News in its shortest

എംടി കഥ എഴുതിയിട്ട് രണ്ട് പതിറ്റാണ്ട്, എന്താകും കാരണം?

എന്‍ ബി സുരേഷ്‌

മൗനമേ, നിറയും മൗനമേ -എംടിയുടെ മൗനത്തിൻ്റെ രണ്ട് പതിറ്റാണ്ട്. എം.ടി.കഥയെഴുതിയിട്ട് 22 വർഷമാകുന്നു. നോവലെഴുതിയിട്ട് 19 വർഷവും. മാതൃഭൂമിയിൽനിന്ന് പടിയിറങ്ങുന്നതിന് മുമ്പാണ് 98-ൽ ടി.വി കൊച്ചുബാവ നടത്തിയിരുന്ന ഗൾഫ് വോയ്സ് എന്ന മാസികയിൽ എം.ടി. കാഴ്ച എന്ന കഥയെഴുതുന്നത്. പിന്നീട് കഥകളൊന്നും കണ്ടില്ല. കാഴ്ച ഏതെങ്കിലും സമാഹാരത്തിൽ പെട്ടോ.?

മലയാളം വാരികയുടെ തുടക്കത്തിലാണ് എം.ടി. വാരാണസി എന്ന നോവൽ എഴുതുന്നത്. ആ നോവലിലെ സുധാകരൻ എന്ന കഥാപാത്രത്തിൻ്റ മനസ്സും ദർശനവും അലച്ചിലുമൊക്കെ അപ്പുണ്ണി, സേതു, ഉണ്ണി, ഭീമൻ ( ഭീമൻ നായർ എന്ന് വി കെ എൻ ) തുടങ്ങി തൻ്റെ തന്നെ മനുഷ്യരുടെ കലർപ്പായി തോന്നി. എന്തുകൊണ്ടാവും എം.ടി. മൗനത്തിൽ പോയത്? പ്രതിഭ വറ്റിയതു കൊണ്ടാണോ? ഏയ്. അറുപത്തഞ്ച് വയസ്സൊക്കെ ഒരു വയസ്സാണോ? എത്രയോ ആളുകൾ എഴുതുന്നു. പക്ഷേ പലരും വസ്തുനിഷ്ഠത കൂടിയ ലേഖനങ്ങളിലേക്ക് തിരിയുന്നു. എം.ടിയുമതേ.

അപ്പോ വൈകാരികതയും സർഗ്ഗാത്മകതയും ചേർന്നു നിൽക്കുന്നുണ്ടോ? അതിൻ്റെ കുറവാണോ പ്രശ്നം? അദ്ദേഹം ഒടുവിലെഴുതിയ സിനിമകളിലും എവിടെയോ ‘പഞ്ചി’ൻ്റെ പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന് മികച്ച കഥകൾ എഴുതാൻ പിന്നീടും കഴിയുമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാ ഞാൻ. അപ്പോ പത്രാധിപരായിരുന്നപ്പോഴാണ് അദ്ദേഹത്തിൻ്റെ എഴുത്തും സജീവമായത്. അവിടെ നിന്നും പോയി തുഞ്ചൻ പറമ്പടക്കമുള്ള ബാദ്ധ്യതകൾ തലയിലേറ്റി ‘ബഹുകാര്യവിസ്തൃതനായി’ എഴുത്തു മുഷിഞ്ഞതാണോ? പണ്ടും അദ്ദേഹം ഒരേ സമയത്ത് പല കാര്യങ്ങളിൽ കൈവച്ചിരുന്നല്ലോ! അതാണോ പ്രശ്നം? അദ്ദേഹം ഉൾവലിഞ്ഞത് എഴുത്തിനെ ബാധിച്ചിരിക്കുമോ?

എം ടി യെക്കുറിച്ച് മാത്രമല്ല എഴുത്തിൽ, കലയിൽ പൊതുവെ വരുന്ന പിന്മാറലും പ്രതിഭാ വിശേഷവും അന്വേഷണ വിഷയമാക്കാവുന്നതാണ്? ബഷീറും അദ്ദേഹത്തിൻ്റെ അവസാന പതിറ്റാണ്ടുകൾ സംഭാഷണങ്ങളിൽ മാത്രമായിരുന്നല്ലോ.

