News in its shortest

ഇന്ന് 10 പേര്‍ക്ക് കോവിഡ്, 19 പേര്‍ക്ക് രോഗം ഭേദമായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ ഏഴുപേര്‍, കാസര്‍കോട് രണ്ടുപേര്‍, കോഴിക്കോട് ഒന്ന്. മൂന്നുപേര്‍ വിദേശത്തുനിന്നു വന്നവരും ഏഴുപേര്‍ സമ്പര്‍ക്കംമൂലം രോഗം ബാധിച്ചവരുമാണ്. ഇന്ന് 19 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് ഒമ്പതുപേര്‍, പാലക്കാട് നാല്, തിരുവനന്തപുരം മൂന്ന്, ഇടുക്കി രണ്ട്, തൃശൂര്‍ ഒന്ന് ഇങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവായവരുടെ കണക്ക്. ഇതില്‍ ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 228 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,23,490 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,22,676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 201 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 14,163 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 12,818 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

കോവിഡ് രോഗമുക്തരായ ദമ്പതികള്‍ക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ (പരിയാരം) കുഞ്ഞു പിറന്നു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് സ്വദേശിയായ യുവതി രോഗവിമുക്തയായത്. ഇന്ന് ഉച്ചയോടെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അവര്‍ക്കും അവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

Comments are closed.