News in its shortest

ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് ചൈനയാണോ? മാധ്യമങ്ങള്‍ ആരുടെ കെണിയില്‍ വീണു

ആര്‍ രാമകുമാര്‍

സുഹൃത്തും പ്രമുഖ പത്രപ്രവർത്തകനുമായ ശ്രീ മാധവൻ കുട്ടി എനിക്കെതിരെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നു. എനിക്ക് മേൽ ആന്തരികമോ ബാഹ്യമോ ആയ എന്തോ സമ്മർദ്ദമുണ്ട് എന്നാണദ്ദേഹം പറയുന്നത്. ശ്രീലങ്കയുടെ സ്ഥിതി വിലയിരുത്തി കൊണ്ട് ഞാൻ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ചൈനയുടെ പേര് പരാമർശിച്ചിട്ടില്ല എന്നും, അത് ഞാൻ ശ്രദ്ധാപൂർവം ഒഴിവാക്കിയതാണ് എന്നുമാണ് അദ്ദേഹം പറയുന്നത്.ചൈനയുടെ പേര് ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വലിച്ചിഴക്കുന്നത് ആരാണ് എന്ന് ഒന്നന്വേഷിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് എന്റെ ലേഖനത്തിന്റെ രാഷ്ട്രീയം പിടികിട്ടിയേനെ.

കഴിഞ്ഞ അൻപതോളം വർഷമായി 16 വായ്പ്പകളാണ് ഐ.എം.എഫ് ശ്രീലങ്കക്ക് നൽകിയിട്ടുള്ളത്. ഈ വായ്‌പ്പകൾ നൽകുമ്പോൾ അതിന്റെ ഭാഗമായി ശ്രീലങ്കക്ക് മേൽ അടിച്ചേല്പിക്കപ്പെട്ട സാമ്രാജ്യത്വ-നവലിബറൽ പരിഷ്‌കാരങ്ങളാണ് ഇന്നത്തെ പ്രതിസന്ധിയുടെ ഒരു പ്രധാന കാരണം. ഈ പങ്കു മറച്ച് പിടിക്കാനാണ് ചൈന ശ്രീലങ്കയിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെ മുൻനിർത്തി അമേരിക്കയുടെ നേതൃത്വത്തിൽ വലിയൊരു ക്യാമ്പയിൻ ഇന്ന് നടക്കുന്നത്. അതിൽ ഇന്ത്യയിലെ എൻ.ഡി.ടി.വി.യടക്കമുള്ള പല പ്രമുഖ ചാനലുകളും പത്രങ്ങളും വീണുപോയിട്ടുമുണ്ട്. ഈ ക്യാമ്പയിനിൽ ശ്രീ മാധവൻ കുട്ടിയും വീണു പോയിരിക്കുകയാണ്.

എന്റെ ലേഖനത്തിൽ ചൈനയെ ഒഴിവാക്കിയതിന് പിന്നിൽ വസ്തുനിഷ്ഠമായ കാരണങ്ങളും രാഷ്ട്രീയ കാരണങ്ങളുമുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന് പിടികിട്ടാതെ പോയി എന്ന സങ്കടമേ എനിക്കുള്ളൂ. ചൈനയെ കുറ്റവിമുക്തമാക്കുന്നതിന് വേണ്ടി പോലും ചൈനയുടെ പേര് നമ്മൾ പറയുന്നത് സാമ്രാജ്യത്വത്തിന്റെ കെണിയിൽ വീണു പോകലാണ്.എന്താണ് വസ്തുനിഷ്ഠമായ കാരണങ്ങൾ എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്?ആരാണ് ശ്രീലങ്കക്ക് ഏറ്റവും കൂടുതൽ വിദേശ വായ്‌പ്പ നൽകിയിട്ടുള്ളത്?

