News in its shortest

കൂളിമാട് പാലം: ബീം ചരിഞ്ഞത് നിർമ്മാണത്തകരാറല്ലെന്ന് ഊരാളുങ്കല്‍

കോഴിക്കോട്‌: നിർമ്മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം ചരിയാൻ ഇടയായത് അത് ഉയർത്തിനിർത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അറിയിച്ചു.

നിർമ്മാണത്തകരാറൊ അശ്രദ്ധയൊ അല്ല, മറിച്ച് നിർമ്മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാർ മാത്രമാണ് സംഭവിച്ചത്. മുൻകൂട്ടി വാർത്ത ബീമുകൾ തുണുകളിൽ ഉറപ്പിക്കുന്നത് തൂണിനു മുകളിൽ ഉറപ്പിക്കുന്ന ബെയറിങ്ങിനു മുകളിലാണ്.

അതിനായി ബീം 45 സെന്റീമീറ്റർ ഉയർത്തിനിർത്തും. എന്നിട്ട് അതിനടിയിൽ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്റ്റ്രെസ്സിങ്ങും ചെയ്യും. അതിനുശേഷം ബീം മെല്ലെ താഴ്ത്തി അതിനു മുകളിൽ ഉറപ്പിക്കും. ഇതാണു രീതി. രണ്ട് ജാക്കികൾ ഉപയോഗിച്ചാണ് ഒരു ബീം ഉയർത്തി നിർത്തുന്നത്. ഇവ പ്രവർത്തിപ്പിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും.

ഇപ്രകാരം ഉയർത്തിനിർത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിർത്തിയിരുന്ന രണ്ടു ജാക്കികളിൽ ഒന്ന് പ്രവർത്തിക്കാതാകുകയായിരുന്നു. അതോടെ ആ ബീം മറുവശത്തേക്കു ചരിഞ്ഞു. ഒരു സ്പാനിനെ (സ്ലാബിനെ) താങ്ങിനിർത്താൻ മൂന്നു ബീമുകളാണു വേണ്ടത്. അതിൽ ഒരു അരികിലെ ബീമാണു ചാഞ്ഞത്.

അതു നടുവിലെ ബീമിൽ മുട്ടി. നടുവിലെ ബീം ചരിഞ്ഞ് മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണു മറിഞ്ഞത്. നിർമ്മാണമെല്ലാം തികഞ്ഞ ഗുണമേന്മയോടെതന്നെയാണു നടന്നുവരുന്നത്. ഇത് നിർമ്മാണത്തകരാറല്ല, നിർമ്മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനു പെട്ടെന്നുണ്ടായ തകരാർ മാത്രമാണ്. പ്രവർത്തിച്ചുകൊണ്ടിരുന്ന ജാക്കി പൊടുന്നനെ പ്രവർത്തിക്കാതായതാണ്.

മാനുഷികമോ നിർമ്മാണപരമോ ആയ എന്തെങ്കിലും പിഴവ് ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും.

കൂളിമാട് പാലം: ബീം ചരിഞ്ഞത് നിർമ്മാണത്തകരാറല്ലെന്ന് ഊരാളുങ്കല്‍

80%
Awesome
  • Design