News in its shortest

മായാവതിയല്ല, കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തിന് പിന്നിലെ ചാണക്യന്‍ സീതാറാം യെച്ചൂരിയാണ്‌

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കിരണ്‍ ബാബു ഫേസ് ബുക്കില്‍ കുറിച്ചത്‌

കർണാടകയിൽ ബിജെപിയെ വെട്ടിയ യെച്ചൂരിയുടെ തുറുപ്പ് ഗുലാൻ

അധികാരത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ബിജെപിയെ ഞെട്ടിക്കുന്ന നീക്കമാണ് കർണാടകയിൽ വോട്ടെണ്ണൽ ദിവസം നടന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയിലേക്കും അപമാനത്തിലേക്കും ബിജെപിയെ തളളിയിട്ട കാരണവും മറ്റൊന്നല്ല. ഗോവയിൽ മാത്രമല്ല കേവലം രണ്ട് സീറ്റിൽ മാത്രം ജയിച്ച മേഘാലയയിൽ പോലും സർക്കാർ രൂപീകരിച്ച ബിജെപി വൈഭവത്തെ വെട്ടാൻ തക്ക തുറുപ്പൊന്നും ഒരു പാർട്ടിയുടെയും പക്കൽ ഇല്ലെന്നായിരുന്നു പൊതു വിലയിരുത്തൽ. പക്ഷേ കർണാടകയിൽ ഈ ധാരണ കോൺഗ്രസ് തെറ്റിച്ചു. പണ്ടേ പോലെ ഫലിക്കുന്നില്ലെങ്കിലും പല്ലിൻ ശൗര്യം ഇനിയും ബാക്കിയുണ്ടെന്ന് കോൺഗ്രസ് തെളിയിച്ചു.

കർണാടകയിൽ വോട്ടെണ്ണി തീരും മുമ്പേ കോൺഗ്രസും ജെഡിഎസും ധാരണയിലെത്തി. പ്രഖ്യാപനവും വന്നു. എങ്ങോട്ടും വളയാൻ മിടയേതുമില്ലാത്ത ജെഡിഎസിന് മറിച്ചൊരു ചിന്തയ്ക്ക് ഇടം നൽകിയില്ല.

സീറ്റെണ്ണം കുറഞ്ഞാൽ ജെഡിഎസിനെ അനായാസം വരുതിയിലാക്കാമെന്ന ബിജെപി പ്രതീക്ഷ പൊലിഞ്ഞത് ഈ തന്ത്രത്തിൽ ഉടക്കിയാണ്. സാധാരണഗതിയിൽ കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയാത്തത്ര ചടുല തന്ത്രമാണ് നടപ്പായത്. ഒന്നാം യുപിഎ കാലത്തിന് ശേഷം കോൺഗ്രസിൽ നിന്നും ഇത്തരം ചടുലവും ബദ്ധിപരവും തന്ത്രപരവുമായ നീക്കം ഉണ്ടായിട്ടില്ല.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ബിജെപി കേവല ഭൂരിപക്ഷം കടക്കും എന്ന തരത്തിലായിരുന്ന ഫലസൂചനകൾ. എന്നാൽ പത്ത് മണിയോടെ ഭൂരിപക്ഷ നില മാറി മറിഞ്ഞു. കോൺഗ്രസും ജെഡിഎസും ചേർന്നാൽ കേവല ഭൂരിപക്ഷത്തിനുളള സാധ്യത തെളിഞ്ഞു.
അവസാന ചിത്രം വ്യക്തമാകും മുമ്പ് തന്നെ ജെഡിഎസിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. തന്ത്രകുതന്ത്രങ്ങളുടെ മഹാചാര്യനായ അമിത്ഷാ കാഴ്ചക്കാരൻ മാത്രമായി. പിന്നീടാണ് മോദിയുടെ വിശ്വസ്ത വിധേയനായ ഗവർണറെ ഉപയോഗിച്ച് ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത അധാർമ്മിക വഴിയിലേക്ക് ബിജെപി നീങ്ങിയതും ഒടുവിൽ കോടതിയിൽ നിന്നും ഭാഗിക തിരിച്ചടി നേരിട്ടതും.

മാനത്ത് കണ്ട് വെട്ടിയ യെച്ചൂരി

കോൺഗ്രസും ജെഡിഎസും ഒരുമിച്ച തീരുമാനം വോട്ടെണ്ണലിന് ഇടയിലുളള രണ്ടോ മൂന്നോ മണിക്കൂറിൽ സാധ്യമായ ഒന്നല്ല. ഇവിടെയാണ് സീതാറാം യെച്ചൂരി എന്ന സി പി എം ജനറൽ സെക്രട്ടറിയുടെ രാഷ്​ട്രീയ ഉൾക്കാഴ്ചയും തന്ത്രജ്ഞതയും പ്രവർത്തിച്ചത്.

കർണാടകയിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും ജെഡിഎസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുമെന്നും വോട്ടെണ്ണലിന് മുമ്പ് തന്നെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ഏറെക്കുറെ വ്യക്തമായിരുന്നു.