2020-ലെ കണക്കുകളനുസരിച്ച് ശ്രീലങ്കക്ക് 6000 ബില്യൺ ശ്രീലങ്കൻ രൂപ വിദേശ കടം ഉണ്ടായിരുന്നു. അതിൽ 30 ശതമാനം അന്താരാഷ്‌ട്ര കടപത്രങ്ങൾ വഴിയെടുത്തതാണ്. 16 ശതമാനം വിദേശ ധനവിപണികളിൽ നിന്നും എടുത്തതാണ്. 14 ശതമാനം എ.ഡി.ബി നൽകിയതാണ്. 11 ശതമാനം ജപ്പാൻ നൽകിയതാണ്. 10.5 ശതമാനം ചൈന നൽകിയതാണ്. അതായത് വിദേശ കടം നൽകിയ ഏജൻസികളിൽ ജപ്പാനും പുറകിൽ അഞ്ചാം സ്ഥാനമേ ചൈനക്കുള്ളൂ. ആരെങ്കിലും ഐ-എം-എഫിന്റെയോ ജപ്പാന്റെയോ എ.ഡി.ബി-യുടെയോ പേര് ഈ ചർച്ചകൾക്കിടയിൽ പറഞ്ഞിട്ടുണ്ടോ? അവരുടെ പേര് ഒഴിവാക്കുന്നതിന്റെ രാഷ്ട്രീയമെന്താണ്? 10.5 ശതമാനം മാത്രം പങ്കുള്ള അഞ്ചാം സ്ഥാനക്കാരനെ ഏറ്റവും പ്രധാന വില്ലനാക്കുന്ന കളിയെന്താണ്? ഈ കളിയാണ് ശ്രീ മാധവൻ കുട്ടി വീണു പോയ കളിയെന്നു ഞാൻ നേരത്തെ പറഞ്ഞത്.

kerala psc coaching center kozhikode, calicut psc coaching center, psc coaching center kozhikode, silver leaf calicut, silver leaf psc academy

ചിലർ സാമ്രാജ്യത്വമെന്നും ഈ കളിയെ വിളിക്കാറുണ്ട് കേട്ടോ!ഇനി, ചൈന ശ്രീലങ്കയിലെ ഒരു തുറമുഖം – ഹമ്പൻടോട്ട തുറമുഖം – ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഇതിന് പിന്നിൽ ഒരു കഥയുണ്ട്. 2003-ൽ ആണ് ഹമ്പൻടോട്ട തുറമുഖവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കുന്നത്. അന്ന് മഹിന്ദ രാജപക്സെ അധികാരത്തിൽ വന്നിട്ടില്ല. കാനഡയുടെ നേതൃത്വത്തിൽ ഈ തുറമുഖം നിർമിക്കാം എന്നായിരുന്നു അന്നത്തെ കണക്കുകൂട്ടൽ. Canadian International Development Agency അന്ന് നമ്മുടെ സ്വന്തം എസ്.എൻ.സി ലാവലിൻ കമ്പനിയെയാണ് ഇതിന്റെ പ്രൊജക്റ്റ് ഉണ്ടാക്കാൻ ഏൽപ്പിച്ചത്.

അവർ പ്രൊജക്റ്റ് ഉണ്ടാക്കി കൊടുത്തു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് മുൻപോട്ട് പോയില്ല. 2004-ൽ സുനാമി വന്നു. അപ്പോൾ ഈ തുറമുഖം വേണം എന്ന ആവശ്യം വീണ്ടും ഉയർന്നു. അങ്ങിനെ 2006-ൽ രാജപക്സെ അധികാരത്തിൽ വന്നതിന് ശേഷം ഡെൻമാർക്ക്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റാംബോൾ എന്ന കമ്പനി ഇതിന്റെ പ്രൊജക്റ്റ് റിപ്പോർട്ട് നിർമിക്കാൻ മുൻപോട്ടു വന്നു. അവർ ലാവലിൻ തയ്യാറാക്കിയ പ്രോജെക്ടിനോട് യോജിച്ചു. പക്ഷെ ആദ്യഘട്ടമായി ഹമ്പൻടോട്ടയെ ഒരു കണ്ടെയ്നർ സൗകര്യമില്ലാത്ത, സാധാരണ കപ്പലുകൾ മാത്രം കടന്നു വരുന്ന, ഒരു തുറമുഖമാക്കി വികസിപ്പിക്കാനാണ് റാംബോൾ ലക്ഷ്യമിട്ടത്. ഇത്തരത്തിലുള്ള ഒരു പ്രൊജക്റ്റ് പ്രൊപ്പോസലുമായി ശ്രീലങ്ക പോർട്ട് അതോറിറ്റി ആദ്യം സാമ്പത്തിക സഹായത്തിന് അമേരിക്കയെ സമീപിച്ചു. അവർ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ ഇന്ത്യയെ സമീപിച്ചു. ഇന്ത്യക്കും താത്പര്യമില്ലെന്ന് പറഞ്ഞു.

