News in its shortest

ഐ ലീഗ്: ഗോകുലം- ചര്‍ച്ചില്‍ മത്സരത്തിലെ ടിക്കറ്റ് വരുമാനം ധനരാജന്റെ കുടുംബത്തിന്‌

അകാലത്തില്‍ പൊലിഞ്ഞ് പോയ ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ഗോകുലം കേരള എഫ് സി. ഐ ലീഗില്‍ ഗോകുലവും ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മിലെ മത്സരത്തില്‍ ലഭിക്കുന്ന എല്ലാ വരുമാനവും അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കുമെന്ന് ടീം അധികൃതര്‍ അറിയിച്ചു.

റിപ്പബ്ലിക്ക് ദിനമായ ജനുവരി 26-ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. സാധാരണ ടിക്കറ്റ് നിരക്ക് 50 രൂപയും വി ഐ പി ടിക്കറ്റ് നിരക്ക് 100 രൂപയുമാണ്.

മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മൊഹമ്മദിയന്‍ തുടങ്ങിയ പ്രമുഖ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ധനരാജന്‍ കഴിഞ്ഞ മാസം മലപ്പുറത്ത് ഒരു സെവന്‍സ് മത്സരത്തിനിടെയിലാണ് മരിച്ചത്.

ചര്‍ച്ചില്‍ ബ്രദേഴ്‌സുമായുള്ള മത്സരത്തില്‍ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ അച്ചടിക്കേണ്ടതില്ലെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ധനരാജന്റെ കുടുംബത്തിന് പരമാവധി തുക ധനസഹായമായി ശേഖരിക്കുന്നതിന് വേണ്ടിയാണിത്.

മത്സരം കാണുന്നതിനായി ധനരാജന്റെ കുടുംബത്തെ ക്ഷണിച്ചിട്ടുണ്ടെന്ന് ഗോകുലം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. കുടുംബത്തെ സഹായിക്കുന്നതിനോടൊപ്പം ധനരാജിനോടുള്ള ആദരവ് പ്രകടിപ്പിക്കുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഫുട്‌ബോള്‍ രംഗത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ഗോപാലന്‍ പറഞ്ഞു. ഒരു ഫുട്‌ബോള്‍ ക്ലബ് എന്ന നിലയില്‍ ആ കുടുംബത്തെ സഹായിക്കേണ്ടത് ഉത്തരവാദിത്വമായി കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനരാജന്റെ മരണശേഷം കോഴിക്കോട് നടന്ന ഐലീഗ് മത്സരത്തില്‍ ഗോകുലം ടീം ഒരു മിനിട്ട് മൗനം ആചരിക്കുകയും കറുത്ത റിബണ്‍ ധരിക്കുകയും ചെയ്തിരുന്നു.

Comments are closed.