News in its shortest

കുതിരാനിൽ പവർഗ്രിഡ് ഭൂഗർഭ കേബിൾ സ്ഥാപിക്കൽ: വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടും

കുതിരാനിൽ പവർഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്ന പ്രവർത്തികളുടെ ഭാഗമായി ദേശീയപാതയിൽ ചരക്ക് ലോറികൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന രീതിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് തൃശൂര്‍ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

കേബിൾ സ്ഥാപിക്കൽ പ്രവർത്തികളുമായി ബന്ധപ്പെട്ട് ഒരു മാസത്തേക്കാണ് ഈ ക്രമീകരണമെന്ന് ചേമ്പറിൽ നടന്ന യോഗത്തിൽ കളക്ടർ വ്യക്തമാക്കി. നിലവിൽ ടാറിങ്ങ് നടന്നുകഴിഞ്ഞ ഭാഗങ്ങൾ പൊളിച്ചുകൊണ്ട് കുഴിയെടുക്കാൻ ഒരു രീതിയിലും അനുവദിക്കില്ല.
ശരാശരി 47000 ത്തോളം വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്. ശബരിമല തീർത്ഥാടന സീസൺ അടുത്തതിനാൽ ഈ വഴിയുള്ള വാഹന ഗതാഗതം ഇനിയും വർദ്ധിക്കും.

ഈ സാഹചര്യത്തിൽ കേബിൾ സ്ഥാപിക്കൽ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാത്ത രീതിയിൽ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുന്നതിന് പാലക്കാട്, ഏറണാകുളം ജില്ലാ കളക്ടർമാരെ ഉൾപ്പെടുത്തി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിക്കുമെന്നും കളക്ടർ യോഗത്തിൽ പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Comments are closed.