News in its shortest

വരുന്നത് മോദി സര്‍ക്കാരിന് എതിരായ സമര നാളുകള്‍: പ്രകാശ് കാരാട്ട്‌

ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് കേരളത്തില്‍ സിപിഐഎമ്മിനെ തളര്‍ത്തുമെന്ന് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വര്‍ഗ സമരത്തിലൂടെയാണ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നതെന്നും ആ സമരത്തിന്റെ മറുപുറത്ത് കോണ്‍ഗ്രസ് ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബൂര്‍ഷ്വാകളുടേയും ഭൂവുടമകളുടേയും പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവരുമായി വിട്ടുവീഴ്ചയിലെത്തുന്നതും രാഷ്ട്രീയമായി സഖ്യമുണ്ടാക്കുന്നതും പാര്‍ട്ടിയെ തളര്‍ത്തും. സിപിഐഎമ്മിനേയും ഇടതുപക്ഷത്തേയും തളര്‍ത്തുകയെന്നാല്‍ ബിജെപിക്ക് എതിരായ പോരാട്ടത്തെ തളര്‍ത്തുകയാണ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

നിയോ ലിബറല്‍ നയങ്ങള്‍ ശക്തമായി നടപ്പിലാക്കുന്ന മോദി സര്‍ക്കാരിന് എതിരെ വര്‍ഗ, ബഹുജന സമരം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അത്തരമൊരു സമരങ്ങളുടെ വേലിയേറ്റമാണ് വരുംനാളുകളില്‍ ഉണ്ടാകുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വലിയ കാര്‍ഷിക സമരങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയായിട്ടില്ല. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ കാര്‍ഷിക സമരങ്ങള്‍ നടക്കുകയാണ്.

നിയോലിബറല്‍ പോളിസികളും ഹിന്ദുത്വയും അടിച്ചേല്‍പ്പിക്കണമെങ്കില്‍ ഏകാധിപത്യം വേണം. ഇവ രണ്ടും ഏകാധിപത്യത്തെ വളര്‍ത്തുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകാശ് കാരാട്ടുമായുള്ള അഭിമുഖം വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.