ന് അതിന്റെ രചയിതാവ് ആഗ്രഹിച്ച രീതിയിൽ) ഇനി അത് ലഭ്യമാവുകയില്ല എന്ന് എല്ലാ പരസ്യങ്ങളിലും കൃത്യമായി പറഞ്ഞത്. അത് ഒരു ബോക്സിനുള്ളിൽ ആയിരിക്കുമെന്നും അതിൽ 120 വ്യത്യസ്ത കാർഡുകൾ ആയിരിക്കും എന്നും അന്ന് കൃത്യമായി വ്യക്തമാക്കപ്പെട്ടതാണ്.എന്നാൽ ആ ബോക്സിന്റെ നിർമ്മാണത്തികവും മനോഹാരിതയും ഉന്നത നിലവാരമുള്ള കാർഡുകളിൽ നോവൽ വായിക്കുന്നതിന്റെ പുതുമയും കണ്ടറിഞ്ഞ അനേകർ ഇനിയും അത് ലഭ്യമാകുമോ എത്ര വിലയാണെങ്കിലും വാങ്ങിക്കൊള്ളാം എന്ന് അന്വേഷിച്ച് മെസേജുകൾ അയക്കുകയും വിളിക്കുകയും ചെയ്യുക ഉണ്ടായി.

ആകെ 3100 കോപ്പികൾ മാത്രമാണ് ആ രീതിയിൽ പുറത്തിറക്കിയത് എന്നതുകൊണ്ട് അവരുടെ ആഗ്രഹം സഫലീകരിക്കാൻ ഒരു നിർവ്വാഹവും ഉണ്ടായിരുന്നില്ല. അപ്പോഴാണ് പുതിയ ഒരു എഡീഷനെക്കുറിച്ച് ആലോചന ഉണ്ടാവുന്നത്. എന്നാൽ ഇനി ആ ഒരു രൂപത്തിൽ പുസ്തകം ലഭ്യമാവുകയില്ല എന്ന് വായനക്കാരോട് പറഞ്ഞ ശേഷം അടുത്ത എഡീഷൻ ഇറക്കുന്നത് പ്രീബുക്ക് ചെയ്‌തവരോട് കാണിക്കുന്ന വിശ്വാസലംഘനം ആവും എന്ന് അറിയാവുന്നതുകൊണ്ട് എത്ര സമ്മർദ്ദം ഉണ്ടായാലും ആ രൂപത്തിൽ ഇനി ബുക്ക് ഇറക്കേണ്ടതില്ല എന്ന് തീരുമാനിക്കുക ആയിരുന്നു.

എന്നാൽ പുസ്തകം വായിക്കുക എന്ന വായനക്കാരന്റെ അവകാശത്തെ മാനിക്കാനുള്ള ചുമതല നിശ്ചയമായും ഞങ്ങൾക്കുണ്ട്. അതുകൊണ്ടാണ് അത് ഇപ്പോൾ സാധാരണ പുസ്തക രൂപത്തിൽ (Hardbound) പുറത്തിറക്കാൻ പ്രീ പബ്ലിക്കേഷൻ പ്രഖ്യാപിച്ചത്. ആ പുസ്തകം എങ്ങനെ വായിക്കപ്പെടണം എന്ന് ഞാൻ ആഗ്രഹിച്ചതിൽ നിന്ന് വിരുദ്ധമാണ് പുസ്തക രൂപം എങ്കിലും വായനക്കാരുടെ നിർബന്ധത്തിനു വഴങ്ങുകയാണ്.

അതിൽ പ്രസിൽ വച്ച് നിർണ്ണയിക്കപ്പെടുന്ന ഒരു ക്രമത്തിൽ മാത്രമേ വായിക്കാൻ കഴിയുള്ളു എന്ന പരിമിതി നിശ്ചയമായും വായനക്കാർ തിരിച്ചറിയേണ്ടതുണ്ട്.ഈ രണ്ടു രൂപങ്ങൾ തമ്മിലും അതിന്റെ നിർമ്മാണ രീതികൾ തമ്മിലുമുള്ള വ്യത്യാസം മനസിലാക്കുമ്പോൾ രണ്ട് രൂപങ്ങൾക്കുമുള്ള വില വ്യത്യാസം എന്തുകൊണ്ട് എന്ന് വായനക്കാർക്ക് തിരിയും എന്നാണ് എന്റെ വിശ്വാസം.

ഇനി അഥവാ ഇതൊന്നും മനസിലാക്കാതെയാണ് ആരെങ്കിലും ബോക്സ് രൂപത്തിലുള്ള നോവൽ വാങ്ങിയതെങ്കിൽ, അത് നിങ്ങൾക്ക് ഒട്ടും പിടിച്ചിട്ടില്ല എങ്കിൽ നിശ്ചയമായും അത് തിരികെ എടുക്കാൻ ഡി. സി ബുക്സ് തയ്യാർ ആണ്. കാരണം ആ രൂപത്തിൽ തന്നെ നോവൽ കിട്ടാൻ ധാരളം വായനക്കാർ തയ്യാറായി നില്ക്കുന്നുണ്ട്.ചിലർക്കെങ്കിലും ഉണ്ടായിട്ടുള്ള കൺഫ്യൂഷൻ തീർന്നിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു.

സ്നേഹത്തോടെ

ബെന്യാമിൻ

ഡിസി ബുക്‌സ് വായനക്കാരനെ പറ്റിച്ചോ? വിശദീകരണവുമായി ബെന്യാമിന്‍

Comments are closed.