News in its shortest

ചെറുകിട ഖനനം: ചട്ടങ്ങളില്‍ ഭേദഗതി വരുത്തും, കളിമണ്‍ വ്യവസായത്തിന് ആശ്വാസം


ചെറുകിട ധാതുഖനനത്തിന് ജില്ലാ കലക്ടറുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) വേണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.

ചെറുകിട ധാതുക്കളായ സാധാരണ കളിമണ്ണിന്റേയും മണലിന്റേയും ഖനനത്തിന് ജില്ലാതല വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം കലക്ടര്‍ നിരാക്ഷേപ പത്രം നല്‍കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2006-ലെ വിജ്ഞാപന പ്രകാരം എല്ലാതരം ചെറുകിട ധാതുക്കളുടെയും ഖനനത്തിന് പാരിസ്ഥിതികാനുമതി ഇപ്പോള്‍ നിര്‍ബന്ധമാണ്.

അഞ്ച് ഹെക്ടറില്‍ കൂടുതല്‍ വിസ്തീര്‍ണമുളള സ്ഥലത്ത് ഖനനം നടത്തുന്നതിന് പാരിസ്ഥിതികാനുമതി നല്‍കുന്നത് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയസമിതിയും അഞ്ച് ഹെക്ടറില്‍ കുറവ് വിസ്തീര്‍ണമുളള സ്ഥലത്തെ ഖനനത്തിന് ജില്ലാതലത്തില്‍ കലക്ടറുടെ അധ്യക്ഷതയിലുളള ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയുമാണ്.

പാരിസ്ഥിതികാനുമതി നിര്‍ബന്ധമായതിനാല്‍ നടപടിക്രമങ്ങളിലെ സങ്കീര്‍ണത കുറയ്ക്കുന്നതിനാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത്. കളിമണ്ണിന്റെ ക്ഷാമം മൂലം ഇഷ്ടിക, ഓട്, നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ട്. അതു പരിഹരിക്കുന്നതിനുളള ശ്രമത്തിന്റെ കൂടി ഭാഗമായാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Comments are closed.