News in its shortest

സാംസ്‌കാരിക മേഖലയില്‍ വസന്തകാലം തിരിച്ചുവന്നു:മന്ത്രി ഏ കെ ബാലന്‍


കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ വസന്തകാലം തിരിച്ചുവന്നുവെന്നും ഇതിനു കാരണം സംസ്ഥാനത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവും ഇറ്റ്‌ഫോക്കും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമാണെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി ഏ കെ ബാലന്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമി ഏര്‍പ്പെടുത്തിയ അമ്മന്നൂര്‍ പുരസ്‌ക്കാരം തൃശൂര്‍ ഇറ്റ്‌ഫോക്ക് വേദിയില്‍ പ്രശസ്ത നാടകകൃത്തും ജ്ഞാനപീഠ ജേതാവുമായ ഗിരീഷ് കര്‍ണാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീത നാടക അക്കാദമിയിലേക്കുളള വഴി തിരുവനന്തപുരം മാനവീയം വീഥിയ്ക്ക് സമാനമായി സാംസ്‌ക്കാരിക വീഥിയാക്കി നാറ്റും. തൃശൂര്‍ കേന്ദ്രീകരിച്ച് ഒരു സാംസ്‌കാരിക ഇടനാഴി രൂപപ്പെടുത്തും. തൃശൂരിന്റെ കലാപാരമ്പര്യത്തെ കണ്ടറിഞ്ഞാണ് ഇത്തരം പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. ഈ സര്‍ക്കാര്‍ സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 5 കോടി രൂപയാണ് പ്ലാന്‍ഫണ്ടായി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റ്‌ഫോക്കിന് നാടകോത്സവത്തിന്റെ ഭൂപടത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചു കഴിഞ്ഞു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു തൊട്ടു പിന്നിലാണ് ഇറ്റ്‌ഫോക്കിപ്പോള്‍. ലോക നാടകങ്ങള്‍ക്കൊപ്പം മലയാളമുള്‍പ്പെടെയുളള നാടകങ്ങള്‍ ഇറ്റ്‌ഫോക്കിലൂടെ ജനങ്ങളിലെത്തുന്നത് വലിയ കാര്യമാണ്. ഇറ്റ്‌ഫോക്കിന് ആരംഭംകുറിച്ച ഭരത് മുരളിയുടെ സര്‍ഗാത്മകതയാണ് ഇന്നും അതിന്റെ കരുത്ത്. ഏറെ പരാധീനതകള്‍ക്കിടയിലും നാടകോത്സവത്തെ ഏറ്റെടുത്ത് വന്‍ വിജയമാക്കാന്‍ സംഗീത നാടക അക്കാദമിയ്ക്ക് കഴിഞ്ഞത് സാംസ്‌കാരിക പ്രവര്‍ത്തനത്തോടുളള ആത്മാര്‍ത്ഥയാണ്. കേരളം കലകളുടെ സ്വന്തം നാടാണെന്ന് ഇറ്റ്‌ഫോക്കിലൂടെ കേള്‍ക്കുമ്പോള്‍ അഭിമാനവും സന്തോഷവും ഏറെയാണെന്നും മന്ത്രി പറഞ്ഞു.

ഇറ്റ്‌ഫോക്കിനായി സര്‍ക്കാര്‍ മൂന്നുകോടി രൂപ മാറ്റിവയ്ക്കും. ഇറ്റ്‌ഫോക്കിനും മറ്റു നാടകോത്സവങ്ങള്‍ക്കുമായി തൃശൂര്‍ കേന്ദ്രീകരിച്ച് സ്ഥിരം നാടകവേദിയ്ക്കുളള പദ്ധതിയുണ്ട്. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 3 കോടി രൂപയാണ് വകയിരുത്തിട്ടുളളതെന്നും അദ്ദേഹം അറിയിച്ചു. പതിനാലു ജില്ലകളിലും സാംസ്‌കാരിക നിലയങ്ങള്‍ സ്ഥാപിക്കും. ഓരോ ജില്ലയ്ക്കും 50 കോടി രൂപയാണ് ഇതിനായി നല്‍കുക. മൊത്തം 700 കോടി രൂപ ചെലവഴിക്കും. ഗ്രാമാന്തരീക്ഷത്തില്‍ കെ എഫ് ഡി സി യുടെ നേതൃത്വത്തില്‍ 100 ചെറുകിട തിയേറ്ററുകള്‍ നിര്‍മ്മിക്കും. ഇതില്‍ 15 എണ്ണത്തിന് രൂപ രേഖയായി. ഫിലിം ആര്‍ക്കവൈസിന്റെ പണി പുരോഗമിക്കുന്നു. ഇ-ടിക്കറ്റിന്റെ നടപടികളും പൂര്‍ണ്ണതയിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

തെലുങ്കാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പൈതൃകമേള ഇതര സംസ്ഥാനങ്ങളിലും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തൃശൂര്‍ ജില്ലയുമായി അന്‍പതു വര്‍ഷത്തെ പരിചയമുണ്ടെന്നും അമ്മന്നൂര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയില്ലെങ്കില്‍ അത് വലിയ നിരാശയായി തീര്‍ന്നേനെ എന്നും പുരസ്‌ക്കാരം ഏറ്റു വാങ്ങി ഗീരിഷ് കര്‍ണാട് പറഞ്ഞു. അമ്മന്നൂരിനെ അറിയുകയും കൂടിയാട്ടത്തിന്റെ അഭിനയചിട്ടകള്‍ മനസ്സിലാക്കിയതും തന്റെ അഭിനയ ജീവിത്തതിന് മുതല്‍കൂട്ടായി. താനിപ്പോള്‍ മൂന്നാമതൊരു ലങ്‌സുമായിട്ടാണ് ജീവിക്കുന്നത്. കൃത്രിമ ശാസോച്ഛ്വാസ ഉപകരണം കൊണ്ടു നടക്കുന്നത് മേക്ക്പ്പ് ബോസ്‌കാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ സംശയം പ്രകടപ്പിക്കാറുണ്ടെന്നും തദവസരത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. പ്രശസ്ത നാടകകൃത്തായ ജി.ശങ്കരപ്പിളളയുടെ സൗഹൃദത്തേയും സംവിധായകന്‍ ഭരതന്‍ തന്നെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.

ചടങ്ങില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ ജി പൗലോസ് അമ്മന്നൂര്‍ മാധവചാക്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ ആദരപത്രം വായിച്ചു. അക്കാദമി എക്‌സിക്യൂട്ടീവ് അംഗം വി ഡി പ്രേംപ്രസാദ് സ്വാഗതവും സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് നന്ദിയും പറഞ്ഞു.

Comments are closed.