News in its shortest

റോബര്‍ട്ടോ ബാജിയോ: അസൂറികളുടെ രാജകുമാരൻ

സുരേഷ് വാരിയേത്ത്‌

ഇന്ന് ചില ഫുട്ബോൾ ഓർമകൾ….. ഓരോ ലോകകപ്പിലും താരപരിവേഷവുമായി വരുന്നവർ അവസാന നിമിഷം ഹതാശരാവുന്ന കാഴ്ചകൾ എത്രയോ ഫൈനലുകളിൽ കണ്ടിരിക്കുന്നു. 1990 ൽ അതു മറഡോണ എങ്കിൽ 94 ൽ ബാജിയോയും 98 ൽ റൊണാൾഡോയും 2002 ൽ ഒലിവർ കാനും 2006ൽ സിദാനും തുടർന്ന് 2010ൽ റോബനും 2014 ലോകകപ്പിൽ മെസ്സിയുമായിരുന്നു. ഓരോ ഫൈനലും നടക്കുന്ന മൈതാനങ്ങൾക്ക് എന്നും പ്രിയതാരങ്ങളുടെ കണ്ണീർ വീണ കഥകൾ പറയാനുണ്ടാവും.

1994 ജൂലൈ 17 ലെ രാവ്, കാലിഫോർണിയയിലെ റോസ് ബൗൾ സ്റ്റേഡിയത്തിലെ 94000 ൽ പരം കാണികളുടെ കണ്ണുകൾ പതിയുന്നത് രണ്ടേ രണ്ടു പേരിൽ മാത്രം . ആദ്യ പേരുകാരൻ ക്ലോഡിയോ ടഫ്റേൽ, ബ്രസീലിന്റെ വിശ്വസ്ഥനായ അവസാന കാവൽക്കാരൻ. പക്ഷേ സമ്മർദ്ദം മുഴുവൻ പെനാൾട്ടി സ്പ്പോട്ടിനടുത്ത് റഫറിയുടെ വിസിൽ കാത്തു നിൽക്കുന്ന, വെള്ളാരം കണ്ണുള്ള മുടി നീട്ടി പോണി ടെയ്ൽ ആക്കിയ, സമ്മർദ്ദം പുഞ്ചിരിയിൽ മറയ്ക്കാൻ നോക്കുന്ന ആ സുന്ദരനിലായിരുന്നു. ഇറ്റലിയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാൾ. സ്ട്രൈക്കർ റോളിലും മിഡ് ഫീൽഡിൽ പ്ലേമേക്കറുടെ റോളിലും തിളങ്ങാൻ കഴിയുന്ന അപൂർവം പേരിൽ ഒരാൾ, റോബർട്ടോ ബാജിയോ.

86 ആം മിനുട്ടിൽ ബ്രസീൽ ഗോളടിച്ച് വിജയിക്കുമെന്ന കമ്പ്യൂട്ടർ പ്രവചനം കാറ്റിൽ പറത്തി കളി എക്സ്ട്രാ ടൈമും കഴിഞ്ഞ് ഷൂട്ടൗട്ട്. അഞ്ചിൽ മൂന്ന് ഗോളുകൾ ബ്രസീൽ നേടിയപ്പോൾ നാലിൽ രണ്ടു തവണ വല ചലിപ്പിച്ച് ഇറ്റലിയും. അവസാന ഊഴം ബാജിയോയുടെതാണ്. സമ്മർദ്ദത്തിന്റെ പരകോടിയിൽ നിന്ന, ലോകകപ്പിലെ സിൽവർ ബോളിനുടമയായ ബാജിയോ എടുത്ത കിക്ക്, പക്ഷേ അവിശ്വസനീയമായി പറന്നത് ഡൈവ് ചെയ്ത ടഫറേലിനും ക്രോസ് ബാറിനും മുകളിലൂടെയായിരുന്നു. ഇറ്റലിയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബാജിയോ ഒരൊറ്റ കിക്കോടെ പലർക്കും വെറുക്കപ്പെട്ടവനായി.

ഇറ്റലിയുടെ ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് ബാജിയോ എന്ന് നിസംശയം പറയാം. ഇറ്റലിക്കു വേണ്ടി സ്ട്രൈക്കറായും മിഡ്ഫീൽഡറായും കളിച്ച അദ്ദേഹം 56 മത്സരങ്ങളിൽ നിന്ന് 27 ഗോൾ നേടി, ഡെൽ പിയറോയോടൊപ്പം ടോപ്പ് സ്കോറർ ബഹുമതി പങ്കിടുന്നു. 1988 മുതൽ 2004 വരെ ഇറ്റലിക്കായി ബൂട്ടണിഞ്ഞ ബാജിയോ അന്താരാഷ്ട്ര, ക്ലബ് മത്സരങ്ങളിൽ നിന്നും 318 ഗോളുകൾ നേടി ഏറ്റവും കൂടുതൽ സ്കോർ ചെയ്ത അഞ്ചുപേരിൽ ഉൾപ്പെടുന്നു.

1985- 90 കാലത്ത് ഫിയോറന്റീനക്കു കളിച്ച അദ്ദേഹം 90-95 കാലത്ത് യുവെന്റസിലും തുടർന്ന് മിലാൻ , ഇൻറർ ക്ലബുകളിൽ ചേർന്ന് ബ്രെസിയ ക്ലബിന് കളിക്കവേ 2004ൽ 37 ആം വയസ്സിൽ റിട്ടയർമെന്റ് പ്രഖ്യാപിച്ചു. ബുദ്ധമതം സ്വീകരിച്ച അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ്.

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode

റോബര്‍ട്ടോ ബാജിയോ: അസൂറികളുടെ രാജകുമാരൻ