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ജെഡിഎസ് ഒപ്പം ചേരാനുളള സാധ്യത ഏറെയായിരുന്നു. ഇത് മുൻകൂട്ടി കണ്ട യെച്ചൂരി ജനതാദൾ തലവൻ എച്ച് ഡി ദേവെഗൗഡയെ ഫോണിൽ വിളിച്ചു. മതേതര സഖ്യത്തിന് ഒപ്പം നിൽക്കണം എന്നതായിരുന്നു ആവശ്യം. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാനായി കോൺഗ്രസ് അടക്കമുളള പാർട്ടികൾ ചേർന്ന് ദേവെഗൗഡയെ പ്രധാനമന്ത്രിയാക്കിയ ചരിത്രവും ഓർമ്മിപ്പിച്ചു. അടുത്ത ലോക്​സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകൾ കൂടി മുന്നിൽ കണ്ട ദേവെഗൗഡ വഴങ്ങി. അദ്ദേഹം ചില വ്യവസ്ഥകൾ മുന്നോട്ടു വച്ചു. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കണം. കോൺഗ്രസ് ആദ്യം പിന്തുണ അറിയിക്കണം. തുടർന്ന് ദേവെഗൗഡയുടെ മകനും ജെഡി എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമിയുമായും ദേവെഗൗഡയുടെ മറ്റൊരു മകൻ എച്ച് ഡി രേവണ്ണയുമായും വിഷയം ചർച്ച ചെയ്തു. തുടർന്ന് വിവരം കോൺഗ്രസിന്റെ ഒന്നാം നമ്പർ നേതാവ് സോണിയാ ഗാന്ധിയെ അറിയിച്ചു. ദേവെഗൗഡയുമായി വ്യക്തിപരമായി അടുപ്പമുളള ഗുലാം നബി ആസാദിനെയും അശോക് ഗലോട്ടിനെയും ചർച്ചയ്ക്ക് നിയോഗിച്ചു.

വോട്ടെണ്ണലിന്റെ തലേന്ന് തന്നെ ഇവർ ദേവെഗൗഡയുമായും കുമാരസ്വാമിയുമായും ചർച്ച നടത്തി ധാരണയിലെത്തി. രാത്രി തന്നെ ഇരുവരും ബംഗലൂരുവിൽ എത്തി. ഇരു പാർട്ടികളും ചേർന്നാൽ കേവല ഭൂരിപക്ഷം കടക്കുമെങ്കിൽ കോൺഗ്രസ് ജെഡിഎസിന് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകും. വോട്ടെണ്ണൽ ദിവസം സൂചനകൾ വ്യക്തമായതോടെ സോണിയാ ഗാന്ധി തന്നെ ദേവെഗൗഡയ ഫോണിൽ വിളിച്ച് തീരുമാനം അന്തിമമാക്കി. കോൺഗ്രസ് കൂടി സർക്കാരിൽ പങ്കാളിയാവണം എന്ന ആവശ്യം ദേവെഗൗഡ മുന്നോട്ടു വച്ചെങ്കിലും തൽക്കാലം അത് വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.

പിന്നാലെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുളള കോൺഗ്രസ് പ്രഖ്യാപനം വന്നു. പിന്തുണ സ്വീകരിച്ചതായി അറിയിച്ച് കുമാരസ്വാമി ഗവർണർക്ക് കത്ത് നൽകി. കേവല ഭൂരിപക്ഷമായ 112 കടന്ന് 116 സീറ്റുകൾ ഇരുവർക്കും ഉണ്ടെന്ന് പൂർണ ബോധ്യം വന്നിട്ടും ഗവർണർ തനി രാഷ്​ട്രീയ നാടകം കളിച്ചെന്നത് വേറെ കാര്യം.

കാലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സീതാറാം

ബിജെപി സർക്കാർ രൂപീകരണം തടയുക എന്ന കാലത്തിന്റെ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് അവസരോചിതമായി പ്രവർത്തിക്കാൻ കഴിഞ്ഞ സീതാറാം യെച്ചൂരിക്ക് അഭിവാദ്യങ്ങൾ. ഐക്യ മുന്നണി സർക്കാരും ഒന്നാം യുപിഎ സർക്കാരും സാധ്യമാക്കിതിന് പിന്നിൽ സാക്ഷാൽ ഹർകിഷൻ സിംഗ് സുർജിതിന്റെ ചാണക്യ ബുദ്ധിയുണ്ട്. 2004ൽ കേവലം 145 എംപിമാർ മാത്രം ഉണ്ടായിരുന്ന കോൺഗ്രസിനെ ഭരണത്തിൽ എത്തിച്ചത് സുർജിതിന്റെ രാഷ്​ട്രീയ തന്ത്രജ്ഞതയാണ്. നമ്പർ 10 ജനപഥിൽ പോയി സോണിയാ ഗാന്ധിയെ കണ്ട് മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, എം കരുണാനിധി തുടങ്ങിയ നേതാക്കളെ ഫോണിൽ വിളിച്ച് പിന്തുണ സോണിയാ ഗാന്ധിക്ക് ഉറപ്പ് നൽകുകയായിരുന്നു.

