News in its shortest

ആരോഗ്യജാഗ്രതയ്ക്കായി എല്ലാവരും ഒരുമിക്കണം : മന്ത്രി ഏ സി മൊയ്തീന്‍

പരിസ്ഥിതി ശുചിത്വത്തിലൂടെ നമ്മുടെ ആരോഗ്യത്തിനായി എല്ലാവരും ഒരുമിക്കണമെന്ന് വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. ആരോഗ്യ ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം വില്‍വട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട ആരോഗ്യ സംവിധാനം നമുക്കുണ്ടെങ്കിലും സീസണലില്‍ ചില രോഗങ്ങള്‍ വരുന്ന പതിവുണ്ട്. ഇത്തരം രോഗങ്ങള്‍ തടയുന്നതോടൊപ്പം ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ഈ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഔപചാരികചടങ്ങായി കാണരുത്. അതിനും അപ്പുറത്തേക്ക് പോകണം. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ മറ്റ് വകുപ്പുകള്‍ ഒരുമിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പരിപാടികള്‍ സംഘടപ്പിക്കുന്നത്. സാക്ഷരതാ പ്രസ്ഥാനം ലോകത്തിനു മാതൃകയായി മാറിയതുപോലെ ആര്‍ദ്രം മിഷന്റെ പൊതുജനാരോഗ്യബോധവല്‍ക്കരണ പരിപാടിയായ ആരോഗ്യജാഗ്രത എല്ലാവരും ഒരുമിച്ച് ഏറ്റെടുത്ത് മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ദ്രം മിഷനും ഹരിതകേരള മിഷനും പരസ്പരം കൈകോര്‍ത്ത് എറ്റെടുക്കുന്ന ആരോഗ്യജാഗ്രത പൊതുജനങ്ങളുടെ ജാഗ്രതയായി മാറുമ്പോള്‍ നാട് പകര്‍ച്ചവ്യാധികളില്‍ നിന്നും മരണങ്ങളില്‍ നിന്നും മുക്തമാകുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ആരോഗ്യസേന, ഹരിതകര്‍മ്മസേന, വാര്‍ഡുതല ആരോഗ്യ ശുചിത്വപോഷണ സമിതി, സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍ഷ്യന്‍ അസ്സോസിയേഷന്‍സ്, വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയ എല്ലാവരുടെയും കൂട്ടായ്മയിലൂടെയാണ് ആരോഗ്യജാഗ്രത പരിപാടി നടപ്പിലാക്കുന്നത്. യോഗത്തില്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാതിഥിയായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന ആരോഗ്യ ജാഗ്രത പദ്ധതി വിശദീകരണം നടത്തി . ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സുഹിത ആരോഗ്യജാഗ്രത സന്ദേശം നല്‍കി. കൗണ്‍സിലര്‍മാരായ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, ശാന്ത അപ്പു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സതീശന്‍ ടി വി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

ജില്ലാ കളക്ടര്‍ ഡോ.എ,കൗശിഗന്‍ സ്വാഗതവും പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കിഷോര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വ്യവസായ മന്ത്രി ഏ സി മൊയ്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വെയുടെ ഭാഗമായ ഗൃഹ സന്ദര്‍ശനം നടത്തി.

Comments are closed.