(ആകെ ഒരിക്കലാണ് എം.ടിയെ കാണാൻ കഴിഞ്ഞത്.അത് അന്ന് കോഴിക്കോട് വച്ച് സുഭാഷ് ചന്ദ്രന് അങ്കണം സാംസ്കാരിക വേദിയുടെ പുരസ്കാരം നൽകാൻ അദ്ദേഹമെത്തിയപ്പോഴാണ്. ദിനേശ് ബീഡിയൊക്കെ വലിച്ച് ഗൗരവത്തിൽ തൂണും ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ആളോട് മിണ്ടാൻ തോന്നിയില്ല. അതിനു മുമ്പ് പുസ്തകങ്ങൾ വായിച്ച് കൊട്ടാരം റോഡിലെ സിതാരയിലേക്ക് കത്തെഴുതിയ ചെറുപ്പക്കാരന് മറുപടി അയക്കാത്തതിൻ്റെ പിണക്കവുമുണ്ടെന്ന് കൂട്ടിക്കോ.

(എം.ടിയോടൊപ്പം ജോലി നോക്കാനുള്ള അവസരം നഷ്ടമായത് വലിയ നഷ്ടമായി കരുതുന്നു. ഗൃഹലക്ഷ്മിയിൽ ചേരുന്നതിന് തൊട്ടുമുമ്പത്തെ മാസത്തിൽ എം.ടി.പീരിയോഡിക്കൽസിൻ്റെ പത്രാധിപ സ്ഥാനത്തുനിന്ന് സ്വയമൊഴിഞ്ഞ് പടിയിറങ്ങിയിരുന്നു) ഒടുവിൽ എം.ടിയെ കണ്ടത് കഴിഞ്ഞ ഫെബ്രുവരി പത്തിനാണ്. അക്കിത്തത്തിന് ജ്ഞാനപീഠം കിട്ടിയപ്പോൾ കുമരനെല്ലൂർ സ്കൂളിൽ അക്കിത്തം അച്യുതം എന്ന ഗംഭീര പ്രോഗ്രാം നടന്നു. ഒരേ കാലയളവിൽ ആ സ്കൂളിൽ പഠിച്ച രണ്ടാൾക്ക് ജ്ഞാനപീഠം കിട്ടുന്നത്. ചരിത്ര സംഭവമാണല്ലോ. ആദരിക്കൽ ഉത്ഘാടനം ചെയ്യാൻ എം.ടിയെത്തി.

ആളും ആരവവും കാരണം അടുത്തേക്ക് പോയില്ല. വേദിയിൽ എം.ടി പഴയ ഓർമ്മകൾ ഓർത്തെടുക്കുന്നത് കണ്ടും കേട്ടും നിന്നു. ഇപ്പോൾ എൻ്റെതും കൂടിയായ സ്കൂളിലെത്തിയിട്ടും മിണ്ടാൻ പറ്റിയില്ല. അദ്ദേഹത്തിൻ്റെ അവശത വേദനയുണ്ടാക്കുന്നുണ്ട്. പക്ഷേ മുഴങ്ങുന്ന ആ ശബ്ദത്തിന്, ഓർമ്മകൾക്ക് ഇടിവില്ല. ഞാനിപ്പോൾ അദ്ദേഹത്തിൻ്റെ നാടിന് തൊട്ടടുത്താണ്. മദ്ധ്യവേനലവധി കഴിഞ്ഞു പോകുമ്പോൾ ആദ്യം കൂടല്ലൂരിൽ പോകണം.

മാടത്ത് തെക്കേപ്പാട്ട് മുറ്റത്ത് പോകണം. നിളയിൽ കൂട്ടക്കടവിൽ ചെന്ന് പറ്റിയാൽ ഒന്ന് നീന്തി കുളിക്കണം. എങ്കിലും ആലോചിക്കുകയാണ്, എം.ടിയുടെ മൗനത്തിൻ്റെ കാരണമെന്താവാം?

(എന്‍ ബി സുരേഷ് ഫേസ് ബുക്കില്‍ കുറിച്ചത്)

Comments are closed.