News in its shortest

നിപാ രോഗബാധ: കൃത്യസമയത്ത് പ്രവര്‍ത്തിച്ചു, ആരോഗ്യ വകുപ്പിനെ പ്രശംസിച്ച് കേന്ദ്രസംഘം

നിപാ വൈറസ് ബാധയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിനെ പ്രകീര്‍ത്തിച്ച് കേന്ദ്ര സംഘം. സാധാരണ മറ്റു ഇടങ്ങളില്‍ നിപാ വൈറസ് ആക്രമണമുണ്ടായപ്പോള്‍ അനവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനുശേഷമാണ് രോഗ ബാധ തിരിച്ചറിയാന്‍ സാധിച്ചതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിച്ചതും. എന്നാല്‍ കോഴിക്കോട് രണ്ടാമത്തെയാളിന് രോഗം ബാധിച്ചപ്പോള്‍ തന്നെ നിപാ വൈറസ് ബാധയാണെന്ന് കണ്ടെത്തുകയും അതിന് അനുസരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം ചെയ്തുവെന്നും കേന്ദ്ര സംഘം പറഞ്ഞു. സംസ്ഥാനം കേന്ദ്രത്തെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

മുമ്പ് ഇന്ത്യയില്‍ തന്നെ രണ്ട്‌ തവണ നിപാ വൈറസ് രോഗബാധയുണ്ടായിട്ടുണ്ട്. രണ്ട് തവണയും കൂടെ അമ്പതോളം മരണങ്ങളാണ് പശ്ചിമബംഗാളില്‍ ഉണ്ടായിട്ടുള്ളത്.

നിപാ വൈറസ് ചികിത്സയില്‍ പേരാമ്പ്രയിലെ ആശുപത്രി മുതല്‍ മുകളിലേക്കുള്ള എല്ലാ ആശുപത്രികളും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും വൈറസ് ബാധ നിലവിലെ സ്ഥിതിയില്‍ നിയന്ത്രണവിധേയമാണെന്നും സംഘം പറഞ്ഞു.

ആറ് മരണങ്ങളാണ് ഇപ്പോള്‍ നിപാ വൈറസ് ആക്രമണം മൂലമുണ്ടായ രോഗത്തില്‍ ഉണ്ടായിട്ടുള്ളത്. ഒമ്പതു പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. അറുപത് പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും ചികിത്സ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും അറിയിച്ചു.

Comments are closed.