News in its shortest

ഓഖി ദുരന്തബാധിതര്‍ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു

ഓഖി ദുരിതബാധിതര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള സര്‍ക്കാര്‍ കരുതല്‍ ധനസഹായത്തില്‍ മാത്രം ഒതുങ്ങില്ല. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും. ഓഖി ദുരന്തത്തില്‍ കാണാതായ 92 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തന രേഖ തയ്യാറാക്കുന്ന നടപടി മുന്‍ ചീഫ് സെക്രട്ടറി  എസ് എം വിജയാനന്ദ് അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന സാധാരണ മത്സ്യത്തൊഴിലാളികള്‍ക്കായി 500 ചൂണ്ട ബോട്ടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കും. 600 കോടിയുടെ ഈ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലൈഫ് ജാക്കറ്റ് ലഭ്യമാക്കും. കാലാവസ്ഥമുന്നറിയിപ്പും മത്സ്യ ലഭ്യതയും അപ്പപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കും. ഇതിനായി 1.45 ലക്ഷം മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ബന്ധപ്പെട്ട ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുമായി ചേര്‍ന്നുള്ള നാവിക് സംവിധാനം ബോട്ടുകളിലും വള്ളങ്ങളിലും ലഭ്യമാക്കും. ഈ സംവിധാനം വ്യവസായിക അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നിര്‍മിക്കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കും. ഇതിനായി 18.24 കോടി അനുവദിച്ചിട്ടുണ്ട്.

ഓഖി രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ നടപടികളിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തി. ഓഖി മുന്നറിയിപ്പ് ലഭിച്ചയുടന്‍ തന്നെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദുരിത ബാധിത മേഖലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ നടപടികളും ഒന്നൊന്നായി സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്.

Comments are closed.