News in its shortest

മുഖ്യമന്ത്രിക്കെതിരെ ഉരുളി എറിയുന്നവരുള്ളപ്പോള്‍ സുരക്ഷ വർധിപ്പിക്കുന്നതിൽ തെറ്റില്ല

മുഖ്യമന്ത്രിക്കെതിരെ ഉരുളി എറിയാൻവരെ മടിക്കാത്തവരുള്ളപ്പോൾ സുരക്ഷ വർധിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. സമരക്കാരെ പേടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും അടച്ചുപൂട്ടി വീട്ടിലിരിക്കണമെന്നും പറയാനാകില്ല. പക്ഷേ, ചിലപ്പോഴെങ്കിലും പോലീസിന്റെ പെരുമാറ്റം അതിരുകടക്കുന്നില്ലേ എന്നു സംശയംതോന്നാറുണ്ട്. അത്തരത്തിലൊരു എടുത്തുചാട്ടമാണ് ശ്രീ. അജിത് കുമാറിന് വിനയായതെന്നുവേണം കരുതാൻ. അതേപോലെയുള്ള എടുത്തുചാട്ടം താഴേത്തട്ടിലുമുണ്ടാകുന്നുണ്ട്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളെല്ലാം കൊട്ടിയടച്ച് സുരക്ഷയൊരുക്കുമ്പോൾ സ്വാഭാവികമായും ജനങ്ങൾ എതിരാകും. അപ്രതീക്ഷിതമാണെങ്കിൽ പ്രത്യേകിച്ചും.

മുഖ്യമന്ത്രി വീട്ടിൽ നിന്ന് ഓഫീസിലേക്കെത്തുന്ന തിരുവനന്തപുരത്തെ വഴികളിൽ ഇതൊരു പതിവാണ്. ആ സമയത്ത് ജംഗ്ഷനുകളിൽ നെട്ടോട്ടമോടുന്ന പോലീസുകാരെകാണാം. അതൊന്നും പക്ഷേ, മുഖ്യമന്ത്രി പറഞ്ഞിട്ടാകണമെന്നില്ലല്ലോ. മാത്രമല്ല, ഇവിടെ ആളുകൾക്ക് അതൊരു ശീലമായിട്ടുമുണ്ട്. പക്ഷേ, മറ്റു സ്ഥലങ്ങളിൽ അതല്ല സ്ഥിതി. ബലാൽസംഗികളെ പൂട്ടാൻ ആണുങ്ങളാരും റോഡിലിറങ്ങി നടക്കരുതെന്ന് പറയുന്നതുപോലെയാണത്. കോട്ടയത്ത് ഇന്ന് സകല വഴികളും പോലീസ് അടച്ചിട്ടുവെന്നാണ് കേട്ടത്.

എത്ര സമയത്തേക്കായിരുന്നുവെന്നറിയില്ല. അത്തരം സാഹചര്യങ്ങളിൽ കുറഞ്ഞപക്ഷം ഇരുചക്ര വാഹനങ്ങൾക്കെങ്കിലും കടന്നുപോകാൻ വേറേ വഴികളൊരുക്കണം. പത്തോ പതിനഞ്ചോ മിനിട്ടു നേരത്തേക്കാണെങ്കിൽ അക്കാര്യം വാഹനത്തിലെത്തുന്നരെ പറഞ്ഞുബോധ്യപ്പെടുത്താനെങ്കിലും പോലീസിനു സാധിക്കണം. ഗതാഗത നിയന്ത്രണത്തിന്റെ കാര്യത്തിൽ പോലീസിന് കൃത്യമായ പരിശീലനവും ബോധവൽക്കരണവും അത്യാവശ്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിപ്പോ ഉമ്മൻചാണ്ടി ഭരിച്ചിരുന്നപ്പോഴും സ്ഥിതി ഇങ്ങനൊക്കെത്തന്നെയായിരുന്നു.

ആരെങ്കിലും കറുത്തകൊടി വീശിയെന്നു കരുതി ഇവിടെ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ലെന്നിരിക്കെ, കറുത്ത മാസ്‌കൊക്കെ അഴിപ്പിച്ചുവാങ്ങിയിട്ടുണ്ടെങ്കിൽ, വെറുതേ ആളുകളെക്കൊണ്ട് പറയിപ്പിക്കാമെന്നല്ലാതെ എന്തെങ്കിലും പ്രയോജനം അതുകൊണ്ടുണ്ടാകുമോ എന്നു സംശയമാണ്. കരിങ്കൊടി കാണിച്ചാൽ ലഭിക്കുന്ന കവറേജിനേക്കാൾ വലുതാകും അതിനുലഭിക്കുന്ന കവറേജ്. മുഖ്യമന്ത്രി കടന്നുപോകുന്നിടത്ത് അതിക്രമം ഉണ്ടാകാതിരിക്കാൻ വഴികളെല്ലാം അടച്ചുപൂട്ടിയും മാസ്‌ക് ഊരി വാങ്ങിയുമൊന്നുമല്ല സുരക്ഷ ഒരുക്കേണ്ടത്.

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode
മുഖ്യമന്ത്രിക്കെതിരെ ഉരുളി എറിയുന്നവരുള്ളപ്പോള്‍ സുരക്ഷ വർധിപ്പിക്കുന്നതിൽ തെറ്റില്ല