News in its shortest

പോലീസിനു മനുഷ്യമുഖം പ്രധാനം, തെറ്റുചെയ്തവരെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

പോലീസിന്റെ മനുഷ്യമുഖമാണു പ്രധാനമെന്നും ഒറ്റപ്പെട്ട തെറ്റുകളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരോ പോലീസ് മേധാവികളോ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കാര്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയുള്ളവര്‍ പോലീസിലുണ്ടാകും. ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവര്‍ക്കെതിരെ നടപടി കര്‍ക്കശമാകും. രാജ്യത്തിനുതന്നെ മാതൃകയാണ് കേരള പോലീസിന്റെ പ്രവര്‍ത്തനം. ജനാധിപത്യ ഭരണസംവിധാനത്തിന് കീഴില്‍ ആരംഭിച്ചതല്ല ഇവിടുത്തെ പോലീസ് സംവിധാനം. ബ്രിട്ടീഷ് സാമ്രാജ്യത്വം നാട്ടുകാരെയും നാടിനേയും അടക്കിഭരിക്കാനുള്ള ഉപാധിയായാണ് പോലീസിനെ കണ്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അത് തുടര്‍ന്നു. 1957ലെ ഇ.എം.എസ്. സര്‍ക്കാരാണ് പ്രഖ്യാപിത പോലീസ് നയത്തിലൂടെ പോലീസിന്റെ മുഖച്ഛായ മാറ്റിമറിച്ചത്. തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടേണ്ടതില്ല എന്ന തീരുമാനം അതിന്റെ ഭാഗമായുണ്ടായതാണ്. ഇത് വലിയ മാറ്റങ്ങളാണു നാട്ടിലും പോലീസ് സംവിധാനത്തിലും ഉണ്ടാക്കിയത്. പലതരത്തിലുള്ള ഇടപെടലും കാലോചിതമായി ഉണ്ടായി. പുതിയമുഖം പോലീസിനു കൈവന്നുവെങ്കിലും പഴയ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പോലീസിന്റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പര്യമില്ല. പഴയ പരമ്പരാഗത പോലീസ് രീതിയോടാണ് അവര്‍ക്ക് താല്‍പര്യം. നാടിനും ലോകത്തിനും പോലീസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് അത്തരക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇന്ന് പോലീസ് സേനയിലുള്ളവരിലേറെയും. ഇത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നാടിന്റെ മുഖച്ഛായ മാറ്റാന്‍ കെല്‍പ്പുള്ളവരാണവര്‍. കേസന്വേഷണത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തുന്നവരെ അതേ നാണയത്തില്‍ പിടികൂടാന്‍ പോലീസിനു കഴിയുന്നുണ്ട്. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി രാജ്യം ഏറ്റെടുത്തു കഴിഞ്ഞു. പിങ്ക് പോലീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പിങ്ക് പോലീസിന് വാഹനങ്ങള്‍ അനുവദിക്കും. കേരളത്തില്‍ നിരീക്ഷണ ക്യാമറാ സംവിധാനം ശക്തിപ്പെടുത്തും. പുതിയ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും. നിലവിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ നവീകരിച്ച് ശക്തമാക്കും. ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നവരുടെ സംരക്ഷണ ചുമതലകൂടി കേരള പോലീസ് ഏറ്റെടുക്കും. ഇതിനു നാടിന്റെ പിന്തുണ ആവശ്യമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യപ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തി. തൃശൂര്‍ നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പോലീസ് രണ്ടുകോടി രൂപ നല്‍കാമെന്നും പത്തുകോടി രൂപ ചെലവുവരുന്ന പദ്ധതിയില്‍ തൃശൂര്‍ കോര്‍പറേഷനും മറ്റു ജനപ്രതിനിധികളും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നൂറ് ക്യാമറകളാണ് നഗരത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കണ്‍ട്രോള്‍ റൂമിന് അഞ്ച് പുതിയ വണ്ടികളും പിങ്ക് പോലീസിന് രണ്ടു വണ്ടികളും അധികം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടെ തൃശൂര്‍ കണ്‍ട്രോള്‍ റൂമിനു പത്തും പിങ്ക് പോലീസിനു നാലും വണ്ടികളുണ്ടാകും.

വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍, സി.എന്‍. ജയദേവന്‍ എംപി എന്നിവര്‍ വിശിഷ്ടാതിഥികളായി. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, എംഎല്‍എമാരായ കെ.വി. അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, അഡ്വ. കെ. രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ബി. സന്ധ്യ, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെട്ടിടം കരാറുകാര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. സിറ്റി പോലീസിനുവേണ്ടി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം സമ്മാനിച്ചു.

തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത് കുമാര്‍ സ്വാഗതവും സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍. നായര്‍ നന്ദിയും പറഞ്ഞു.

Comments are closed.