അന്നെല്ലാം സുർജിന് ഒപ്പം ഉണ്ടായിരുന്ന നേതാവാണ് സീതാറാം. ഇന്ത്യയിൽ ബിജെപിയുടെ തേരോട്ടം തടയാൻ കഴിഞ്ഞവരിൽ അന്നും ഇന്നും ഒന്നാം നമ്പരുകാരൻ സുർജിതാണ്.

എം പിമാരുടെ എണ്ണം കൊണ്ടല്ല സിപിഎം ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിച്ചത്. സമയോചിതമായ അനിവാര്യ രാഷ്ട്രീയ ഇടപെടലുകൾ വഴിയായിരുന്നു. ഇന്ന് വല്ലാതെ മെലിഞ്ഞു പോയെങ്കിലും ദേശീയ രാഷ്ട്രീയത്തിലെ ഈ ഇടപെടൽ ശേഷി സിപിഎം കാത്തു സൂക്ഷിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് മോദിയെയും അമിത്ഷായെയും നിഷ്പ്രഭമാക്കിയ സീതാറാമിന്റെ നീക്കം.

ചെറിയ വലിയ സന്തോഷങ്ങൾ

ഭൂരിപക്ഷം പേർക്കും ഇതിലെന്തിത്ര വലിയ കാര്യം എന്നു തോന്നാം. എന്നാൽ ചില അതീവ രഹസ്യ അന്തർനാടകങ്ങൾ പുറം ലോകത്തെ ആദ്യമായി അറിയിക്കുമ്പോൾ അത് ചെയ്യുന്ന മാധ്യമ പ്രവർത്തകന് ഉണ്ടാകുന്ന അഭിമാനവും സന്തോഷവും വളരെ വലുതാണ്.

ഇത്തരം ചില സന്ദർഭങ്ങൾ റിപ്പോർട്ടർക്ക് നൽകുന്ന ആത്മസുഖമാണ് വാർത്താ റിപ്പോർട്ടിംഗിലെ ഏറ്റവും ആവേശകരമായ ഒരു വശം. വോട്ടെണ്ണൽ ദിവസം വൈകിട്ടാണ് ഇതു സംബന്ധിച്ച സൂചന ലഭിക്കുന്നത്. എന്നാൽ എട്ട് മണിയോടെ വാർത്തയ്​ക്ക് സ്ഥിരീകരണം ലഭിച്ചു. എട്ട് മണിക്ക് ന്യൂസ് 18 കേരളം ഈ വാർത്ത ബ്രേക്ക് ചെയ്തു. അപർണ അവതരിപ്പിച്ച എട്ട് മണി വാർത്തയുടെ പതിവ് ശൈലി മുറിച്ച് ഈ വാർത്ത ലൈവായി നൽകി. രാഷ്ട്രീയം അറിയുന്നവർ അത്ഭുതത്തോടെ കണ്ട കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കത്തിന് പിന്നിലെ രാസസൂത്രം പുറത്തു വിട്ടത് ഏറെ അഭിമാനത്തോടെയാണ്.

എന്നാൽ അടുത്ത ദിവസത്തെ പ്രധാന മലയാള പത്രങ്ങളിൽ ഒന്നും ഈ വാർത്ത ഉണ്ടായിരുന്നില്ല. എന്നാൽ ഹഫിങ്ടൺ പോസ്റ്റിൽ ഈ വാർത്ത കൂടുതൽ വിശദാംശങ്ങളോടെ വന്നു. ഹഫിങ്ടൺ പോസ്റ്റ് എഡിറ്റർ ഇൻ ചീഫ് അമൻ സേഥിയാണ് കോൺഗ്രസിലെയും സി പി എമ്മിലെയും ടോപ് സോഴ്സുകളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. Karnataka Election: How Deve Gowda Learnt To Stop Worrying And Trust The Congress (Again)

ഹഫിങ്ടൺ പോസ്റ്റ് പുറത്തു കൊണ്ടുവന്ന ഈ വാർത്ത ലൈവ്മിന്റിലെ നിതീഷ് ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു.

ഇതിനു മുമ്പ് ന്യൂസ് 18 വാർത്ത റിപ്പോർട്ട് ചെയ്ത വിവരം ന്യൂസ് 18 കേരളം എഡിറ്റർ രാജീവ് ദേവരാജ് നിതീഷിനെ അറിയിച്ചതിനെ തുടർന്ന് രാജീവിന്റെ ടീമിന് അഭിനന്ദനം അറിയിച്ച് നിതീഷ് പോസ്റ്റ് തിരുത്തി.

ഹഫിങ്ടൺ പോസ്റ്റിന്റെ വാർത്തയും ന്യൂസ് 18 വാർത്തയും അടക്കമുളള ലിങ്കുകൾ ആദ്യ കമന്റിൽ.

https://t.co/tWXtvEu3ZX

https://www.facebook.com/News18Kerala/videos/1997299606961103/?t=0

https://malayalam.news18.com/news/india/yechuri-the-mastermind-behind-congress-jds-alliance-in-
karnataka-16247.html

Comments are closed.