News in its shortest

കോവിഡ് 19: കേരളത്തില്‍ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ? വി ഡി സതീശന്‍

വി ഡി സതീശന്‍, എംഎല്‍എ, പറവൂര്‍

ലോകവും രാജ്യവും നമ്മുടെ സംസ്ഥാനവും കോവിഡ് 19 ന്‍റെ ആശങ്കയില്‍ വലയുന്നതിനിടെയാണ് അതിതീവ്രരോഗവ്യാപനം കേരളത്തെ കാത്തിരിക്കുന്നുവെന്ന സംസ്ഥാന ദുരന്തനിവാരണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ അന്‍പത് മുതല്‍ എണ്‍പത് ലക്ഷം കേരളീയര്‍ക്ക് രോഗം വരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.

അഞ്ച് മുതല്‍ എട്ട് ലക്ഷം വരെ പേര്‍ ആശുപത്രികളിലാകും. അറുപതിനായിരം പേര്‍ക്ക് അതിഗുരുതരമായ രോഗാവസ്ഥയുമുണ്ടാകാം. ഇത് സംസ്ഥാനത്തെ മെഡിക്കല്‍സംവിധാനത്തിന് താങ്ങാനാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ദുരന്തനിവാരണ അതോറിറ്റി, തിരുവനന്തപുരം മെഡിക്കല്‍കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍വിഭാഗം , ബാര്‍ട്ടന്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംങ് കോളജ് എന്നിവരുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് വലിയ ആശങ്ക സൃഷ്ടിക്കുന്ന ഈ കണ്ടെത്തലുകളുള്ളത്.

മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ എണ്‍പത് ലക്ഷം പേര്‍ക്ക് രോഗം വരുകയെന്നാല്‍, സംസ്ഥാനം ആശുപത്രിക്കിടക്കിയിലാകുന്നു എന്നാണ് അതിന്‍റെ അര്‍ഥം. ജോണ്‍ഹോപ്കിന്‍സ് എന്നൊരു വിദേശ സര്‍വകലാശാലയുടെ ഇത്തരമൊരു പഠനവും ഇന്‍റര്‍നെറ്റില്‍ അടുത്തിടവരെ പ്രചരിച്ചിരുന്നു. പിന്നീട് ജോൺഹോപ്കിന്‍സ് സര്‍വകലാശാല ആ പഠനവുമായി ബന്ധമില്ലെന്ന് ട്വീറ്റ് ചെയ്തു. കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ദുരന്തനിവാരണ അതോറിറ്റിയുടെ പഠനത്തെക്കുറിച്ച് എനിക്ക് ചില ചോദ്യങ്ങളുണ്ട്.

1. സംസ്ഥാന സര്‍ക്കാരാണോ ഈ പഠനത്തിന് അതോറിറ്റിയെ ചുമതലപ്പെടുത്തിയത്?

2. ഇത്രയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ അത് ജനപ്രതിനിധികളോടെങ്കിലും പങ്കുവെക്കാത്തതെന്താണ്?

3. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരോട് ഈ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തോ?

4. കേരളം അതിഭീകരമായ അപകടഭീഷണിയിലാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചോ? ഈ പഠന റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ഐസിഎംആറിനും ആഭ്യന്തരവകുപ്പിനും കൈമാറിയോ?

5. ഇപ്പോള്‍ ഒരുപരിധിവരെയെങ്കിലും രോഗവ്യാപനം പിടിച്ചു നിറുത്താനും മരണസംഖ്യ കുറക്കാനുമാകുന്നു എന്നാണല്ലോ സര്‍ക്കാര്‍കണക്കുകള്‍തന്നെ വ്യക്തമാക്കുന്നത്. ഇതും ഈ പഠനത്തിലെ ദുരന്തപ്രവചനവും എങ്ങിനെയാണ് ചേര്‍ത്തുവായിക്കേണ്ടത്? ഇപ്പോഴുള്ള ചെറിയൊരുആശ്വാസം , കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത മാത്രമാണോ?

6. സംസ്ഥാനത്തെയോ, രാജ്യത്തെയോ, അന്താരാഷ്ട്ര തലത്തിലേയോ ഏതെങ്കിലും വിദഗ്ധരോ, വിദഗ്ധ ഏജന്‍സികളോ കണ്ട്, വിലയിരുത്തി അഭിപ്രായം അറിയിച്ചതിനും ശേഷമാണോ ഈ പഠനം പുറത്തു വിട്ടത്?

7. ഈ പഠനത്തിലെ കണ്ടെത്തലുകളെ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ?8. ലോക്ക്ഡൗണ്‍ എപ്രകാരം ഘട്ടംഘട്ടമായി പിന്‍വലിക്കാമെന്ന് ഉപദേശം നല്‍കിയ വിദഗ്ധസമിതി ഈ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടോ?

9. ഇത്തരം ഒരു ദുരന്തമാണ് നമ്മെ കാത്തിരിക്കുന്നതെങ്കില്‍ , നിലവിലെ ലോക്ക്ഡൗണ്‍ മെയ് അവസാനം വരെയോ ജൂണ്‍ അവസാനം വരെയോ നീട്ടേണ്ടെ? കൂടുതല്‍ കര്‍ശനമാക്കേണ്ടെ? അതിനുള്ള തയ്യാറെടുപ്പുകളുണ്ടോ?

10. സംസ്ഥാനത്തെ തൊഴിലുടമകള്‍, തൊഴിലാളിസംഘടനകള്‍, കര്‍ഷകരുടെ സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായി ഈ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യേണ്ടതല്ലെ?

മറുപടി പ്രതീക്ഷിക്കുന്നു. ഓഖിക്കാലത്തും മഹാപ്രളയകാലത്തും പ്രത്യേകിച്ചൊരു പ്രയോജനവുമില്ലാതിരുന്ന ദുരന്ത നിവാരണ അതോറിറ്റി തന്നെ മറ്റൊരു മഹാദുരന്തമാണ്.

ലോകവും രാജ്യവും നമ്മുടെ സംസ്ഥാനവും കോവിഡ് 19 ന്‍റെ ആശങ്കയില്‍ വലയുന്നതിനിടെയാണ് അതിതീവ്രരോഗവ്യാപനം കേരളത്തെ…

Posted by V D Satheesan on Saturday, April 11, 2020

വി.ഡി സതീശന്റെ തുറന്ന കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി

80 ലക്ഷം പേര്‍ക്ക് രോഗം വരാനിടയുണ്ട് എന്നൊക്കെയുള്ള തെറ്റായ വിവരം പരത്തി ജനങ്ങളെ ഭീതിപ്പെടുത്തുന്ന നില ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏതിനെയും നേരിടാനുള്ള ശേഷി സംസ്ഥാനത്തിനുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അനാവശ്യമായ ഭീതി പരത്തുന്ന നില സ്വീകരിക്കാന്‍ പാടില്ല. ദുരന്ത നിവാരണ അതോറിറ്റി എല്ലാ കാര്യങ്ങളും പരിശോധിക്കാനും തീരുമാനമെടുക്കാനും ചുമതലപ്പെട്ട ഏജന്‍സിയാണ്. അവരെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് അനീതിയാണ്. അങ്ങനെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.