News in its shortest

സാമൂഹിക മതില്‍ക്കെട്ടുകള്‍ പൊളിച്ചെഴുതണം: പാവെല്‍ സൊക്കോടാക്ക്

നിലനില്‍ക്കുന്ന വര്‍ഗ, ലൈംഗിക, സാമൂഹിക മതില്‍ക്കെട്ടുകള്‍ പൊളിച്ചെഴുതിയാല്‍ മാത്രമേ സാമൂഹിക സമത്വമുണ്ടാവുകയുള്ളൂ എന്ന് ‘ബാഡ് സിറ്റി’യുടെ സംവിധായകന്‍ പാവെല്‍ സൊക്കോടാക്ക്. അന്താരാഷ്ട്ര നാടകോത്സവിലെ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാവെല്‍.

വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി പോളണ്ടില്‍ സാമൂഹിക രംഗത്തുണ്ടായ മാറ്റങ്ങളുടെ ചരിത്രമാണ് ബാഡ് സിറ്റി നാടകം ആവിഷ്‌കരിച്ചിരിക്കുന്നത്. അധികാര വര്‍ഗം മുതലാളിമാരെ കൂട്ടുപിടിച്ച് നടത്തുന്ന ചൂഷണവും അതിനെതിരെ അടിസ്ഥാന വര്‍ഗങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളുമാണ് നാടകത്തിന്റെ പ്രമേയം. 20-ാം നൂറ്റാണ്ടിലെ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നുളള പാഠമുള്‍ക്കൊണ്ടാണ് നാടകത്തിന്റെ പുതിയ കാലത്തെ ആവിഷ്‌ക്കാരം. തൊഴിലാളികളുടെ പോരാട്ടവും മുതലാളിത്ത ചൂഷണവുമെല്ലാം ഇന്നത്തെക്കാലത്തും പ്രസക്തമാണ്. പോളണ്ടില്‍ 1988 ല്‍ തുടക്കം കുറിച്ച പ്രസ്ഥാനമാണ് തിയറ്റര്‍ ബ്യൂറോ പോഡ്രോസി. പുതിയ ആവിഷ്‌ക്കാര രീതികളിലേക്ക് എത്താനായിരുന്നു സംരംഭത്തിന്റെ ലക്ഷ്യം. വ്യാവസായിക ലോകത്ത് പ്രശ്‌നങ്ങളില്ലെന്ന പൊതു ധാരണ തെറ്റാണെന്നും തൊഴിലാളികള്‍ ഇന്നും നിരന്തരം ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്ന് പാവെല്‍ സൊക്കോടാക്ക് പറഞ്ഞു.

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമായി കാണുന്ന രാജ്യത്ത് രണ്ട് പുരുഷന്‍മാരുടെ പ്രണയത്തിലൂടെയാണ് ക്യൂന്‍ സൈസ് നാടകം കാണികള്‍ക്ക് മുന്നിലെത്തുന്നത്. ന്യത്തത്തിന്റെ പിന്‍ബലത്തിലാണ് ക്യൂന്‍ സൈസിന്റെ വികാസം. നിഷിത് ശരണിന്റെ വൈ മൈ ബെഡ്‌റൂം ഹാബിറ്റ് ആര്‍ യുവര്‍ കണ്‍സേണ്‍ എന്ന ലേഖനമാണ് ഈ നാടകത്തിന്റെ പ്രചോദനം. നമ്മുടെ സമൂഹം ഇന്നും സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കുവാന്‍ ശ്രമിച്ചിട്ടില്ല. അതിന് നിയമത്തിന്റെയും മതത്തിന്റെയും സമൂഹത്തിന്റെയും മതില്‍ക്കെട്ട് തകര്‍ക്കുവാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ മന്‍ദീപ് റായ്ഖി പറഞ്ഞു.

മനുഷ്യനനുഭവിക്കുന്ന എകാന്തതയുടെ തലങ്ങള്‍ ആവിഷ്‌കരിക്കുകയായിരുന്നു ഏകാന്തം എന്ന നാടകം. കേരളത്തില്‍ നിന്ന് ജോലി തേടി അറബ് രാജ്യങ്ങളിലെത്തിയ മലയാളികളുടെ കദന കഥകള്‍ തന്റെ തിരക്കഥക്ക് ആധാരമായിട്ടുണ്ടെന്ന് തിരക്കഥക്കൃത്തായ ഉണ്ണിക്യഷ്ണന്‍ പറഞ്ഞു. ഏകാന്തമെന്ന നാടകം ആന്റണ്‍ ചൊക്കോവിന്റെ ദ ബെറ്റ് എന്ന ചെറുകഥയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. പരിപാടിയില്‍ ബാഡ് സിറ്റിയിലെയും ക്യൂന്‍ സൈസിലെയും ഏകാന്തത്തിലെയും അണിയറ പ്രവര്‍ത്തകരും നടീനടന്‍മാരും പങ്കെടുത്തു.

Comments are closed.