News in its shortest

സോഫ്റ്റ് പോണ്‍ വാര്‍ത്തകള്‍ കൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്ന മലയാള മാധ്യമങ്ങള്‍

അശോക് കര്‍ത്ത

മലയാളത്തിൽ പി.ചന്ദ്രകുമാർ എന്നൊരു സംവിധായകനുണ്ടായിരുന്നു. ഛായാഗ്രഹണത്തിലാണ് പ്രാഗത്ഭ്യം. 1988ൽ അദ്ദേഹം ഒരു ഹിറ്റ് ചിത്രം പുറത്തിറക്കി. ആദ്യപാപം. കെ.പി.കുമാരൻ്റെ 1979 മൂവി ആദിപാപവുമായി മാറിപ്പോകരുത്.

അഭിലാഷ എന്ന ടാബ്ലോയിഡ് നടിയെ മലയാളത്തിനു സംഭാവന ചെയ്ത ചിത്രമായിരുന്നു ആദ്യപാപം. നായകൻ വിമൽരാജ്.

7.5 ലക്ഷം മുടക്കി 2.5 കോടി നേടിയ ചിത്രമാണ് ആദ്യപാപം. എൺപതുകളിലെ കോടിയുടെ മൂല്യം ഓർക്കണം. ആർ.ബി.ചൗധരി എന്ന മാർവാഡിയായിരുന്നു നിർമ്മാതാവ്. ഗുഡ് നൈറ്റ് മോഹനുമായി ചേർന്നു സൂപ്പർ ഗുഡ് ഫിലിംസിലായിരുന്നു തുടക്കം. പിന്നെ വഴിപിരിഞ്ഞു. ലയനത്തിൻ്റെ നിർമ്മാതാവും ടി ചൗധരിയാണ്.

സിനിമയുടെ വിജയത്തിനു കാരണം അതിലെ സോഫ്റ്റ് ന്യൂഡിറ്റിയായിരുന്നു. പോൺ എന്നു ബ്രാൻഡ് ചെയ്യപ്പെടാതിരിക്കാൻ ‘ബൈബിൾ കഥ’ എന്നു പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ആദത്തിനും ഹവ്വയ്ക്കും എവിടെ തുണി, എന്തിനു തുണി എന്നു പിന്നെ ആരെങ്കിലും ചോദിക്കുമോ? (പക്ഷെ ആദം ക്ലീൻ ഷേവ് ചെയ്തത് ശരിയായില്ല)

അറുപതുകളിൽ കുഞ്ചാക്കോയുടെ കുസൃതികൾ കൊണ്ടും എഴുപതുകളിൽ ഭരതൻ – പത്മരാജൻ ടീമിൻ്റെ കാവ്യാത്മക എരിവു കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നിരുന്ന മലയാളം പ്രേക്ഷകർക്ക് ഒരു ചെയിഞ്ചായിരുന്നു ആദ്യപാപം. പി. ചന്ദ്രകുമാർ ഭംഗിയായി തുറന്നു കാട്ടി.

ആവറേജ് കുടുംബകഥകൾ എടുത്ത് ജീവിച്ചു പോവുകയായിരുന്നു ചന്ദ്രകുമാറും മലയാളം ഫിലിം ഇൻഡസ്ട്രിയും. അടൂർ തുടങ്ങി വച്ച ആർട്ട് സിനിമ എന്ന വ്യാജലേബലിൽ വളർന്ന ദുർഗ്രഹവള്ളി ചുറ്റിപ്പിടിച്ച് ഇൻസസ്ട്രിയെ വീർപ്പുമുട്ടിക്കുന്ന കാലത്താണ് ആദ്യപാപം ഇറക്കേണ്ടി വന്നത്. നിർമ്മാതാവോ സംവിധായകനോ അവകാശവാദങ്ങളൊന്നും ഉന്നയിച്ചില്ല. സിനിമ വലിയ ഇൻഡസ്ട്രിയാണ്. ആയിരങ്ങൾക്ക് ജീവിക്കണം. അത്തരം സിനിമകളുടെ വക്താക്കൾ സിനിമാ പ്രസിദ്ധീകരണങ്ങളിലൂടെ തുറന്നു പറഞ്ഞു. എന്നിട്ടും, സാംസ്കാരിക ച്യുതി സംഭവിക്കുമെന്നു പറഞ്ഞ് ഇലനക്കി പട്ടികളുടെ കിറിനക്കിപ്പട്ടികളായി ചില ആക്റ്റിവിസ്റ്റുകൾ രംഗത്ത് വന്നിരുന്നു.

ഇന്നത്തെ മാദ്ധ്യമങ്ങളുടെ ഗതികേട് കാണുമ്പോൾ ഓർത്തു പോയതാണ് പി.ചന്ദ്രകുമാറിനേയും ആദ്യപാപവും. സി.പി.രാമചന്ദ്രനേയോ, ടി.ജെ.എസ്.ജോർജിനേയോ, ചുമ്മാറിനേയോ, എം.ഡി.നാലപ്പാടിനേയോ അറിയാതെ പോലും സ്മരിക്കാൻ പറ്റാത്ത ചുറ്റുപാടിലാണ് കേരള മാദ്ധ്യമരംഗം. സോഫ്റ്റ് പോൺ കൊണ്ട് മാത്രം പിടിച്ചു നിൽക്കേണ്ടി വരുന്ന പരിതാപവസ്ഥയിൽ അവരെയൊക്കെ ഓർത്താൽ ഞെട്ടി മരിച്ചു പോകും.

ആർ.ബി. ചൗധരി പടം പിടിക്കുമ്പോൾ അതിനു ഫൈനാൻസ് വരുന്ന വഴിക്കൊരു സോഴ്സും കണക്കുമുണ്ട്. അതു കൊണ്ട് അവർക്ക് ഇത്ര മുടക്കി ഇത്ര കിട്ടി എന്നു തുറന്നു പറയാം. ഒളിപ്പണം വാങ്ങി മാദ്ധ്യമ ബിസിനസ് നടത്തുന്നവർക്ക് അത് പറയാൻ പറ്റില്ല. അപ്പോൾ പാവാടച്ചരട് കാണിച്ച് ശ്രദ്ധ മാറ്റിവിടേണ്ടി വരും. ഓരോ പോൺ വാർത്തകൾക്കു പിന്നിലും പണത്തിൻ്റെ ഉറവിടം തേടിപ്പോയാൽ മാദ്ധ്യമങ്ങൾ പുറത്തു വിടുന്ന വാർത്തകളേക്കാൾ ഹരമുണ്ടാകും. വാർത്തകൾക്കു പിന്നിലെ വാർത്തകളാണ് യഥാർത്ഥ വാർത്ത!

സോഫ്റ്റ് പോണ്‍ വാര്‍ത്തകള്‍ കൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്ന മലയാള മാധ്യമങ്ങള്‍
kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode