News in its shortest

ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സിന്റെ അഞ്ച് പ്രത്യേകതകള്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പിച്ചുകള്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്നും ബാലികേറാമലയാണ്. എങ്കിലും എല്ലാ ബാറ്റ്‌സ്മാന്‍മാരും പേസ് ബൗളിങ്ങിന് മുന്നില്‍ മുട്ടു കുത്തുമ്പോള്‍ വിവിഎസ് ലക്ഷ്മണിനെയോ രാഹുല്‍ ദ്രാവിഡിനെയോ പോലെ ഒരു ബാറ്റ്‌സ്മാന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങിനെ പ്രതിരോധിച്ചു നില്‍ക്കുന്നത് ഓരോ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ആരാധകര്‍ക്ക് കാണാന്‍ സാധിക്കും.

ഇത്തവണ തുടര്‍ച്ചയായ വിജയങ്ങളുടെ ആരവങ്ങളിലേറി ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീം ആദ്യദിനം ആദ്യ മണിക്കൂറുകളില്‍ എതിരാളികളെ വിറപ്പിച്ചുവെങ്കിലും പിന്നീടൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഇന്ത്യ 76 റണ്‍സിന് അഞ്ചുവിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ ആരാധകര്‍ തലയില്‍ കൈവച്ചു. ധവാനും കോഹ്ലിയും പൂജാരയും എല്ലാം ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. എങ്കിലും ഒരു പ്രതീക്ഷ ഏവരും സൂക്ഷിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ആ പ്രതീക്ഷ. അദ്ദേഹമത് കെടുത്തിയുമില്ല.

ദക്ഷിണാഫ്രിക്കന്‍ കരുത്തിനെ ആക്രമണാത്മക ക്രിക്കറ്റിലൂടെ നേരിട്ട 24-കാരനായ പാണ്ഡ്യ 95 പന്തില്‍ നിന്നും 93 റണ്‍സ് എടുത്ത് പുറത്തായി. അര്‍ഹിച്ച സെഞ്ച്വറിയായിരുന്നു അദ്ദേഹത്തിന് നഷ്ടമായത്.

പാണ്ഡ്യയുടെ ഇന്നിങ്‌സിന് അഞ്ച് പ്രത്യേകതകളുണ്ടായിരുന്നു. അവയിതാണ്. ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യാക്കാരന്‍ നേടുന്ന രണ്ടാമത്തെ അതിവേഗ അര്‍ദ്ധി സെഞ്ച്വറി, ഭുവനേശ്വര്‍ കുമാറുമൊത്ത് 99 റണ്‍സ് കൂട്ടുകെട്ട്, 7 മുതല്‍ 11 വരെയുള്ള സ്ഥാനങ്ങളിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേടിയിട്ടുള്ള റണ്‍സില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍, ഇന്ത്യയുടെ മികച്ച എട്ടാം വിക്കറ്റ് കൂട്ടുക്കെട്ട് ഈ ഇന്നിങ്‌സില്‍ പിറന്നു, 14 ബൗണ്ടറികളും ഒരു സിക്‌സും ഇന്നിങ്‌സിന്റെ ചന്തം കൂട്ടുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിക്വിന്റ്.കോം

Comments are closed.