News in its shortest

സൂപ്പര്‍ ഓവറില്‍ സൂപ്പറായി ഇന്ത്യ; ന്യൂസിലാന്റിന് തോല്‍വി

സൂപ്പര്‍ ഓവറിലെ കഷ്ടകാലം ന്യൂസിലന്റിനെ വിടാതെ പിന്തുടര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം ടി20 മത്സരത്തില്‍ വിജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്ക്.

ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മികച്ച ഇന്നിങ്‌സുമായി പൊരുതിയെങ്കിലും മത്സരം വിജയിക്കാനായില്ല. മത്സരം സമനിലയില്‍ ആയതിനെ തുടര്‍ന്നാണ് വിജയികളെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വന്നത്.

സൂപ്പര്‍ ഓവറിലും വില്ല്യംസണ്‍ തകര്‍ത്തടിച്ചു. നാല് പന്തില്‍ 12 റണ്‍സ് അദ്ദേഹം നേടി. ഈ ഓവറില്‍ 18 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലുമാണ് ഇന്ത്യയ്ക്കുവേണ്ടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. രോഹിത് അവസാന രണ്ട് ഓവറുകളും സിക്‌സറിന് പറത്തിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

നേരത്തേ ടോസ് ലഭിച്ച കിവീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. രോഹിതും രാഹുലും ചേര്‍ന്ന് 89 റണ്‍സ് എടുത്തു. എങ്കിലും ഓപ്പണര്‍മാരും ശിവം ധുബെയും കൃത്യമായ ഇടവേളകളില്‍ പവലിയനില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യ പതറി.

വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് 46 റണ്‍സ് എടുത്തു. 179 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചത്.

കിവി ക്യാപ്റ്റന്‍ വില്ല്യംസണ്‍ എട്ട് ബൗണ്ടറികളുടേയും നാല് സിക്‌സുകളുടേയും അകമ്പടിയോടെ 48 പന്തില്‍ 95 റണ്‍സെടുത്തു. ജയിക്കാന്‍ അവസാന ഓവറില്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് വേണ്ട നിലയില്‍ എത്തിയപ്പോള്‍ അദ്ദേഹം പുറത്തായി. മുഹമ്മദ് ഷമിയായിരുന്നു ബൗളര്‍. ഷമിയുടെ മികച്ച പ്രകടനാണ് കളിയെ സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്.

Comments are closed.