ഇതറിഞ്ഞ “ചൈന ഹാർബർ” എന്ന ചൈനീസ് കമ്പനി തുറമുഖം നിർമ്മിക്കാൻ മുൻപോട്ട് വന്നു. അവർ ചൈനീസ് എക്സിം ബാങ്ക് വഴി $307 മില്യൺ വായ്‌പ്പയും കരസ്ഥമാക്കി കൊടുത്തു. വിപണിയിലെ പലിശ നിരക്ക് 8 ശതമാനത്തിൽ നിൽക്കെ 6.3 ശതമാനത്തിലാണ് 15 വർഷത്തേക്ക് ഈ വായ്‌പ്പ ചൈനീസ് എക്സിം ബാങ്ക് നൽകിയത്.ഈ പണി മുൻപോട്ടു നീങ്ങുമ്പോൾ മഹിന്ദ രാജ്പക്സെക്ക് ഒരു മണ്ടൻ ഐഡിയ തോന്നി.

കണ്ടെയ്നർ സൗകര്യമില്ലാത്ത തുറമുഖത്തിന്റെ ആദ്യ പാദം ലാഭത്തിലാക്കിയതിന് ശേഷം മതി ബാക്കി പണി എന്നായിരുന്നു ധാരണ. എന്നാൽ ആദ്യപാദ പണി തീർക്കുന്നതിന് മുൻപ് തന്നെ കണ്ടെയ്നർ സൗകര്യമുള്ള തുറമുഖം നിർമ്മിക്കുന്നതിന് രണ്ടാം പാദത്തിന്റെ പണിയും അയാൾ തുടങ്ങി വെച്ചു. അതിനായി $757 ഡോളറിന്റെ വായ്‌പ്പയും ചൈനീസ് എക്സിം ബാങ്ക് വഴി തന്നെ വാങ്ങി. പലിശ 2 ശതമാനം മാത്രം.പക്ഷെ, 2014 ആയപ്പോൾ ഹമ്പൻടോട്ട തുറമുഖം നഷ്ടത്തിലായി തുടങ്ങി. അങ്ങിനെ “ചൈന ഹാർബർ”, ” ചൈന മെർച്ചന്റ്സ് ഗ്രൂപ്” എന്നീ രണ്ടു സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 35 വർഷത്തേക്ക് ഡെവലപ്പ് ആൻഡ് ഓപ്പറേറ്റ് എന്ന തത്വത്തിൽ തുറമുഖം വിട്ട് കൊടുക്കാൻ ധാരണയാക്കി. അപ്പോളേക്കും 2015-ൽ മഹിന്ദ രാജപക്സെ തെരെഞ്ഞെടുപ്പിൽ തോറ്റു.

മൈത്രിപാല സിരിസേന പ്രസിഡന്റായി. ആ സമയത്തും മൊത്തം വിദേശ കടത്തിന്റെ 5 ശതമാനം മാത്രമേ ചൈന വഴി വന്നിരുന്നുള്ളൂ. 2016-ൽ സിരിസേന ആദ്യം ഒരു പുതിയ ഐ.എം.എഫ് വായ്പ്പയെടുത്തു. പക്ഷെ ആ പൈസ മതിയായില്ല. അതിനാൽ ഹമ്പൻടോട്ട തുറമുഖം ലീസിന് നൽകാൻ ആഗോള ടെൻഡർ വിളിച്ചു. രണ്ടു കമ്പനികൾ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്: “ചൈന ഹാർബർ”, “ചൈന മെർച്ചന്റ്സ് ഗ്രൂപ്”. കൂടുതൽ തുകക്ക് വിളിച്ച ചൈന മെർച്ചന്റ്സ് ഗ്രൂപ്പിന് തുറമുഖം 99 വർഷത്തെ ലീസിന് നൽകി. അതിനായി ചൈന മെർച്ചന്റ്സ് ഗ്രൂപ്പ് $1.12 ബില്യൺ കാശായി ശ്രീലങ്കക്ക് നൽകി.

