News in its shortest

ആ അനാഥശവത്തിൻ്റെ ഉടമയായ സ്ത്രീയുടെ പേര് – രാജകുമാരി

Advt: Buy Laptops and Computers Click Here

ശ്രീചിത്രന്‍ എം ജെ

എന്തും കാണാനായി സ്വയം സജ്ജമാകണം എന്നെത്ര പറഞ്ഞാലും ഇങ്ങനെ ചിലത് കാണുമ്പോൾ ഹൃദയം നുറുങ്ങിപ്പോകുന്നു. ഉത്തർപ്രദേശിൽ സ്വന്തം ഭാര്യയുടെ മൃതശരീരവും സൈക്കിളിൽ ചുമന്ന് ആരുമില്ലാതെ അലയുന്ന ഈ വൃദ്ധൻ സൈക്കിളിൽ നിന്ന വീണ തൻ്റെ ഭാര്യയുടെ ജീവനറ്റ ദേഹത്തിനരികിൽ കുത്തിയിരിക്കുന്ന ഈ കാഴ്ച്ച ഇന്നത്തെ ഭാരതത്തിൻ്റെ മുഴുവൻ നരകവും കാണിച്ചുതരുന്നു. ഈ രാജ്യം ഒരു ശവപ്പറമ്പായി മാറുകയാണ്.

രാജ്യം ഭരിക്കാനായി ജനങ്ങൾ ഏൽപ്പിച്ചവർക്ക് ഇതിൽ ഒരു കുലുക്കവുമില്ല. കുലുങ്ങേണ്ട കാര്യം അവർക്കില്ല, കാരണം ഇത്തരം മനുഷ്യരുടെ സുരക്ഷയെക്കുറിച്ച് ഒരു കർത്തവ്യബോധവും വോട്ട് വാങ്ങുമ്പൊഴും അവർ പ്രകടിപ്പിച്ചിട്ടില്ല. ഈ വൃദ്ധൻ ചവിട്ടി നിൽക്കുന്ന, ആ പാവം സ്ത്രീയുടെ ശരീരം അനാഥമായി കിടക്കുന്ന ഉത്തർപ്രദേശിൽ ഇന്ത്യക്കാർക്കാകെ അനിവാര്യമായ ക്ഷേത്രം പണിയാം എന്നായിരുന്നു അവരുടെ വാഗ്ദാനം.

എല്ലാറ്റിലും പ്രധാനം ആ ക്ഷേത്രമാണെന്ന് മനുഷ്യരെ വിശ്വസിപ്പിക്കാനും പറ്റിക്കാനും അവർക്ക് സാധിച്ചു. ക്ഷേത്രത്തിൻ്റെ ശിലാന്യാസവും നടത്തി. പക്ഷേ ക്ഷേത്രത്തിൽ കയറേണ്ട മനുഷ്യർ ഇനി ബാക്കിയുണ്ടാവുമോ എന്ന് കണ്ടറിയണം. അതവരുടെ പ്രശ്നമല്ല. പ്രശ്നമാവുകയുമില്ല.ഇതാ, ഇപ്പോഴീ രാജ്യത്തിൻ്റെ ഇങ്ങേയറ്റത്ത്, നമ്മുടെ കൊച്ചു സംസ്ഥാനത്തിൽ മന്ത്രിസഭ തീരുമാനിക്കുന്നു – നമ്മൾ ഒരു കോടി വാക്സിൻ വാങ്ങും.

ഇവിടെയിത് തീരുമാനിച്ചേ പറ്റൂ. കാരണം ഇവിടെ നമ്മൾ അധികാരം നൽകിയത് ക്ഷേത്രം പണിയാനല്ല. അത്തരമൊന്നും പറഞ്ഞല്ല ജനങ്ങൾക്കു മുന്നിൽ അവർ വോട്ടഭ്യർത്ഥിച്ച് വന്നു നിന്നതും. ആകാശം ഇടിഞ്ഞു വീഴുന്നു എന്നു പറഞ്ഞാൽ എന്തെങ്കിലും താങ്ങ് കൊടുത്തു നിർത്താൻ പറ്റുമോ എന്നാലോചിക്കാനാവുന്ന മുഖ്യമന്ത്രിയെ നാം തെരഞ്ഞെടുത്തത് ഇത്തരം ഇച്ഛാശക്തിയാർന്ന തീരുമാനങ്ങൾക്കു വേണ്ടിയാണ്. അതദ്ദേഹം ഭംഗിയായി നിറവേറ്റുന്നു.

ആ അനാഥശവത്തിൻ്റെ ഉടമയായ സ്ത്രീയുടെ പേര് – രാജകുമാരി!

(ഫേസ്ബുക്കില്‍ കുറിച്ചത്)

Advt: Buy Headset at lower price click here

80%
Awesome
  • Design

Comments are closed.