News in its shortest

‘ഇത് മുസ്ലീം വിരുദ്ധം മാത്രമല്ല, മനുഷ്യ വിരുദ്ധവുമാണ്’

രഞ്ജിത്ത് ആന്റണി

നിങ്ങൾ ശ്രദ്ധിച്ചൊ എന്നറിയില്ല. അടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ എന്ത് വിവാദപരമായ തീരുമാനങ്ങളോടും ജനങ്ങൾ വളരെ നിസ്സംഗതയോടെയാണ് എൻഗേജ് ചെയ്തിരുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന ഒന്ന് രണ്ട് സർക്കാസ്റ്റിക് ട്രോളുകൾ അല്ലാതെ മിക്ക തീരുമാനങ്ങളും ഒഹ് എന്തൊ ആയിക്കോട്ടെ എന്നങ്ങ് സ്വീകരിക്കാറാണ് പതിവ്. 2016 ൽ സിറ്റിസണ് അമെൻഡ്മെന്റ് ബിൽ ആദ്യം ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായ പ്രതികരണത്തിന്റെ പകുതി പോലും ഇത്തവണ ഉണ്ടായില്ല. രാജ്യസഭയിൽ ബില്ലു പാസായാപ്പഴും കാര്യമായ പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായില്ല.

അപ്പഴാണ് അമിത് ഷായുടെ പ്രസ്താവന വന്നത്, ആസ്സാം മോഡൽ NCR രാജ്യമൊട്ടുക്കും നടപ്പാക്കാൻ പോകുന്നു എന്ന്. മൈനോരിറ്റികൾ ഭയപ്പെടണ്ട, ഞാൻ നിങ്ങടെ കൂടെയുണ്ട് എന്നൊക്കെ പറഞ്ഞ് നാക്ക് വായിലിട്ടതിന്റെ പിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ആത്മവിശ്വാസം ലേശം കൂടി പോയതാണ് കാരണം. ബി.ജെ.പി യുടെ ലോങ് ടേം സ്ട്രാറ്റജി പുള്ളി അറിയാതെ വിളിച്ചു പറഞ്ഞു പോയതാണ്.

അവിടുന്നാണ് കാര്യം കൈവിട്ട് പോയത്. വിവരമുള്ളവർ ഉറക്കെ ചിന്തിച്ചു തുടങ്ങി.

ഒന്നാലോചിക്കണം. NCR നടപ്പാക്കുമ്പോൾ കേരളത്തിലുള്ളവരും നിങ്ങൾ 1950 ന് മുന്നെ ഇൻഡ്യയിലാണെന്ന് തെളിവു നൽകാൻ ബാദ്ധ്യസ്ഥനാണ്. തലമുറകളായി കേരളത്തിൽ കഴിഞ്ഞവർ വരെ നെട്ടോട്ടം ഓടണ്ടി വരും. 1950 ന് മുന്നെ ഇൻഡ്യയിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന് മുന്നെ നിങ്ങളുടെ ബർത്ത് സർട്ടിഫിക്കറ്റ് എങ്കിലും കിട്ടണമല്ലൊ. ജൂണ് 1 ന് “ജനിച്ച” മലയാളികൾ ഇതിനെ കുറിച്ച് കൂലങ്കഷമായി ഒന്ന് ആലോചിക്കണം. സർക്കാർ സർവ്വീസിലൊക്കെ ഇരിക്കുന്നവർ കള്ള ജൻമദിനമൊക്കെ കാണിച്ച് ജോലി വാങ്ങിയതാണെന്ന് വെളിപ്പെട്ടാൽ എന്തായിരിക്കും എന്ന് കൂടെ ആലോചിക്കണം. അത് പിന്നെ പോട്ടെന്ന് വെയ്ക്കാം. മരിച്ചു പോയ അപ്പനും അമ്മയുമൊക്കെ ഉള്ളവർ അവരുടെ വേരുകൾ തേടി പോയി തെളിവുകൾ കണ്ടെത്തണ്ട ബുദ്ധിമുട്ടും കൂടെ ഒന്ന് ആലോചിക്കണ്ടതാണ്.

ഈ ബില്ലെങ്ങനെ മുസ്ലീം വിരുദ്ധമാകും എന്നത് ഇപ്പോൾ ആലോചിച്ചാൽ മനസ്സിലാകണ്ടതാണ്. 1950 ന് മുന്ന് ഇൻഡ്യയിൽ ജീവിച്ചിരുന്നു എന്ന് തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ ഉടനടി അനധികൃത കുടിയേറ്റക്കാരനായി. ആസ്സാമിൽ ആർമ്മിയിൽ നിന്ന് വിരമിച്ച ഓഫീസറടക്കം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാലോചിക്കണം. ഒരേ കുടുംബത്തിലെ തന്നെ പട്ടികയിൽ പെടാത്തവരും, പെട്ടവരും ഉണ്ട്. അതിനാൽ അത്തരമൊരു സാഹചര്യം കേരളത്തിലൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നത് ഒരു വിഷ്ഫുൾ തിങ്കിങ് ആയിരിക്കും. മലപ്പുറത്തും കോഴിക്കോടുമൊക്കെ തലമുറകളായി ജീവിച്ചു വരുന്ന മുസ്ലീങ്ങളാണ് ഒരൊറ്റ രാത്രി കൊണ്ട് ഇൻഡ്യൻ പൌരനല്ലാതാകുക.

ഇനിയും ഈ ബില്ലിലെ പ്രശ്നം മനസ്സിലാവാത്തവർക്ക് വേറൊരു എക്സർസ്സൈസ് തരാം. നിങ്ങൾ മുസ്ലീമല്ല. കൃസ്ത്യാനി ആണെന്ന് വെയ്ക്കുക. 1950 നു മുൻപ് ഇൻഡ്യയിലാണെന്ന് തെളിയിക്കാൻ സാധിച്ചില്ലെന്ന് കരുതുക. (കുടിയേറ്റ മേഖലയിലൊക്കെ അനേകം പേർ ഉണ്ടാകണ്ടതാണ്). നിങ്ങടെ അടുത്ത ഓപ്ഷനെന്നത് പാക്കിസ്ഥാനിൽ നിന്ന് റിലിജ്യസ് പ്രോസിക്യൂഷൻ പേടിച്ച് ഓടി വന്നതാണെന്ന് സമ്മതിക്കുകയാണ്. …. ആലോചിച്ചു നോക്കു.!!!

ദയവു ചെയ്ത് ഇനിയും ഈ ബില്ലെങ്ങനെയാണ് മുസ്ലീം വിരുദ്ധമാകുന്നതെന്ന് ചോദിച്ചു വരരുത്. ഇത് മുസ്ലീം വിരുദ്ധം മാത്രമല്ല, മനുഷ്യ വിരുദ്ധവുമാണ്.

Comments are closed.