ഈ പൈസ കൊണ്ട് സിരിസേന ചൈനീസ് എക്സിം ബാങ്കിന്റെ വായ്പ തിരിച്ചടക്കും എന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷെ സിരിസേന ചെയ്തത് ഈ പൈസയെടുത്ത് രാജ്യത്തിൻറെ വിദേശനാണയ ശേഖരത്തിലേക്ക് ഇടുകയായിരുന്നു.അതായത്, ഹമ്പൻടോട്ട തുറമുഖം ചൈനീസ് ഗ്രൂപ്പിന് ലീസിന് നൽകിയത് മൂലം ശ്രീലങ്കക്ക് $1.12 ബില്യൺ ലാഭമാണ് വിദേശനാണയ ശേഖരത്തിൽ ഉണ്ടായത്. നഷ്ടമല്ല.പക്ഷെ അപ്പോഴാണ് അമേരിക്കക്ക് ചതി മനസ്സിലായത്. ലോകത്തെ ഏറ്റവും വലിയ കപ്പൽപാതയായ (80 ശതമാനം കടലിലെ ചരക്കും പോകുന്ന) ഇന്ത്യൻ മഹാസമുദ്രത്തിന്റെ വക്കത്ത് ഒരു ചൈനീസ് നിയന്ത്രണത്തിലുള്ള തുറമുഖം വന്നിരിക്കുന്നു. അപ്പോൾ തുടങ്ങിയതാണ് കുത്തക പത്രങ്ങളെയും മറ്റു മാധ്യമങ്ങളെയും ഒക്കെ ചേർത്തു നിർത്തി കൊണ്ടുള്ള ചൈന-വിരുദ്ധ പ്രചാരണം. ഇതാ ചൈന ശ്രീലങ്കയെ ഏറ്റെടുക്കാൻ പോകുന്നു എന്നായിരുന്നു ഈ പ്രചാരണത്തിന്റെ സമ്മറി.

അങ്ങിനെയാണ് 2018-ൽ മൈക്ക് പെൻസ് debt-trap diplomacy എന്ന പേരിട്ടു തന്നെ ചൈനയുടെ പങ്കിനെ വിളിക്കാൻ ആരംഭിച്ചത്. പെൻസ് വെച്ച അതേ ട്രാപ്പിലാണ് ശ്രീ മാധവൻ കുട്ടിയും ഇപ്പോൾ വീണിരിക്കുന്നത്.ചൈനക്ക് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കൃത്യമായ ജിയോ-പോളിറ്റിക്കൽ തന്ത്രങ്ങളുണ്ട്. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങൾക്കുമതുണ്ട്. അതിന്റെ ഭാഗമായി തന്നെയാവാം അവർ ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ അവരുടെ കമ്പനികൾക്ക് അനുമതി നൽകിയത്. അതിന്റെ തെറ്റും ശരിയും വിലയിരുത്താനുള്ള സമയമല്ല ഇത്.

അത് മറ്റൊരവസരത്തിലാവാം. ഇവിടുത്തെ പ്രശ്നം ശ്രീലങ്കയിൽ വന്നു ചേർന്നിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയാണ്. അതിൽ ചൈനക്ക് എന്തെങ്കിലും പങ്കുണ്ടെങ്കിൽ മാത്രം അവരുടെ ജിയോ-പോളിറ്റിക്കൽ തന്ത്രങ്ങൾ ചർച്ച ചെയ്‌താൽ പോരേ? അനവസരത്തിൽ ചൈനയുടെ പേര് വലിച്ചിഴച്ച് അമേരിക്കയുടെ കുതന്ത്രത്തിൽ വീണു പോകണോ? ശ്രീ മാധവൻ കുട്ടിയെ പോലുള്ളവർ ആ ജാഗ്രത കാണിക്കേണ്ടതല്ലേ?

80%
Awesome
  • Design

Comments are closed.